ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ നിര്‍ണായക പ്രവര്‍ത്തക സമിതി യോഗം നാളെ ചേരാനിരിക്കെ ഗാന്ധി-നെഹ്‌റു കുടുംബത്തെ പിന്തുണച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. ഈ സമയത്ത് നേതൃമാറ്റത്തിനുള്ള ചില കോണ്‍ഗ്രസ് നേതാക്കളുടെ നീക്കം പാര്‍ട്ടിയുടെയും രാജ്യത്തിന്റെയും താല്‍പര്യങ്ങള്‍ക്ക് ദോഷം ചെയ്യുമെന്ന് അദ്ദേഹം വിമര്‍ശിച്ചു.
ചില ആളുകള്‍ക്ക് മാത്രം സ്വീകാര്യമായ നേതൃത്വത്തെ അല്ല കോണ്‍ഗ്രസിന് വേണ്ടത്, മുഴുവന്‍ പാര്‍ട്ടിക്കും രാജ്യത്തിനും തന്നെ സ്വീകാര്യമായ നേതൃത്വത്തെയാണ്. സോണിയ ഗാന്ധി ആഗ്രഹിക്കുന്ന കാലത്തോളം അവര്‍ പാര്‍ട്ടി തലപ്പത്ത് തുടരണം. തുടര്‍ന്ന് പൂര്‍ണമായും കഴിവുള്ളതിനാല്‍ രാഹുല്‍ ഗാന്ധി നേതൃസ്ഥാനം ഏറ്റെടുക്കണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ അമരീന്ദര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
പാര്‍ട്ടി സംഘടന സംവിധാനത്തില്‍ സമൂല മാറ്റം വേണമെന്നും പാര്‍ലമെന്ററി ബോര്‍ഡ് രൂപീകരിക്കണമെന്നും ആവശ്യപ്പെട്ട് 23 കോണ്‍ഗ്രസ് നേതാക്കളാണ് സോണിയ ഗാന്ധിക്ക് കത്ത് നല്‍കിയത്.