രാഹുൽ ഗാന്ധിക്ക് രണ്ടാം അംബേദ്കറാകാൻ കഴിയുമെന്ന് കോൺഗ്രസ് ദലിത് നേതാവ്; പരിഹാസവുമായി ബി.ജെ.പി
text_fieldsന്യൂഡൽഹി: രാഹുൽ ഗാന്ധിക്ക് ഒ.ബി.സി വിഭാഗങ്ങളുടെ രണ്ടാം അംബേദ്കറാകാൻ കഴിയുമെന്ന് കോൺഗ്രസ് നേതാവ് ഉദിത് രാജ്. എന്നാൽ ഇത്തരം പ്രസ്താവനയിലൂടെ കോൺഗ്രസ് നേതാവ് ബി.ആർ. അംബേദ്കറെയും ദലിത് സമുദായത്തെയും അപമാനിച്ചിരിക്കുകയാണെന്ന് ബി.ജെ.പി ആരോപിച്ചു. മുതിർന്ന ദലിത് നേതാവും ഡൽഹിയിൽ നിന്നുള്ള മുൻ എം.പിയുമാണ് ഉദിത് രാജ്. ശനിയാഴ്ച എക്സ് പോസ്റ്റ് വഴിയാണ് രാഹുൽ ഗാന്ധിയെ പിന്തുണക്കണമെന്ന് ഉദിത് രാജ് അഭ്യർഥിച്ചത്. പുരോഗമനത്തിലേക്കുള്ള അവസരങ്ങൾ ചരിത്രം വീണ്ടും വീണ്ടും നൽകില്ലെന്ന കാര്യം ഒ.ബി.സി വിഭാഗക്കാർ ഓർക്കണമെന്നും ഉദിത് രാജ് എക്സിൽ കുറിച്ചു.
ഡൽഹിയിലെ താൽക്കത്തോറ സ്റ്റേഡിയത്തിൽ വെച്ച് രാഹുൽ ഗാന്ധി പറഞ്ഞ കാര്യങ്ങൾക്ക് ഉറച്ച പിന്തുണ നൽകണമെന്നും അദ്ദേഹം ഒ.ബി.സി വിഭാഗങ്ങളോട് അഭ്യർഥിച്ചു.
''ഒ.ബി.സി വിഭാഗം പിന്തുണക്കുകയാണെങ്കിൽ അവരുടെ രണ്ടാം അംബേദ്കറാണെന്ന് തെളിയിക്കാൻ രാഹുൽ ഗാന്ധിക്ക് കഴിയും''-എന്നും ഉദിത് രാജ് കുറിച്ചു.
''കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യു.പി.എ സർക്കാർ അധികാരത്തിലിരുന്നപ്പോൾ ജാതി സെൻസസ് നടത്താതിരുന്നത് വലിയ തെറ്റായിരുന്നുരെന്നും അത് തിരുത്താൻ താൻ പ്രതിജ്ഞാബദ്ധനാണ് എന്നുമായിരുന്നു രാഹുൽ ഗാന്ധി പ്രഖ്യാപിച്ചത്.
2004 മുതൽ താൻ രാഷ്ട്രീയത്തിലുണ്ട്. തിരിഞ്ഞുനോക്കുമ്പോൾ, ഒ.ബി.സി വിഭാഗക്കാരെ വേണ്ട രീതിയിൽ സംരക്ഷിച്ചില്ല എന്ന തെറ്റ് ചെയ്തെന്ന് എനിക്ക് ബോധ്യമായി. ഇവരുടെ പ്രശ്നങ്ങൾ ആഴത്തിൽ മനസ്സിലാക്കാൻ കഴിയാത്തതുകൊണ്ടാണ് അതു സംഭവിച്ചത്. ഒ.ബി.സി ചരിത്രത്തെക്കുറിച്ചും, നേരിട്ട പ്രശ്നങ്ങളെക്കുറിച്ചും, കുറച്ചുകൂടി അറിയാമായിരുന്നെങ്കിൽ ആ സമയത്തുതന്നെ ജാതി സെൻസസ് നടത്തുമായിരുന്നു. ഇത് കോൺഗ്രസ് പാർട്ടിയുടെ തെറ്റല്ല, എന്റെ തെറ്റാണ്. ആ തെറ്റ് ഞാൻ തിരുത്താൻ പോവുകയാണ്- ഡൽഹി താൽക്കത്തോറ സ്റ്റേഡിയത്തിൽ നടന്ന കോൺഗ്രസിന്റെ ഒ.ബി.സി സമ്മേളനത്തിൽ രാഹുൽ പറഞ്ഞു.
അതേസമയം, ഉദിത് രാജിന്റെ പ്രസ്താവനയെ പരിഹസിച്ച് ബി.ജെ.പി വക്താവ് ഷെഹ്സാദ് പൂനവാല രംഗത്തുവന്നു. യഥാർഥ അംബേദ്കറെ ഒരിക്കലും ബഹുമാനിക്കാത്ത കോൺഗ്രസ് ആണ് ഇപ്പോൾ രണ്ടാം അംബേദ്കറെ കുറിച്ച് സംസാരിക്കുന്നത് എന്നായിരുന്നു പൂനവാലയുടെ പരിഹാസം. ''ദലിതുകളെയും അംബേദ്കറെയും അപമാനിക്കുന്നത് കോൺഗ്രസിന്റെ സ്വത്വമായി മാറിയിരിക്കുന്നു. ആരാണ് യഥാർഥ അംബേദ്കറെ അപമാനിച്ചത്? ആരാണ് അദ്ദേഹത്തിന് ഭാരത രത്നം നൽകാതിരുന്നത്? ജമ്മു കശ്മീരിൽ അദ്ദേഹത്തിന്റെ ഭരണഘടന നടപ്പിലാക്കാൻ ആരാണ് അനുവദിക്കാത്തത്? മുസ്‍ലിം സംവരണത്തെക്കുറിച്ച് ആരാണ് സംസാരിച്ചത്? ആരാണ് സംവരണം മോശമാണെന്ന് പറഞ്ഞത്… ജവഹർലാൽ നെഹ്‌റു തന്നെ. എന്നിട്ട് ഇപ്പോൾ അവർ നെഹ്‌റുവോ ഇന്ദിരാഗാന്ധിയോ അല്ല, രണ്ടാമത്തെ അംബേദ്കറാകാൻ ആഗ്രഹിക്കുന്നു? ഇതിനർഥം ഗാന്ധി കുടുംബം നെഹ്‌റുവും ഇന്ദിരാഗാന്ധിയും തെറ്റായ പാതയിലാണെന്ന് സമ്മതിക്കുന്നു എന്നല്ലേ. കോൺഗ്രസ് ഒരു കുടുംബത്തെ മാത്രം ആരാധിക്കുന്നതിൽ വിശ്വസിക്കുന്നു''-പൂനവാല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

