അസമിലും കോൺഗ്രസിന്റെ അഞ്ച് ഗാരന്റികൾ
text_fieldsഅസമിലെ ജോർഹത്ത് മണ്ഡലത്തിൽ നടന്ന കോൺഗ്രസ് റാലിയെ ദേശീയ അധ്യക്ഷൻ മല്ലികാർജുന ഖാർഗെ അഭിസംബോധന ചെയ്യുന്നു
ഗുവാഹത്തി: ഏപ്രിൽ ഒമ്പതിന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഏറെ പ്രതീക്ഷ വെക്കുന്ന അസമിൽ അഞ്ചിന ഗാരണ്ടി പ്രഖ്യാപനവുമായി ദേശീയ അധ്യക്ഷൻ മല്ലികാർജുന ഖാർഗെ. വനിതകൾക്കുള്ള ക്ഷേമ പദ്ധതികൾ, സ്വയം സംരംഭം തുടങ്ങാനായി സ്ത്രീകൾക്ക് ഒറ്റത്തവണയായി 50000 രൂപ നൽകൽ, എല്ലാ ജനങ്ങൾക്കും ആരോഗ്യ സുരക്ഷ, അർഹതപ്പെട്ടവർക്ക് ഭൂമി, പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിന് പിന്നിലെ ദുരൂഹ മരണം പുറത്തു കൊണ്ടുവരും തുടങ്ങിയവയാണ് ഖർഗെ പ്രഖ്യാപിച്ച അഞ്ച് ഗാരണ്ടികൾ. ലക്കിംപുർ ജില്ലയിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുബീൻ ഗാഹിന്റെ മരണത്തിന് പിന്നിലെ ദുരൂഹത കോൺഗ്രസ് അധികാരത്തിലെത്തി നൂറ് ദിവസത്തിനുള്ളിൽ അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരുമെന്ന് പറഞ്ഞ ഖർഗെ മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമക്കെതിരെ ആഞ്ഞടിച്ചു. 2021ലെ തെരഞ്ഞെടുപ്പിൽ സർബാനന്ദ സോനോവാളിനെ തള്ളി മുഖ്യമന്ത്രിയായ ഹിമന്ത ഒരു വ്യാജ മുഖ്യമന്ത്രിയാണെന്ന് ഖാർഗെ പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം, അസം മുഖ്യമന്ത്രി കസേര പിടിച്ചെടുക്കാൻ ശർമ ആദിവാസി നേതാവായ സോനോവാളിനെ പുറത്താക്കിയെന്നും ഖർഗെ പറഞ്ഞു. ഈ സർക്കാർ ജനത്തെ ഭീഷണിപ്പെടുത്തുകയും ഭയത്തിന്റെ മാനസികാവസ്ഥ സൃഷ്ടിക്കുകയും സംസ്ഥാനത്തെ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുവെന്ന് ഖാർഗെ ആരോപിച്ചു.
ബി.ജെ.പി മൂന്നാമതും വരും -നിതിൻ നബിൻ
ടിൻസൂക്യ: മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ നേതൃത്വത്തിൽ മൂന്നാം തവണയും ബി.ജെ.പി ഭരണം പിടിക്കുമെന്ന് ദേശീയ അധ്യക്ഷൻ നിതിൻ നബിൻ. തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് ഭരിച്ചപ്പോൾ വികസനത്തിനല്ല, വോട്ട് ബാങ്ക് രാഷ്ട്രീയത്തിനാണ് പ്രാധാന്യം നൽകിയിരുന്നത്. ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ധാരാളം നേട്ടങ്ങളുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബി.ജെ.പി ഭരണം പിടിക്കാൻ പോകുന്നത് നുഴഞ്ഞുകയറ്റക്കാർക്കുവേണ്ടിയല്ലെന്നും പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ചിലർ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുണ്ടെന്നും അവശ്യവസ്തുക്കളുടെ ക്ഷാമം രാജ്യത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

