ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിക്കുന്നു; വിമർശനവുമായി കോൺഗ്രസ്
text_fieldsഅൽക്ക ലാംബ
ന്യൂഡൽഹി: ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിക്കുന്നതിൽ വിമർശനവുമായി കോൺഗ്രസ്. ഇരകളുടെ കുടുംബങ്ങൾക്ക് ശരിയായ നഷ്ടപരിഹാരവും സുരക്ഷയും നൽകണമെന്നും ഇത്തരം കേസുകൾ കൈകാര്യം ചെയ്യാൻ അതിവേഗ കോടതികൾ സ്ഥാപിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
ഒഡീഷയിൽ നിന്നുള്ള 15 വയസ്സുകാരിയെ പുരി ജില്ലയിൽ അജ്ഞാതരായ മൂന്ന് അക്രമികൾ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ മഹിളാ കോൺഗ്രസ് പ്രസിഡന്റ് അൽക്ക ലാംബ ബി.ജെ.പിയെ രൂക്ഷമായി വിമർശിച്ചു. പൊള്ളലേറ്റ പെൺകുട്ടി ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെ മരിച്ചു.
'കുറ്റവാളികളെ പിടികൂടുന്നതിലും അവരെ ശിക്ഷിക്കുന്നതിലും നിങ്ങൾ പരാജയപ്പെട്ടു. മകൾ മരിച്ചു, ഇന്ന് പൊലീസ് പറയുന്നത് ഇതിൽ ആർക്കും പങ്കില്ലെന്ന്. ഒഡീഷയിൽ നിന്നുള്ള ഒരു പെൺകുട്ടി മരിച്ചു. നേരത്തെ, ഫക്കീർ മോഹൻ കോളജിൽ പഠിക്കുന്ന ഒരു പെൺകുട്ടി ലൈംഗിക പീഡനം ആരോപിച്ചു, പക്ഷേ നീതി ലഭിച്ചില്ല. അവൾ തീകൊളുത്തി. ആ പെൺകുട്ടി ഭുവനേശ്വറിൽ മരിച്ചു, ഇപ്പോൾ 15 വയസ്സുള്ള ഒരു പെൺകുട്ടി ഡൽഹിയിലെ എയിംസിൽ മരിച്ചു' ലാംബ പത്രസമ്മേളനത്തിൽ പറഞ്ഞു.
മധ്യപ്രദേശിലെ നിയമസഭ സമ്മേളനത്തിനിടെ, 2022 മുതൽ 2024 വരെ സംസ്ഥാനത്ത് എത്ര എസ്.സി-എസ്.ടി സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് കോൺഗ്രസ് എം.എൽ.എ ആരിഫ് മസൂദ് ചോദിച്ചപ്പോൾ ഉത്തരം 7,418 ആണെന്നും ലാംബ ചൂണ്ടിക്കാട്ടി.
കന്യാസ്ത്രീകളുടെ അറസ്റ്റിനെക്കുറിച്ചും അവർ പരാമർശിച്ചു. നരേന്ദ്ര മോദിയുടെ സ്വന്തം അഹമ്മദാബാദിൽ, ഗുജറാത്തിലെ പെൺമക്കൾ വീടിന് പുറത്തിറങ്ങരുതെന്ന് പറയുന്ന ലജ്ജാകരമായ ഒരു പോസ്റ്റർ ട്രാഫിക് പൊലീസ് സ്ഥാപിച്ചിട്ടുണ്ടെന്ന് പോസ്റ്ററിന്റെ ഫോട്ടോ കാണിച്ചുകൊണ്ട് അൽക്ക ലാംബ പറഞ്ഞു.
എന്നാൽ കർണാടകയുടെ കാര്യത്തിലേക്ക് വന്നാൽ അവിടെ പ്രജ്വൽ രേവണ്ണ ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ടിരിക്കുന്നു എന്ന് അവർ പറഞ്ഞു. പ്രജ്വൽ രേവണ്ണ ഒരു കൂട്ട ബലാത്സംഗക്കാരനാണെന്നും പ്രധാനമന്ത്രി അദ്ദേഹത്തിനുവേണ്ടി പ്രചാരണം നടത്തുകയും വോട്ട് തേടുകയും ചെയ്തിരുന്നതായും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

