മോദിയെ വിമർശിച്ച കോൺഗ്രസ് നേതാവ് പവൻ ഖേരയെ ഡൽഹിയിൽ വിമാനത്തിൽ നിന്നിറക്കി അറസ്റ്റ് ചെയ്തു
text_fieldsന്യൂഡൽഹി: കോൺഗ്രസ് നേതാവ് പവൻ ഖേരയെ വിമാനത്താവളത്തിൽ തടഞ്ഞ് അറസ്റ്റ് ചെയ്തു. ഡൽഹിയിൽ നിന്ന് ഛത്തിസ്ഗഡിന്റെ തലസ്ഥാനമായ റായ്പൂരിലേക്ക് പാർട്ടി പ്ലീനറി യോഗത്തിനായി പോകാനിരിക്കുകയായിരുന്നു പവൻ ഖേര. ബോർഡിങ് പാസെടുത്ത് വിമാനത്തിൽ കയറിയ ശേഷമാണ് അദ്ദേഹത്തെ വിമാനത്തിൽ നിന്ന് പുറത്തിറക്കിയതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. ഇൻഡിഗോ വിമാനത്തിലാണ് സംഭവം. പവൻ ഖേരക്കെതിരെ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് അസം പൊലീസാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.
നേതാവിനെ വിമാനത്തിൽ നിന്ന് പുറത്തിറക്കിയതോടെ അതേ വിമാനത്തിലുണ്ടായിരുന്ന പ്രവർത്തകർ വിമാനത്തിൽ നിന്നിറങ്ങി പ്രതിഷേധിച്ചു. വിമാനത്തിനു തൊട്ടടുത്തിരുന്ന് മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധിച്ചത്. അതേസമയം, പവൻ ഖേരയെ ഡൽഹി കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് റിമാൻഡിൽ അസമിലേക്ക് കൊണ്ടുപോകുമെന്ന് പൊലീസ് അറിയിച്ചു.
റായ്പൂരിൽ നടക്കുന്ന പാർട്ടി പ്ലീനറി യോഗത്തിൽ പങ്കെടുക്കാനാണ് പവൻ ഖേരയും പ്രവർത്തകരും യാത്രക്കൊരുങ്ങിയത്. എന്നാൽ ബാഗേജിൽ പ്രശ്നമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇറങ്ങാൻ ആവശ്യപ്പെട്ടതെന്ന് ഖേര പറഞ്ഞു. തന്റെ കൈയിൽ ഹാൻഡ് ബാഗ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. വിമാനത്തിൽ നിന്ന് ഇറങ്ങിയ തന്നോട് ഡെപ്യൂട്ടി പൊലീസ് കമീഷണർ കാണാൻ വരുമെന്ന് അറിയിച്ചു. മണിക്കൂറുകൾ അവിടെ കാത്തിരുന്നു. നിയമസംവിധാനം പ്രവർത്തിക്കുന്നതിന്റെ ഒരു ലക്ഷണവും അവിടെയുണ്ടായിരുന്നില്ലെന്നും ഖേര പറഞ്ഞു.
പവൻ ഖേരയെ അറസ്റ്റ് വാറന്റില്ലാതെ തടഞ്ഞുവെച്ചുവെന്ന് പാർട്ടി ആരോപിച്ചു. അസം പൊലീസ് സംഘം ഖേരയെ അറസ്റ്റ് ചെയ്യാനായി വിമാനത്താവളത്തിൽ എത്തിയിരുന്നു. ഇത് സർക്കാറിന്‍റെ പരിഭ്രമവും അതിന്റെ മൂർധന്യാവസ്ഥയുമാണ് കാണിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനാഥ് പറഞ്ഞു.
പവൻ ഖേരക്കെതിരെ കേസുള്ളതിനാൽ അദ്ദേഹത്തെ വിമാനത്തിൽ കയറാൻ അനുവദിക്കരുതെന്ന് നിർദേശമുണ്ടായിരുന്നതായി ഇൻഡിഗോ എയർലൈൻ ഉദ്യോഗസ്ഥർ അറിയിച്ചു. ഖേര പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിച്ചതിനാൽ അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. അദാനി വിഷയവുമായി ബന്ധപ്പെട്ട് സംയുക്ത പാർലമെന്റ് സമിതി അന്വേഷണം ആവശ്യപ്പെടവെ, നരേന്ദ്ര ദാമോദർ ദാസ് മോദി എന്നത് നരേന്ദ്ര ഗൗതം ദാസ് എന്നായിരുന്നു പവൻ ഖേര വാർത്തസമ്മേളനത്തിൽ പറഞ്ഞത്. പിന്നീട് സഹപ്രവർത്തകനുമായി സംസാരിച്ച് ദാമോദർ ദാസ് മോദി എന്ന് മാറ്റുകയായിരുന്നു.
‘നരസിംഹറാവുവിന് ജെ.പി.സി രൂപീകരിക്കാമെങ്കിൽ, അടൽ ബിഹാരി വാജ്പെയ്ക്ക് ജെ.പി.സി രൂപീകരിക്കാമെങ്കിൽ, നരേന്ദ്ര ഗൗതം ദാസിന് എന്താണ് പ്രശ്നം? ക്ഷമിക്കണം, ദാമോദർ ദാസിന്’ -എന്നായിരുന്നു പവൻ ഖേരയുടെ പ്രസംഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

