താമര വാഷിങ്മെഷ്യൻ കോൺഗ്രസിനെ ശുദ്ധമാക്കിയെന്ന് ജയ്റാം രമേശ്
text_fieldsന്യൂഡൽഹി: സ്ഥാനാർഥികളെ സാമ്പത്തികമായി പിന്തുണക്കാൻ സാധിക്കാതെ കോൺഗ്രസ് ബുദ്ധിമുട്ടുകയാണെന്ന് പാർട്ടി ജനറൽ സെക്രട്ടറി ജയ്റാം രമേശ്. കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയന്ത്രണങ്ങളാണ് പാർട്ടിയുടെ നിലവിലുള്ള പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിലാണ് കോൺഗ്രസ് നേരിടുന്ന ഫണ്ട് പ്രതിസന്ധിയെ കുറിച്ച് ജയ്റാം രമേശ് വെളിപ്പെടുത്തൽ നടത്തിയത്.
സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മികച്ച പ്രകടനം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ സഖ്യം മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഞങ്ങൾക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. പൊതുജനങ്ങളിൽ നിന്നും പിരിച്ചെടുത്ത 300 കോടി രൂപ പ്രധാനമന്ത്രി മോഷ്ടിച്ചുവെന്നും ജയ്റാം രമേശ് കുറ്റപ്പെടുത്തി.
അസമിൽ ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള സർക്കാർ കോൺഗ്രസ് നേതാക്കൾക്കെതിരെ മനുഷത്വരഹിതമായാണ് പെരുമാറുന്നതെന്നും ജയ്റാം രമേശ് പറഞ്ഞു. കോൺഗ്രസ് പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് പ്രശ്നങ്ങൾ ഇല്ലെന്ന് താൻ പറയുന്നില്ലെന്നായിരുന്നു ജയ്റാം രമേശിന്റെ മറുപടി. ഞങ്ങളുടെ പ്രവർത്തനം ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. എന്നാൽ, അത്തരം ശ്രമങ്ങൾ കൊണ്ടൊന്നും ഞങ്ങൾ കീഴടങ്ങില്ലെന്നും ശക്തമായി പോരാടുമെന്നും ജയ്റാം രമേശ് പറഞ്ഞു.
തങ്ങളെ പേടിപ്പിക്കാനാണ് ബി.ജെ.പിയുടെ ശ്രമം. ശരിക്കും ഇപ്പോൾ പേടിച്ചിരിക്കുന്നത് ബി.ജെ.പിയാണ്. ജനാധിപത്യത്തെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ വർഷത്തെ തെരഞ്ഞെടുപ്പ്. 10 വർഷമായി നിലനിൽക്കുന്ന അനീതികളിൽ നിന്നും ജനങ്ങളെ സ്വതന്ത്രമാക്കാൻ കൂടി ലക്ഷ്യമിട്ടാണ് തെരഞ്ഞെടുപ്പ്. തൊഴിലില്ലായ്മയും വിലക്കയറ്റവുമാണ് രാജ്യം നേരിടുന്ന പ്രധാനപ്രശ്നങ്ങൾ. അത് പരിഹരിക്കാനുള്ള നിർദേശങ്ങൾ കോൺഗ്രസ് പ്രകടന പത്രികയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിരവധി അവസരവാദികൾ ഞങ്ങളെ വിട്ട് പോയി. താമര വാഷിങ്മെഷ്യൻ മോദി പൗഡർ ഉപയോഗിച്ച് ഞങ്ങളെ ശുദ്ധമാക്കിയെന്നും, അസം മുഖ്യമന്ത്രി അത് ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്തുവെന്നും ജയ്റാം രമേശ് പറഞ്ഞു. പുതിയ ശക്തമായ കോൺഗ്രസ് ഇനി രൂപീകരിക്കപ്പെടും. ഞങ്ങളുടെ പ്രത്യയശാസ്ത്രത്തോട് കൂറുള്ള ജനങ്ങൾ പാർട്ടിയിൽ ചേരും. അത്തരം ആളുകൾ തങ്ങൾക്ക് വോട്ട് ചെയ്യുമെന്നും ജയ്റാം രമേശ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

