'ഏക സിവിൽ കോഡ് ജനങ്ങളെ ഭിന്നിപ്പിക്കാനും വഴിതിരിച്ചുവിടാനുമുള്ള രാഷ്ട്രീയ ആയുധം'; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്
text_fieldsജയറാം രമേശ്
ന്യൂഡൽഹി: കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ നിർദ്ദിഷ്ട ഏകീകൃത സിവിൽ കോഡ് ഉപയോഗിക്കുന്നത് യഥാർത്ഥ നിയമപരിഷ്കാരത്തിനല്ല, മറിച്ച് ജനശ്രദ്ധ തിരിച്ചുവിടാനും സമൂഹത്തിൽ ധ്രുവീകരണമുണ്ടാക്കാനുമുള്ള രാഷ്ട്രീയ ആയുധമായിട്ടാണെന്ന് കോൺഗ്രസ്. മഹാരാഷ്ട്രയിൽ യു.സി.സി രൂപരേഖ തയ്യാറാക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ദ്ധ സമിതിയിൽ നിന്ന് ബോംബെ ഹൈകോടതി മുൻ ജഡ്ജി ജസ്റ്റിസ് ആർ.സി. ചവാൻ അപ്രതീക്ഷിതമായി രാജിവെച്ചതിന് പിന്നാലെയാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് കേന്ദ്ര-സംസ്ഥാന ബി.ജെ.പി സർക്കാരുകൾക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്.
വിവാഹം, വിവാഹമോചനം, സ്വത്തവകാശം, വൈകിയുള്ള വിവാഹങ്ങൾ, വന്ധ്യത, കുടുംബ തർക്കങ്ങൾ തുടങ്ങിയ അതീവ സങ്കീർണമായ സാമൂഹിക വിഷയങ്ങളിൽ ജനങ്ങളുടെ കൃത്യമായ അഭിപ്രായവും സമവായവും രൂപീകരിക്കുന്നതിന് പകരം, ചോദ്യങ്ങൾക്ക് 'അതെ അല്ലെങ്കിൽ അല്ല' എന്ന രീതിയിൽ ലളിതമായി പ്രതികരണം ശേഖരിക്കാൻ സമിതി തീരുമാനിച്ചതിൽ പ്രതിഷേധിച്ചാണ് ജസ്റ്റിസ് ആർ.സി. ചവാൻ രാജി സമർപ്പിച്ചത്. ഡാറ്റാ വിശകലനം എളുപ്പമാക്കാൻ വേണ്ടി സങ്കീർണമായ വിഷയങ്ങളെ വെറും ബൈനറി ചോയ്‌സുകളാക്കി മാറ്റുന്നത് പൊതുജന സമവായം എന്ന അടിസ്ഥാന ലക്ഷ്യത്തെ തകർക്കുമെന്ന് സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി അധ്യക്ഷയായ സമിതിക്ക് നൽകിയ രാജിപത്രത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. ജൂലൈയിൽ രൂപീകരിച്ച ഏഴംഗ സമിതിയുടെ രണ്ടാമത്തെ യോഗത്തിന് പിന്നാലെ സെപ്റ്റംബർ 19-നായിരുന്നു അദ്ദേഹത്തിന്റെ രാജി.
ജസ്റ്റിസ് ചവാന്റെ രാജി, സമിതിയുടെ പ്രവർത്തനരീതിയെയും സംസ്ഥാനങ്ങൾ തോറും നടപ്പാക്കുന്ന യു.സി.സി സമീപനങ്ങളെയും സംശയത്തിന്റെ നിഴലിലാക്കിയിരിക്കുകയാണെന്ന് ജയറാം രമേശ് ചൂണ്ടിക്കാട്ടി. 'ഓരോ സംസ്ഥാനവും സ്വന്തം നിലയിൽ വെവ്വേറെ ഏകീകൃത സിവിൽ കോഡുകൾ നിയമമാക്കുന്ന ഒരു സാഹചര്യം ഭരണഘടനാ ശില്പികൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?' എന്ന് അദ്ദേഹം ചോദിച്ചു. നിലവിലെ ഘട്ടത്തിൽ യു.സി.സി 'ആവശ്യവുമില്ല, അഭികാമ്യവുമല്ല' എന്ന് വ്യക്തമാക്കിയ 2018-ലെ 21-ാം ലോ കമ്മീഷൻ റിപ്പോർട്ടിനെ രാഷ്ട്രീയ നേട്ടങ്ങൾക്ക് ചേരാത്തതിനാൽ കേന്ദ്ര സർക്കാർ പൂർണമായും ചവറ്റുകുട്ടയിലെറിഞ്ഞെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
2025 ജനുവരിയിൽ ഉത്തരാഖണ്ഡിൽ യു.സി.സി പ്രാബല്യത്തിൽ വരികയും ഗുജറാത്ത്, അസം, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ തുടർന്ന് സമാനമായ ബില്ലുകൾ പാസാക്കുകയും ചെയ്തെങ്കിലും, ഇവയൊന്നും ഒരേ സ്വഭാവമുള്ളവയല്ലെന്ന് ജയറാം രമേശ് ചൂണ്ടിക്കാട്ടി. വിവിധ വ്യവസ്ഥകളും വ്യത്യസ്ത ശിക്ഷകളും ഇളവുകളും നിറഞ്ഞ ഇത്തരം സംസ്ഥാനതല നിയമങ്ങൾ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുന്നത്. 2029-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് എൻ.ഡി.എ ഭരിക്കുന്ന സംസ്ഥാനങ്ങളെല്ലാം യു.സി.സി നടപ്പിലാക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയെ പരാമർശിച്ച അദ്ദേഹം, വിപുലമായ കൂടിയാലോചനകളോ ജനകീയ സമവായമോ ഇല്ലാതെ ഏകപക്ഷീയമായാണ് നീക്കമെന്നും, 'സമൂഹത്തെ ശാശ്വതമായി ധ്രുവീകരിക്കാനുള്ള ബുൾഡോസറാണ് യു.സി.സി' എന്നും ആഞ്ഞടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

