റിപ്പബ്ലിക് ദിനത്തിൽ പ്രത്യേക ഇളവില്ല; നവ്ജ്യോത് സിങ് സിദ്ദു ജയിലിൽ തന്നെ തുടരും
text_fieldsന്യൂഡൽഹി: 1988 ലെ റോഡ് റേസിങ് കേസിൽ പട്യാല സെൻട്രൽ ജയിലിൽ തടവിൽ കഴിയുന്ന കോൺഗ്രസ് നേതാവ് നവ്ജ്യോത് സിങ് സിദ്ദുവിന് റിപ്പബ്ലിക് ദിനത്തിൽ പ്രത്യേക ഇളവ് ലഭിക്കില്ല. അദ്ദേഹം ജയിലിൽ തന്നെ തുടരുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
വെള്ളിയാഴ്ച പ്രത്യേക ഇളവ് നൽകി ജയിൽ മോചിതരാകുന്ന 50 തടവുകാരിൽ സിദ്ദുവും ഉൾപ്പെടുമെന്ന് ഊഹാപോഹങ്ങൾ ഉയർന്നിരുന്നു. പിന്നാലെ അദ്ദേഹത്തെ സ്വീകരിക്കുന്നതിനായി പട്യാലയിൽ കോൺഗ്രസ് പ്രവർത്തകർ ഒരുക്കങ്ങൾ നടത്തിയെങ്കിലും പഞ്ചാബ് സർക്കാരിൽ നിന്നും ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചില്ല.
സിദ്ദുവിനെ സ്വീകരിക്കുന്നതിനായി റൂട്ട് മാപ്പ് ഉൾപ്പടെ അദ്ദേഹത്തിന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ ബുധനാഴ്ച പങ്കുവെച്ചിരുന്നു. പട്യാല സെൻട്രൽ ജയിലിലും സിദ്ദുവിന്‍റെ വസതിയിലുമുൾപ്പെടെ നിയുക്ത സ്ഥലങ്ങളിൽ ഒത്തുകൂടാൻ അനുയായികളോട് പോസ്റ്റിലൂടെ അഭ്യർഥിക്കുകയും ചെയ്തിരുന്നു.
1988-ലെ റോഡ് റേജ് കേസിൽ സുപ്രീം കോടതി ഒരു വർഷം കഠിന തടവിന് ശിക്ഷിച്ചതിന് ശേഷം പട്യാല കോടതിയിൽ കീഴടങ്ങിയ നവജോത് സിങ് സിദ്ദു കഴിഞ്ഞ വർഷം മെയ് 20 മുതൽ തടവിൽ തുടരുകയാണ്.