വേറിട്ട വാർത്താസമ്മേളനവുമായി കോൺഗ്രസ്; സിലിണ്ടർ സ്റ്റൂളാക്കി നേതാക്കൾ
text_fieldsന്യൂഡൽഹി: വിയോജിപ്പുള്ള വിഷയങ്ങളിൽ വാർത്താസമ്മേളനം വിളിച്ചാണ് തങ്ങളുടെ നിലപാടുകൾ രാഷ്ട്രീയകക്ഷികളടക്കം വ്യക്തമാക്കുന്നത്. എന്നാൽ, വ്യാഴാഴ്ച ഡൽഹിയിൽ നടന്ന ഒരു വാർത്തസമ്മേളനം വേറിട്ടുനിന്നത് അതിലെ പ്രസ്താവനകൾ വഴിയായിരുന്നില്ല. പങ്കെടുത്തവർ എന്തെങ്കിലും പറയുംമുമ്പുതന്നെ വാർത്തസമ്മേളനം ശ്രദ്ധിക്കപ്പെട്ടത് അവരുടെ 'ഇരിപ്പിടം' വഴിയായിരുന്നു. പാചക വാതക വിലവർധനക്കെതിരെ കോൺഗ്രസ് ദേശീയ വക്താക്കളായ സുപ്രിയ ശ്രീനാഥെയും വിനീത് പുനിയയും നടത്തിയ വാർത്തസമ്മേളനങ്ങളിൽ അവർ ഇരിപ്പിടമാക്കിയത് ഗ്യാസ് സിലിണ്ടറുകളായിരുന്നു.
വ്യാഴാഴ്ച ഗാർഹിക പാചക വാതക സിലിണ്ടറുകൾക്ക് ഒറ്റയടിക്ക് കേന്ദ്രം 25 രൂപ വില വർധിപ്പിച്ചിരുന്നു. ഇതിനെതിരെയാണ് സുപ്രിയയും പുനിയയും വാർത്തസമ്മേളനം നടത്തിയത്. ഡീസലിനും പെട്രോളിനും പാചക വാതക സിലിണ്ടറുകൾക്കും കേന്ദ്രം അടിക്കടി വിലയുയർത്തുന്നതിനെ വിമർശിച്ച സുപ്രിയ, നരേന്ദ്ര മോദി സർക്കാറിനെതിരെ ആഞ്ഞടിച്ചു. സാധാരണക്കാന്‍റെ ദുരിതങ്ങളോട് പുറംതിരിഞ്ഞുനിൽക്കുന്ന മോദി സർക്കാർ, ഈ ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കാനാണ് തങ്ങൾ തെരഞ്ഞെടുക്കപ്പെട്ടതെന്നതുപോലും വിസ്മരിക്കുകയാണ്.
ഫെബ്രുവരിയിൽ മാത്രം പാചക വാതക സിലിണ്ടറുകളുടെ വില നൂറുരൂപ വർധിപ്പിച്ചു. ഡിസംബർ മുതൽ 200 രൂപയുടെ വർധനവാണ് ഉണ്ടായത്. ഡൽഹിയിൽ ഇപ്പോൾ സിലിണ്ടറുകൾക്ക് 794 രൂപയാണ് വില. ഈ വില ആർക്കാണ് താങ്ങാനാവുക? ഏറ്റവും നല്ലത് ഈ സിലിണ്ടറുകൾ സ്റ്റൂളായും മറ്റും ഉപയോഗിക്കുന്നതാണ് -സുപ്രിയ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.