കോൺഗ്രസിനകത്ത് സ്വതന്ത്ര തെരഞ്ഞെടുപ്പ് നടന്നാൽ ഗാന്ധി കുടുംബം പുറത്ത് -അമിത് ഷാ
text_fieldsഹൈദരാബാദ്: നീതിപൂർവകവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പ് കോൺഗ്രസിനകത്ത് നടന്നാൽ ഗാന്ധി കുടുംബം പുറത്താകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഹൈദരാബാദിലെ ബി.ജെ.പി ദേശീയ നിർവാഹക സമിതിയിൽ രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അമിത് ഷാ.
ഉൾപ്പാർട്ടി ജനാധിപത്യത്തിന് ആവശ്യമുയർന്നിട്ടും കോൺഗ്രസ് പുതിയ പ്രസിഡന്‍റിനായുള്ള തെരഞ്ഞെടുപ്പ് നടത്തുന്നില്ല. താൽക്കാലിക പ്രസിഡന്‍റുമായി മുന്നോട്ടുപോകുകയാണ്. കോൺഗ്രസ് നീതിപൂർവകവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പ് നടത്തിയാൽ തങ്ങൾ തോൽക്കുമെന്നാണ് ഗാന്ധി കുടുംബം ഭയക്കുന്നത് മൂലമാണത്.
അടുത്ത 30-40 വർഷം ഇന്ത്യ ബി.ജെ.പി തന്നെ ഭരിക്കുമെന്നും അത്രയും കാലം കൊണ്ട് ഇന്ത്യയെ വിശ്വഗുരു ആക്കുമെന്നും അമിത് ഷാ പറഞ്ഞു. അന്താരാഷ്ട്ര വിഷയങ്ങളിൽ ഇന്ത്യയുടെ നിലപാട് ലോകാരാജ്യങ്ങളെല്ലാം അംഗീകരിക്കുകയാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
രാഷ്ട്രീയ പ്രമേയ ചർച്ചയിൽ ഇടപെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വികസനം രാജ്യത്തിന്‍റെ പ്രധാന ശ്രദ്ധയിലുണ്ടാകണമെന്നും രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപദി മുർമുവിന്‍റെ ലളിത ജീവിതം ഉയർത്തിക്കാണിച്ച് പ്രവർത്തകർ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങണമെന്നും നിർവാഹക സമിതി അംഗങ്ങളോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

