പാർലമെന്റ് മൺസൂൺ സമ്മേളനത്തിന് മുന്നോടിയായി ഉന്നതതല യോഗം ചേർന്ന് കോൺഗ്രസ്
text_fieldsന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി ന്യൂഡൽഹിയിൽ കോൺഗ്രസിന്റെ മുതിർന്ന നേതാക്കളുടെ യോഗം. ജൂലൈ 20 മുതൽ ആരംഭിക്കുന്ന പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ സ്വീകരിക്കേണ്ട രാഷ്ട്രീയ-പാർലമെന്ററി തന്ത്രങ്ങൾ ചർച്ച ചെയ്യാനാണ് ഉന്നത നേതാക്കൾ ബുധനാഴ്ച യോഗം ചേർന്നത്.
കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയഗാന്ധിയുടെ ജൻപഥിലെ വസതിയിലായിരുന്നു യോഗം. യോഗത്തിൽ നീറ്റ് പരീക്ഷാ ക്രമക്കേട്, രാമക്ഷേത്ര സംഭാവന തട്ടിപ്പ്, എണ്ണവില വർധന, വിലക്കയറ്റം, തൊഴിലില്ലായ്മ, ബിഹാറിലെ വോട്ടർപട്ടിക പ്രത്യേക പുനഃപരിശോധന, വിദേശനയം തുടങ്ങിയ വിഷയങ്ങൾ പാർലമെന്റിൽ ഉയർത്തിക്കൊണ്ടുവരുന്നത് സംബന്ധിച്ച് ചർച്ച ചെയ്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, രാജ്യസഭയിലെ കോൺഗ്രസ് ചീഫ് വിപ്പ് ജയറാം രമേശ്, പി. ചിദംബരം, കെ. സുരേഷ്, നസീർ ഹുസൈൻ, മാണിക്കം ടാഗോർ, കുമാരി സെൽജ, താരിഖ് അൻവർ, ശശി തരൂർ, മനീഷ് തിവാരി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
മൺസൂൺ സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി ഇൻഡ്യ മുന്നണി നേതാക്കളും പ്രത്യേക യോഗം ചേരും. പാർലമെന്റിനകത്തും പുറത്തും പ്രതിപക്ഷത്തിന്റെ സംയുക്ത നിലപാട് ഏകോപിപ്പിക്കുന്നതും സർക്കാരിനെതിരെ പൊതുവായ തന്ത്രം രൂപവത്കരിക്കുന്നതുമാണ് യോഗത്തിന്റെ ലക്ഷ്യം. ആഗസ്റ്റ് 13 വരെയാണ് പാർലമെന്റിന്റെ വർഷകാല സമ്മേളനം.
അതേസമയം, ഈ മൺസൂൺ സമ്മേളനം രാഷ്ട്രീയപരമായി ഏറെ നിർണായകമായിരിക്കുമെന്നാണ് വിലയിരുത്തൽ. മൺസൂൺ സമ്മേളനത്തിൽ വനിതാ സംവരണ ബില്ലും മണ്ഡല പുനർനിർണയ ബില്ലും (ഡീലിമിറ്റേഷൻ ബിൽ) പാസാക്കുമെന്ന് കേന്ദ്ര മന്ത്രി രാംദാസ് അത്താവാലെ പ്രസ്താവിച്ചിരുന്നു. ഇരു ബില്ലുകളും പാസാക്കാൻ എൻ.ഡി.എക്ക് ഇപ്പോൾ ആവശ്യമായ സംഖ്യാബലമുണ്ടെന്നും മന്ത്രി അവകാശപ്പെട്ടിരുന്നു. കൂടാതെ തൃണമൂൽ കോൺഗ്രസ്, ശിവസേന (യു.ബി.ടി) തുടങ്ങിയ പാർട്ടികളിലെ പിളർപ്പിന് ശേഷവും രാമക്ഷേത്ര സംഭാവനാ തട്ടിപ്പ്, നീറ്റ് ചോദ്യപേപ്പർ ചോർച്ച തുടങ്ങിയ വിഷയങ്ങളും സജീവമായി നിൽക്കുന്ന സമയമായതിനാൽ സമ്മേളനം ഏറെ നിർണായകമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

