ഭാരത് ജോഡോ യാത്ര ട്വിറ്റർ അക്കൗണ്ട് മരവിപ്പിക്കാനുള്ള ഉത്തരവ് അനീതി, കോൺഗ്രസ് ഹൈകോടതിയിലേക്ക്
text_fieldsബംഗളൂരു: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര അടക്കമുള്ളവയുടെ ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള കോടതി ഉത്തരവിനെതിരെ കോൺഗ്രസ് കർണാടക ഹൈകോടതിയെ സമീപിക്കും. ബംഗളൂരു സിറ്റി സിവിൽ കോടതിയുടെ ഉത്തരവിനെതിരെ ഇന്ന് ഹൈകോടതിയിൽ ഹരജി നൽകും.
ഭാരത് ജോഡോ യാത്ര അടക്കമുള്ളവയുടെ ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള കോടതി ഉത്തരവ് അനീതിയെന്ന് കോൺഗ്രസ് പ്രതികരിച്ചു. ഏകപക്ഷീയമായ നടപടിയാണ് കോടതി സ്വീകരിച്ചത്. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് കോടതി വിധി പുറപ്പെടുവിച്ചതെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു.
പകർപ്പവകാശമുണ്ടെന്ന ഹരജിക്കാരുടെ വാദം അംഗീകരിച്ച് കോൺഗ്രസിന്‍റെയും ഭാരജ് ജോഡോ യാത്രയുടെയും ട്വിറ്റർ അക്കൗണ്ടുകൾ താൽകാലികമായി മരവിപ്പിക്കാനായിരുന്നു സിവിൽ കോടതിയുടെ നിർദേശം. കേസ് വീണ്ടും പരിഗണിക്കും വരെ തൽസ്ഥിതി തുടരണമെന്നും കോടതി ഉത്തരവിട്ടിരുന്നു.
ജോഡോ യാത്രയിൽ രാഹുൽ ഗാന്ധി പങ്കെടുത്തതിന്‍റെ വിഡിയോ കെജിഎഫ് -2 സിനിമയുടെ ഗാനത്തിനൊപ്പം പശ്ചാത്തല സംഗീതവും ചേർത്ത് രാഹുലിനെ ഉയർത്തി കാട്ടുന്ന രീതിയിൽ ഉപയോഗിച്ചെന്നാണ് ഹരജിക്കാർ ചൂണ്ടിക്കാട്ടുന്നത്. കോൺഗ്രസ്, ഭാരത് ജോഡോ യാത്ര, എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ്, സോഷ്യൽ മീഡിയ വിഭാഗത്തിന്റെ ചുമതലയുള്ള സുപ്രിയ ശ്രീനേത് അടക്കമുള്ളവരുടെ ട്വിറ്റർ ഹാൻഡിലിലൂടെ പങ്കുവെച്ച വിഡിയോ ചൂണ്ടിക്കാട്ടി മ്യൂസിക് കമ്പനിയാണ് സിവിൽ കോടതിയെ സമീപിച്ചത്.
എം.ആര്‍.ടി മ്യൂസിക്കിന്‍റെ പരാതിയില്‍ കോൺഗ്രസിനും മൂന്ന് നേതാക്കള്‍ക്കുമെതിരേയും എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരുന്നു.