പവൻ ഖേരക്ക് ഐക്യദാർഢ്യവുമായി കോൺഗ്രസ്
text_fieldsന്യൂഡൽഹി: കോൺഗ്രസ് നേതാവ് പവൻ ഖേരയുടെ മുൻകൂർ ജാമ്യാപേക്ഷ ഗുവാഹതി ഹൈകോടതി തള്ളിയതിനെ സുപ്രീംകോടതിയിൽ ചോദ്യംചെയ്യാൻ കോൺഗ്രസ്. ഭയപ്പെടുത്തലിന്റെയും ഭീഷണിയുടെയും രാഷ്ട്രീയത്തിനു മേൽ നീതി പുലരുമെന്നും പാർട്ടി പവൻ ഖേരക്കൊപ്പം ഐക്യദാർഢ്യത്തോടെ നിൽക്കുമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയ്റാം രമേശ് വ്യക്തമാക്കി.
സുപ്രീംകോടതി നിർദേശപ്രകാരം തിങ്കളാഴ്ച ഗുവാഹതി ഹൈകോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ വെള്ളിയാഴ്ചയാണ് തള്ളിയത്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഭാര്യ റിനികി ഭുയാന്‍ ഒന്നിലധികം പാസ്പോർട്ട് ഉണ്ടെന്നും വെളിപ്പെടുത്താത്ത സ്വത്തുവകകൾ വിദേശ രാജ്യങ്ങളിൽ ഉണ്ടെന്നുമാണ് ഉന്നയിച്ച ആരോപണം. റിനികി ഭുയാന്റെ പരാതിയെ തുടർന്ന് ഗുവാഹതി ക്രൈംബ്രാഞ്ച് പൊലീസ് സ്റ്റേഷനിലാണ് പവൻ ഖേരക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഉന്നയിച്ച ആരോപണങ്ങൾക്ക് അടിസ്ഥാനമായ രേഖകൾ എവിടെനിന്ന് കിട്ടിയെന്നും ആരാണ് നൽകിയതെന്നുമറിയാൻ ഖേരയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യംചെയ്യേണ്ടത് ആവശ്യമാണെന്നാണ് ഹൈകോടതി അഭിപ്രായപ്പെട്ടത്. നേരത്തേ തെലങ്കാന ഹൈകോടതി ഏഴ് ദിവസത്തെ ട്രാൻസിറ്റ് ജാമ്യം അനുവദിച്ചെങ്കിലും സുപ്രീംകോടതി അത് സ്റ്റേ ചെയ്ത് ഗുവാഹതി ഹൈകോടതിയെ സമീപിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

