അമേത്തി, റായ്ബറേലി സീറ്റുകളുടെ കാര്യത്തിൽ കോൺഗ്രസിൽ ഇന്ന് തീരുമാനമുണ്ടായേക്കും
text_fieldsന്യൂഡൽഹി: അമേത്തി, റായ്ബറേലി സീറ്റുകളുടെ കാര്യത്തിൽ കോൺഗ്രസിൽ ഇന്ന് തീരുമാനമുണ്ടായേക്കും. കോൺഗ്രസിന്റെ സെന്റട്രൽ ഇലക്ഷൻ കമിറ്റി ഇന്ന് യോഗം ചേരുന്നുണ്ട്. ഈ യോഗത്തിൽ സീറ്റുകളിൽ ആര് സ്ഥാനാർഥിയാവണമെന്നത് സംബന്ധിച്ച് ചർച്ചയുണ്ടാകുമെന്നാണ് സൂചന.
യു.പി കോൺഗ്രസിലെ നേതാക്കൾ ഇന്ന് നടക്കുന്ന യോഗത്തിൽ പങ്കെടുക്കും. യു.പിയുടെ ചുമതലയുള്ള എ.ഐ.സി.സി അംഗം അവിനാഷ് പാണ്ഡയേയും യോഗത്തിന് വിളിച്ചിട്ടുണ്ട്. അമേത്തിയിലും റായ്ബറേലിയിലും ഗാന്ധി കുടുംബം തന്നെ മത്സരിക്കണമെന്ന നിർദേശം യു.പി കോൺഗ്രസ് സെന്റട്രൽ ഇലക്ഷൻ കമിറ്റിക്ക് മുമ്പാകെ വെച്ചിരുന്നു. അതേസമയം, ഇക്കാര്യത്തിൽ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അന്തിമ തീരുമാനമെടുക്കുമെന്നാണ് സൂചന.
രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രണ്ട് മണ്ഡലങ്ങളിലും സ്ഥാനാർഥിയായാൽ കോൺഗ്രസിന് നല്ല സാധ്യതയുണ്ടെന്ന് സംസ്ഥാന നേതൃത്വം വിലയിരുത്തിയിരുന്നു. നേരത്തെ 2019ലെ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ ബി.ജെ.പി നേതാവ് സ്മൃതി ഇറാനി അമേത്തിയിൽ തോൽപിച്ചിരുന്നു. ഇക്കുറിയും സ്മൃതി ഇറാനിയെ തന്നെയാണ് ബി.ജെ.പി മണ്ഡലത്തിൽ കളത്തിലിറക്കിയിരിക്കുന്നത്.
പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വദ്ര അമേത്തി സീറ്റിൽ മത്സരിക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു. രാജ്യം മുഴുവൻ താൻ സജീവരാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ താൽപര്യപ്പെടുന്നുവെന്ന് റോബർട്ട് വദ്ര പറഞ്ഞിരുന്നു. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ സ്മൃതി ഇറാനി പരാജയപ്പെട്ടുവെന്നും വദ്ര വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

