അയൽ രാജ്യത്തെ ശത്രുവായി കാണുന്നത് അവസാനിപ്പിക്കണം, ചൈന നമ്മുടെ ശത്രുവല്ലെന്ന് സാം പിത്രോദ; പരാമർശം ഏറ്റുപിടിച്ച് ബി.ജെ.പി
text_fieldsന്യൂഡൽഹി: കോൺഗ്രസിന് തലവേദനയായി മുതിർന്ന നേതാവ് സാം പിത്രോദയുടെ ചൈനയെ കുറിച്ചുള്ള പരാമർശം. ചൈന ഇന്ത്യയുടെ ശത്രുവല്ലെന്നായിരുന്നു ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാനായ പിത്രോദയുടെ പരാമർശം. അയൽ രാജ്യമായ ചൈനയെ ശത്രുവായി കാണുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോൺഗ്രസിന് അമിതമായ ചൈനീസ് അഭിനിവേശമാണെന്ന ബി.ജെ.പിയുടെ വിമർശനത്തിന് ശക്തിപകരുന്നതാണ് പിത്രോദയുടെ വാക്കുകൾ.
പിത്രോദയുടെ പരാമർശത്തിനെതിരെ ബി.ജെ.പി രംഗത്തുവന്നു. കോൺഗ്രസും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയും 2008ൽ തയാറാക്കിയ ധാരണാപത്രത്തിന്റെ ചുവടുപിടിച്ചാണു പിത്രോദയുടെ പ്രസ്താവനയെന്നു ബി.ജെ.പി വക്താവ് തുഹിൻ സിൻഹ ആരോപിച്ചു.
''ചൈനയിൽ നിന്നുള്ള ഭീഷണി എന്താണെന്ന് മനസിലാകുന്നില്ല. ഈ പ്രശ്നം യഥാർഥത്തിൽ ഒരു തെറ്റിദ്ധാരണയാണ്. ഏറ്റുമുട്ടുകയല്ല വേണ്ടത്. എല്ലാ രാജ്യങ്ങളും സഹകരിക്കേണ്ട സമയമാണിത്. തുടക്കത്തിൽ ഏറ്റുമുട്ടൽ സമീപനമായിരുന്നു നമ്മുടേത്. ഇതു ശത്രുക്കളെ സൃഷ്ടിച്ചു. നമ്മുടെ മനോഭാവം മാറ്റേണ്ട സമയമായി. ചൈനയെ ശത്രുവായി കാണുന്നത് അവസാനിപ്പിക്കണം.''-എന്നായിരുന്നു പിത്രോദയുടെ വാക്കുകൾ.
ചൈനയുടെ ഭീഷണി നേരിടാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കോ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോ സാധിക്കുമോ എന്ന വാർത്ത ഏജൻസിയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സാം പിത്രോദ.
ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിലുള്ളവർ ചൈനക്കാരെ പോലെയാണെന്നും തെക്കേ ഇന്ത്യയിലുള്ളവര്‍ ആഫ്രിക്കക്കാരെ പോലെയാണെന്നും മുമ്പ് പിത്രോദ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. പടിഞ്ഞാറുള്ളവർ അറബികളെ പോലെയും വടക്കുള്ളവർ യൂറോപ്പുകാരെപോലെ ആണെന്നും പിത്രോദ പറഞ്ഞിരുന്നു. പിന്നാലെ പദവി നഷ്ടമായ പിത്രോദയെ, ലോക്ഭാ തിരഞ്ഞെടുപ്പ് ഉള്‍പ്പെടെ കഴിഞ്ഞപ്പോഴാണ് ഇന്ത്യൻ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാനായി വീണ്ടും നിയമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

