രാഹുലിനെ തോൽപിക്കുന്ന കോൺഗ്രസ് നേതാക്കൾ
text_fieldsഅഞ്ജും ഖാതൂനും ശബാനയും ‘മാധ്യമ’ത്തോട് സംസാരിക്കുന്നു
മത്സ്യത്തൊഴിലാളികൾക്കൊപ്പം കുളത്തിലിറങ്ങിയും പാർട്ടിയെ ഒരുവിധം കര കയറ്റാൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പരിശ്രമിക്കുമ്പോൾ അദ്ദേഹത്തെ തോൽപിക്കുകയാണ് സ്വാർഥത മാത്രം കൈമുതലാക്കിയ ചില കോൺഗ്രസ് നേതാക്കൾ. ബേഗുസാരായിയിലെ കുളത്തിൽ രാഹുൽ ഗാന്ധി ഇറങ്ങിയ നേരത്ത് പട്നയിൽ കോൺഗ്രസ് ആസ്ഥാനമായ സദാഖത്ത് ആശ്രമത്തിലുള്ള പ്രമുഖ കോൺഗ്രസ് നേതാവും ഫോണിൽ വിളിച്ച വനിതാ പ്രവർത്തകരും തമ്മിൽ വലിയ തർക്കം നടക്കുകയാണ്. ഇനി അധിക ദിവസങ്ങളില്ലെന്നും പ്രചാരണത്തിനിറങ്ങണമെന്നും പറഞ്ഞ് വിളിക്കുന്ന കോൺഗ്രസ് നേതാവിനോട് വേതനം നൽകാതെ വഞ്ചിച്ചവർ പറയുന്നതുകേട്ട് ഇനി ഇറങ്ങില്ലെന്ന് തീർത്തു പറയുകയാണ് ഫുൽവാരി നിയമസഭാ മണ്ഡലത്തിലെ വനിതാ സന്നദ്ധ പ്രവർത്തകരായ അഞ്ജും ഖാതൂനും ശബാനയും.
ഭരണഘടന സംരക്ഷിക്കാനുള്ള രാഹുൽ ഗാന്ധിയുടെ ആഹ്വാനത്തിന്റെ ചുവടുപിടിച്ച് ‘സ്ത്രീയെ ശാക്തീകരിക്കുക, രാഷ്ട്രീയത്തെ പരിവർത്തിപ്പിക്കുക’ എന്ന പേരിൽ ആറുമാസം മണ്ണിലിറങ്ങി അത്യധ്വാനം ചെയ്ത തങ്ങളെ കേവലം ഒരു മാസത്തെ വേതനം മാത്രം നൽകി വഞ്ചിച്ച നേതാക്കളെ ഇനിയെങ്ങനെ വിശ്വസിക്കുമെന്നാണവർ ചോദിക്കുന്നത്. കഴിഞ്ഞ 10 വർഷമായി സന്നദ്ധ സംഘടനയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുമ്പോഴാണ് കോൺഗ്രസിന്റെ ഭരണഘടനാ സംരക്ഷണ കാമ്പയിനുവേണ്ടി ഇവരെ വിളിക്കുന്നത്. പാർശ്വവത്കൃത വിഭാഗങ്ങളിലും ചേരികളിലുമുള്ള സ്ത്രീകളെ സംഘടിപ്പിക്കുന്നതിനുള്ള ബിഹാർ നാരീശക്തി കാമ്പയിനിനായി ഫീൽഡ് വർക്കർമാരായി മേയ് ഒന്നിനാണ് ഇരുവരും ഫോറം പൂരിപ്പിച്ച് നൽകിയത്. മേയ് രണ്ടിന് തന്നെ പാർട്ടി ആസ്ഥാനത്ത് യോഗത്തിന് വിളിച്ചു. എന്തൊക്കെ ചെയ്യണമെന്ന് നിർദേശം നൽകിയ ശേഷം വനിതകളെ വിളിച്ചുകൂട്ടാൻ ആവശ്യപ്പെട്ടു. വളന്റിയർമാരാകാൻ തയാറുള്ള 10 സ്ത്രീകളെയെങ്കിലും ഓരോ യോഗത്തിലും വിളിച്ചുചേർക്കണമെന്നായിരുന്നു നിർദേശം. പ്രതിമാസം 10,000 രൂപ വേതനമായി നൽകുമെന്നും ഉറപ്പുനൽകി. മേയ് 10നുള്ളിൽ ഇരുവരും ചേർന്ന് മൂന്നിടങ്ങളിലായി സ്ത്രീകളെ ഒരുമിച്ചുകൂട്ടി. ഓരോ സ്ഥലത്തും 50-60 വനിതകൾ കോൺഗ്രസിന്റെ കാമ്പയിനിന്റെ ഭാഗമാകാനെത്തി.
ആദ്യ മാസത്തെ വേതനമായി 10,000 രൂപ അക്കൗണ്ടിലിട്ടത് പാസ്ബുക്കിൽ കാണിച്ചുതന്ന അഞ്ജും ഖാതൂൻ അതിനുശേഷം ഒരു രൂപ പോലും നൽകിയില്ലെന്ന് പറഞ്ഞു. തങ്ങൾക്ക് കിട്ടാനുള്ള അര ലക്ഷം രൂപക്കായി മുട്ടാവുന്ന വാതിലുകളിലെല്ലാം മുട്ടിയെന്നും എന്നാൽ, അപമാനിച്ചയക്കുകയായിരുന്നുവെന്നും ഇരുവരും തുടർന്നു. രാഹുലും പ്രിയങ്കയും ഇതൊന്നുമറിയില്ലല്ലോ എന്നുപറയുന്ന ശബാന ഇതൊന്ന് അവരെ അറിയിക്കാൻ വല്ല വഴിയുമുണ്ടോ എന്നും ചോദിച്ചു.
ഇതിനിടെ, കോടികൾ വാങ്ങി അനർഹർക്ക് സീറ്റുകൾ വിറ്റതുമായി ബന്ധപ്പെട്ടാണ് വോട്ടർമാർക്കിടയിൽ പ്രചരിക്കുന്ന കഥകൾ. സ്ഥാനാർഥിയാക്കാമെന്ന് പറഞ്ഞ് രാഹുലിന്റെ വോട്ടർ അധികാർ യാത്രക്കായി ഓരോ നിയമസഭാ മണ്ഡലത്തിലും പ്രാദേശിക നേതാക്കളെ കൊണ്ട് പണിയെടുപ്പിച്ച് അവർക്ക് മുകളിലൂടെ എവിടെ നിന്നൊക്കെയോ നേതാക്കളെ നൂലിൽ കെട്ടിയിറക്കിയ കഥകൾ. സീറ്റ് വിറ്റെന്നാരോപിച്ച് എയർപോർട്ടിൽ അടിക്കാനെത്തിയവരുടെ കൈയിൽ നിന്ന് ബിഹാറിന്റെ ചുമതലയുണ്ടായിരുന്ന കൃഷ്ണ അല്ലാവുരു ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.
പ്രചാരണത്തിനുള്ള വിലപ്പെട്ട ദിവസങ്ങൾ പോലും നഷ്ടപ്പെടുത്തി പത്രിക പിൻവലിക്കുന്നതിന്റെ അവസാന നാൾ വരെ ആർ.ജെ.ഡിയോട് തർക്കിച്ച് സീറ്റുകൾ വാങ്ങിയത് ജയസാധ്യത പോലുമില്ലാത്തവർക്ക് വിൽക്കാനായിരുന്നോ എന്ന് വോട്ടർമാർ പരസ്യമായി ചോദിച്ചു തുടങ്ങിയിട്ടുണ്ട്. തർക്കിച്ചുവാങ്ങിയ 60 സീറ്റുകളിൽ മൂന്നിലൊന്നെങ്കിലും നിലനിർത്താൻ പാടുപെടുകയാണിപ്പോൾ കോൺഗ്രസ്. ഇതെല്ലാം അവഗണിച്ച് ഭരണത്തിനെതിരെ ജനം ആഞ്ഞുകുത്തിയില്ലെങ്കിൽ ബിഹാറിൽ കഴിഞ്ഞ തവണ കിട്ടിയ 19 സീറ്റ് പോലും കോൺഗ്രസിന് നിലനിർത്താനാവില്ല. ഭരണവിരുദ്ധ വികാരത്തിൽ ബിഹാറിൽ എൻ.ഡി.എ തോൽവി മണത്തിരുന്ന ഒരു ഘട്ടത്തിൽനിന്നാണ് സീറ്റുകൾക്കായി പാർട്ടിയിലും സഖ്യത്തിലും തമ്മിലടിച്ച് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ മോശമായ നിലയിലേക്ക് കോൺഗ്രസ് കാര്യങ്ങൾ എത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

