അയോധ്യ ദർശനം നടത്തി കോൺഗ്രസ് സംഘം
text_fieldsന്യൂഡൽഹി: മകരസംക്രാന്തി ദിനത്തിൽ സരയൂ നദിയിൽ മുങ്ങിക്കുളിച്ച് ഹനുമാൻഗഡിയിലും പ്രാണപ്രതിഷ്ഠ നടക്കാനിരിക്കുന്ന രാമക്ഷേത്രത്തിലുമെത്തി പ്രാർഥിച്ച് യു.പിയിലെ കോൺഗ്രസ് നേതൃസംഘം. രാമക്ഷേത്രത്തിന്റെ പ്രധാന കവാടത്തിനരികിൽ കോൺഗ്രസിന്റെ മൂവർണക്കൊടി ചിലർ പിടിച്ചുപറിച്ച് എറിഞ്ഞത് വാക്കേറ്റത്തിലും പൊലീസ് ഇടപെടലിലും കലാശിച്ചു.
കേന്ദ്രനേതാക്കൾ ക്ഷണം നിരസിക്കുന്നതിനു മുമ്പേ സംസ്ഥാന നേതാക്കൾ മകരസംക്രാന്തി ദിനത്തിൽ അയോധ്യയിൽ പോകുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതനുസരിച്ചാണ് തിങ്കളാഴ്ച സംസ്ഥാന നേതൃസംഘം എത്തിയത്. വിശ്വാസം വ്യക്തിപരമായ വിഷയമാണെന്ന വിശദീകരണത്തോടെ, അയോധ്യയിൽ ആർക്കും എപ്പോഴും പോകാമെന്നും പ്രാണപ്രതിഷ്ഠ രാഷ്ട്രീയ പരിപാടിയാക്കി ബി.ജെ.പി മാറ്റുന്നതിലാണ് എതിർപ്പെന്നും കോൺഗ്രസ് വ്യക്തമാക്കിയിരുന്നു.
യു.പി സംഘത്തിന്റെ യാത്ര പാർട്ടി വിലക്കിയില്ല. യു.പിയുടെ ചുമതല വഹിക്കുന്ന എ.ഐ.സി.സി ഭാരവാഹികൾ അയോധ്യ യാത്രയിൽ പങ്കെടുക്കുകയും ചെയ്തു. യു.പിയുടെ പാർട്ടി ചുമതല വഹിക്കുന്ന അവിനാശ് പാണ്ഡെ, ദീപേന്ദർ സിങ് ഹൂഡ, ധീരജ് ഗുർജർ, നിയമസഭ കക്ഷി നേതാവ് ആരാധന മിശ്ര എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
രാമവിഗ്രഹം മൈസൂരുവിൽനിന്ന്
അയോധ്യ: അയോധ്യ രാമക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തുക മൈസൂരുവിലെ അരുൺ യോഗിരാജ് കൊത്തിയ ബാലരാമ വിഗ്രഹം. 70 വർഷമായി അയോധ്യയിലുള്ള വിഗ്രഹവും ശ്രീകോവിലിനോട് ചേർന്ന് സൂക്ഷിക്കും. കല്ലിൽ കൊത്തിയ വിഗ്രഹം 150-200 കിലോ തൂക്കമുള്ളതാണ്. വാരാണസിയിലെ ഗണേശ്വർ ശാസ്ത്രി ദ്രാവിഡാണ് ജനുവരി 22നുള്ള ചടങ്ങിന് മുഹൂർത്തം കുറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

