മുഖ്യമന്ത്രിയിൽ കോൺഗ്രസും ആർ.ജെ.ഡിയും ഉടക്കുമോ? തേജസ്വി ആർ.ജെ.ഡിയുടെ മാത്രം മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന് കോൺഗ്രസ് നേതാവ്
text_fieldsന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് തീയതി കുറിച്ചതോടെ കോൺഗ്രസ്-രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) നേതൃത്വത്തിലുള്ള മഹാസഖ്യത്തിൽ മുഖ്യമന്ത്രി സ്ഥാനാർഥിയെ ചൊല്ലി ഭിന്നത. മഹാസഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥി താനാണെന്ന ആർ.ജെ.ഡി നേതാവ് തേജസ്വി യാദവിന്‍റെ പ്രസ്താവന തള്ളി കോൺഗ്രസ് രംഗത്തെത്തി.
സീറ്റ് വിഭജനത്തെ ചൊല്ലിയും ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സഖ്യത്തിലും മഹാസഖ്യത്തിലും കല്ലുകടി നിലനിൽക്കുന്നുണ്ട്. രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പിന് ഇനി 30 ദിവസം പോലുമില്ല. നവംബർ ആറ്, 11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. നവംബർ 14ന് ഫലം പ്രഖ്യാപിക്കും. തേജസ്വി അദ്ദേഹത്തിന്‍റെ പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി മാത്രമാണെന്നും ഇൻഡ്യ സഖ്യം ഇതുവരെ മുഖ്യമന്ത്രി സ്ഥാനാർഥിയെ തെരഞ്ഞെടുത്തിട്ടില്ലെന്നും സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാവ് ഉദിത് രാജ് പ്രതികരിച്ചു.
‘തേജസ്വി ആർ.ജെ.ഡിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയാകാം...പക്ഷേ ഇൻഡ്യ സഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥിയെ കൂട്ടായി തീരുമാനിക്കും’ -ഉദിത് രാജ് വാർത്ത ഏജൻസിയായ പി.ടി.ഐയോട് പ്രതികരിച്ചു. ഏതൊരു പ്രവർത്തകനും തന്‍റെ പാർട്ടി നേതാവിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടാനാകും. പക്ഷേ, ഇൻഡ്യ ബ്ലോക്കിന്‍റെ സ്ഥാനാർഥിയെ ഇതുവരെ തീരുമാനിച്ചിട്ടില്ല. കോൺഗ്രസ് ആസ്ഥാനത്ത് എന്തു തീരുമാനിക്കുമെന്ന് കാത്തിരുന്ന് കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തേജസ്വിയോ ആർ.ജെ.ഡി നേതൃത്വമോ ഉദിത്തിന്‍റെ വാക്കുകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം, ഇൻഡ്യ സംഖ്യത്തിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജനപിന്തുണയുള്ള നേതാവായി തേജസ്വി യാദവിനെയാണ് ഇൻഡ്യ സഖ്യത്തിലെ മറ്റു പാർട്ടികൾ കാണുന്നത്. നിലവിൽ സംസ്ഥാനം ഭരിക്കുന്ന ജെ.ഡി.യു നേതാവ് നിതീഷ് കുമാറിന് ശക്തമായ വെല്ലുവിളി ഉയർത്താൻ തേജസ്വിക്കെ കഴിയൂവെന്നാണ് ഭൂരിഭാഗത്തിന്‍റെയും വിലയിരുത്തൽ. ആർ.ജെ.ഡിയും കോൺഗ്രസുമാണ് ഇൻഡ്യസഖ്യത്തിലെ പ്രധാന പാർട്ടികൾ. എന്നാൽ, തേജസ്വിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടാൻ കോൺഗ്രസ് ഇതുവരെ തയാറായിട്ടില്ല.
ഇതുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽനിന്ന് രാഹുൽ ഗാന്ധിയും ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. അതേസമയം, മഹാസഖ്യത്തിൽ കൂടുതൽ സീറ്റുകളിൽ മത്സരിക്കാനുള്ള ആർ.ജെ.ഡി നീക്കമാണ് കോൺഗ്രസിനെയും മറ്റു ഇടതുപാർട്ടികളെയും ചൊടിപ്പിച്ചത്. എൻ.ഡി.എയിൽ എൽ.ജെ.പിയുടെ ചിരാഗ് പാസ്വാൻ കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടതാണ് എൻ.ഡി.എയിൽ ഭിന്നതക്ക് ഇടയാക്കിയത്. ബിഹാറിൽ 243 അംഗ നിയമസഭയിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 122 സീറ്റുകളാണ് കേവല ഭൂരിപക്ഷം തികക്കാൻ വേണ്ടത്. ബി.ജെ.പിയുടെ പിന്തുണയോടെ ജെ.ഡി.യു സഖ്യമാണ് ഇപ്പോൾ ബിഹാർ ഭരിക്കുന്നത്. അധികാരം നിലനിർത്തുകയാണ് എൻ.ഡി.എ സഖ്യത്തിന്റെ ലക്ഷ്യം. ഒമ്പതു തവണയാണ് നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രിയായത്.
നിതീഷ് കുമാറിൽ നിന്ന് അധികാരം തിരിച്ചുപിടിക്കുകയാണ് ഇൻഡ്യ സഖ്യത്തിന്റെ ലക്ഷ്യം. തീവ്ര വോട്ടർ പട്ടിക പരിഷ്‍കരണത്തിനുശേഷമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടർമാരെ കൂട്ടമായി ഒഴിവാക്കിയത് വിവാദങ്ങൾക്കിടയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

