Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോൺഗ്രസ് കിംവദന്തികൾ പ്രചരിപ്പിക്കുന്നു; ഇന്ധനവിലവർധന ബാധിക്കാതിരിക്കാന്‍ സർക്കാർ ശ്രമിക്കുന്നുണ്ട് -നരേന്ദ്ര മോദി

text_fields
bookmark_border
പെട്രോൾ പമ്പുകളിൽ ജനങ്ങളെ വരി നിർത്താൻ പ്രേരിപ്പിക്കുന്നത് കോൺഗ്രസാണ്
കോൺഗ്രസ് കിംവദന്തികൾ പ്രചരിപ്പിക്കുന്നു; ഇന്ധനവിലവർധന ബാധിക്കാതിരിക്കാന്‍ സർക്കാർ ശ്രമിക്കുന്നുണ്ട് -നരേന്ദ്ര മോദി
cancel

ഗാന്ധിനഗർ: ആഗോള പ്രതിസന്ധികൾക്കിടയിൽ രാഷ്ട്രീയ ലാഭത്തിനായി രാജ്യത്ത് പരിഭ്രാന്തി പരത്താൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ ഐക്യവും സർക്കാറിന്റെ പരിശ്രമത്തിന്‍റെ ഫലമായുമാണ് ഇന്ത്യ സുസ്ഥിരമായി തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിൽ ആഗോളതലത്തിൽ ഇന്ധനവില വർധിക്കുമ്പോഴും നിലവിലെ സാഹചര്യം സർക്കാർ കൈകാര്യം ചെയ്യുന്നതിനെപ്പറ്റി അദ്ദേഹം വിശദീകരിച്ചു. ചില രാഷ്ട്രീയ പാർട്ടികൾ പ്രതിസന്ധികൾക്കായി കാത്തിരിക്കുന്നത് രാഷ്ട്രീയ മുതലെടുപ്പിനാണെന്നും അദ്ദേഹം ആരോപിച്ചു. `നിർഭാഗ്യവശാൽ, ചില രാഷ്ട്രീയ പാർട്ടികൾ പ്രതിസന്ധികളിൽ പോലും രാഷ്ട്രീയ നേട്ടം കൊയ്യാൻ ശ്രമിക്കുന്നു. രാജ്യത്ത് പ്രശ്നങ്ങളുണ്ടാകാൻ കോൺഗ്രസ് കാത്തിരിക്കുകയാണ്. ലോകമെമ്പാടും ഇന്ധനവില വർധിക്കുമ്പോഴും അതിന്റെ ഭാരം പൗരന്മാരുടെ മേൽ വീഴാതിരിക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ട്. എന്നാൽ കോൺഗ്രസ് കിംവദന്തികൾ പ്രചരിപ്പിക്കുകയും പെട്രോൾ പമ്പുകളിലും ഗ്യാസ് ഏജൻസികളിലും ജനങ്ങളെ വരി നിർത്താൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ അരാജകത്വം സൃഷ്ടിച്ച് രാഷ്ട്രീയം കളിക്കാനാണ് അവർ ശ്രമിക്കുന്നത്' മോദി കൂട്ടി ചേർത്തു.

അതേ സമയം ഡൽഹിയിൽ ആഗോള എ.ഐ ഉച്ചകോടിക്കിടെ നടന്ന പ്രതിഷേധങ്ങളെ മോദി രൂക്ഷമായി വിമർശിച്ചു.`അധികാരത്തിൽ നിന്നുള്ള അകൽച്ച കോൺഗ്രസിനെ നിരാശരാക്കുന്നു. ആഗോള എഐ ഉച്ചകോടിയിൽ ലോകം മുഴുവൻ ഇന്ത്യയെ പ്രശംസിക്കുമ്പോൾ, കോൺഗ്രസ് നേതാക്കൾ പ്രതിഷേധിക്കുകയും ലോകത്തിന് മുന്നിൽ ഇന്ത്യയുടെ പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുകയും ചെയ്തു. ഇന്നും ഇന്ത്യയെ ഇഷ്ടപ്പെടാത്ത വിദേശ ശക്തികളുടെ ഭാഷയിലാണ് കോൺഗ്രസ് സംസാരിക്കുന്നത്. ഇത്തരം ഗൂഢാലോചനകൾക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണം.' പശ്ചിമേഷ്യയിലെ യുദ്ധം ലോകത്തെ മുഴുവൻ ബാധിക്കുകയും ഇന്ധനവില വർധനവിന് കാരണമാവുകയും ചെയ്തപ്പോൾ ഇന്ത്യ ഈ സാഹചര്യം നിയന്ത്രണവിധേയമാക്കിയെന്നാണ് മോദിയുടെ വാദം. ഇന്ത്യയുടെ ഏറ്റവും വലിയ കരുത്ത് എന്നും ഐക്യമാണ്. രാജ്യത്തെ ജനങ്ങളുടെ ഐക്യവും കരുത്തുമാണ് പ്രതിസന്ധികൾക്കിടയിലും ഇന്ത്യയെ താങ്ങിനിർത്തുന്നത്.

ചടങ്ങിൽ വടക്കൻ ഗുജറാത്തിനായി ഏകദേശം 20,000 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു. ഗുജറാത്തിലെ വികസനം, ക്ഷേമപദ്ധതികൾ, പുനരുപയോഗ ഊർജ പദ്ധതികൾ, ഭവന പദ്ധതികൾ എന്നിവയെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി ലോകത്തിലെ പുനരുപയോഗ ഊർജത്തിന്റെ ഒരു വലിയ കേന്ദ്രമായി ഗുജറാത്ത് മാറുമെന്നും കൂട്ടി ചേർത്തു. വികസനത്തിന് അടിസ്ഥാന സൗകര്യ പദ്ധതികൾ പോലെ തന്നെ ക്ഷേമപദ്ധതികളും പ്രധാനമാണെന്ന് ഗുജറാത്ത് തെളിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വികസനത്തിനൊപ്പം ഗ്രാമങ്ങളിലെ പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും ജീവിതം മെച്ചപ്പെടണമെന്നും ഇതോടൊപ്പം കൂട്ടിച്ചേർത്തു. ഗുജറാത്തിലെ വികസനവുമായി തനിക്കുള്ള നീണ്ട ബന്ധത്തെക്കുറിച്ച് അനുസ്മരിച്ച പ്രധാനമന്ത്രി, മുഖ്യമന്ത്രിയായിരിക്കെ താൻ ആരംഭിച്ച വികസന പദ്ധതികൾ 2014 മുതൽ കേന്ദ്ര സർക്കാർ കൂടുതൽ കരുത്തോടെ തുടരുകയാണെന്നും അറിയിച്ചു. അതേ സമയം പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് വീടുകൾ ലഭിച്ചുവെന്നും മോദി വ്യക്തമാക്കി. `ഇന്ന് 40,000 കുടുംബങ്ങൾക്ക് വീട് ലഭിച്ചിട്ടുണ്ടെങ്കിൽ അതിന്റെ പുണ്യം രാജ്യത്തെ പൗരന്മാർക്കാണ്. ജനങ്ങൾ നൽകിയ വോട്ടിന്റെ കരുത്താണ് എനിക്ക് സേവനം ചെയ്യാൻ അവസരം നൽകിയത്. അതിന്റെ ഫലമായാണ് ഈ 40,000 പേർക്ക് സ്വന്തം വീട് ലഭിച്ചത്. ഇതിന്റെ യഥാർഥ ക്രെഡിറ്റ് ജനങ്ങൾക്കാണ്, ഞാൻ വെറുമൊരു ഉപകരണം മാത്രമാണ്' പ്രധാനമന്ത്രി പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Congress is spreading rumours; Government is trying to avoid impact of fuel price hike: Narendra Modi
Next Story