അക്ഷയ് ബാമിനെ ബി.ജെ.പി ഭീഷണിപ്പെടുത്തിയെന്ന് കോൺഗ്രസ് നേതാവിന്റെ വെളിപ്പെടുത്തൽ
text_fieldsശിവപുരി: മധ്യപ്രദേശിലെ ഇന്ദോർ ലോക്സഭ മണ്ഡലം കോൺഗ്രസ് സ്ഥാനാർഥി അക്ഷയ് ബാം പത്രിക പിൻവലിച്ച് ബി.ജെ.പിയിൽ ചേർന്നത് സംഘ്പരിവാർ ഭീഷണിമൂലമെന്ന് വെളിപ്പെടുത്തൽ. ചൊവ്വാഴ്ച, ശിവ്പുരിയിൽ കോൺഗ്രസ് റാലിയിൽ സംസാരിക്കവെ, പാർട്ടി പ്രസിഡന്റ് ജിതു പത്വാരിയാണ് ഇക്കാര്യം പറഞ്ഞത്. പത്രിക പിൻവലിക്കുന്നതിനുള്ള അവസാന ദിവസമായ തിങ്കളാഴ്ചയായിരുന്നു ബാമിന്റെ അപ്രതീക്ഷിത നീക്കം. ഇതോടെ, ബി.ജെ.പിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന ഇന്ദോറിൽ കോൺഗ്രസിന് സ്ഥാനാർഥിതന്നെ ഇല്ലാതായി.
പത്രിക പിൻവലിക്കുന്നതിന്റെ മൂന്ന് നാൾ മുന്നെ, 2007ലെ ഒരു കേസുമായി ബന്ധപ്പെട്ട് ബാമിനെതിരെ വധശ്രമക്കുറ്റം കൂടി ചേർത്തതായി പത്വാരി പറഞ്ഞു. സംസ്ഥാന സർക്കാറിന്റെ അധികാരം ഉപയോഗിച്ച് ബാമിനെ സമ്മർദത്തിലാക്കുന്നതിനായിരുന്നു ഇത്. മറ്റു പലവഴികളിലും ബി.ജെ.പി നേതൃത്വം അദ്ദേഹത്തെ ഭീഷണിപ്പെടുത്തി. ഇതോടെ, അദ്ദേഹം സ്ഥാനാർഥിത്വം പിൻവലിക്കാനും ബി.ജെ.പിയിൽ ചേരാനും നിർബന്ധിതനായെന്നും പത്വാരി പറഞ്ഞു.
2007 ഒക്ടോബറിൽ രജിസ്റ്റർ ചെയ്ത കേസാണിത്. ഏപ്രിൽ അഞ്ചിന് കേസിലെ ഇരകളിലൊരാൾ വീണ്ടും കോടതിയെ സമീപിച്ച് കൂടുതൽ വകുപ്പുകൾ ചേർക്കണമെന്ന് ഹരജി നൽകി. ഹരജി ഫയലിൽ സ്വീകരിച്ച കോടതി മേയ് പത്തിന് ഹാജരാകാൻ ബാമിനും പിതാവിനും നോട്ടീസ് അയച്ചു. ഇതിൽനിന്നും എന്താണ് സംഭവിച്ചതെന്ന് വ്യക്തമാണെന്ന് പത്വാരി കൂട്ടിച്ചേർത്തു.
1989 മുതൽ ഇന്ദോർ ലോക്സഭ മണ്ഡലം ബി.ജെ.പിയുടെ കുത്തകയാണ്. 2014 വരെയും സുമിത്ര മഹാജനായിരുന്നു മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 2019ൽ, ശങ്കർ ലാൽവാനി അഞ്ചരലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പാർലമെന്റിലെത്തിയത്. ഇക്കുറിയും ബി.ജെ.പി സ്ഥാനാർഥി ലാൽവാനിതന്നെ. മണ്ഡലത്തിൽ ഉൾപ്പെടുന്ന എട്ട് നിയമസഭ മണ്ഡലങ്ങളും ബി.ജെ.പിയുടെ കൈയിലാണ്. അക്ഷയ് ബാമിന്റെ പിന്മാറ്റത്തോടെ, ലാൽവാനിയുടെ പ്രധാന എതിരാളി ബി.എസ്.പിയുടെ സഞ്ജയ് സോളങ്കിയായി. 98 മുതലുള്ള എല്ലാ തെരഞ്ഞെടുപ്പിലും ബി.എസ്.പി ഈ മണ്ഡലത്തിൽ മത്സരിക്കാറുണ്ട്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും അവർക്ക് അരശതമാനം വോട്ടുപോലും ലഭിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

