ഹൈകോടതി വിധിയിൽ നിരവധി പിഴവുകളെന്ന് നിരീക്ഷണം;സുപ്രീംകോടതിയിൽ പ്രതീക്ഷയർപ്പിച്ച് കോൺഗ്രസ്
text_fieldsന്യൂഡൽഹി: മോദി-അമിത് ഷാമാരുടെ സ്വന്തം നാടായ ഗുജറാത്തിലെ കോടതികളിൽ രാഹുൽ ഗാന്ധിക്ക് നീതി പ്രതീക്ഷിച്ചതല്ലെന്ന് സമാശ്വസിച്ച് കോൺഗ്രസ് സുപ്രീംകോടതിയിലേക്ക്. മൂന്നാം വട്ടമാണ് ഗുജറാത്തിൽ രാഹുൽ ഗാന്ധിയുടെ അപേക്ഷ നിരസിക്കപ്പെട്ടത്. ഗുജറാത്ത് ഹൈകോടതി അർഹതപ്പെട്ട നീതി രാഹുൽ ഗാന്ധിക്ക് നൽകിയില്ലെന്നാണ് പൊതുവായ വിലയിരുത്തലുകൾ. അതിനു കാരണങ്ങൾ പലത്.
അപകീർത്തിക്കേസിൽ ആദ്യമായി ശിക്ഷിക്കപ്പെടുന്നയാൾ എന്ന പരിഗണന കിട്ടേണ്ടതിനു പകരം സ്ഥിരം കുറ്റവാളിയെന്ന പോലെയാണ് ഗുജറാത്ത് ഹൈകോടതി സ്റ്റേ ആവശ്യം തള്ളിയത്. രാഹുൽ നേരിടുന്നുവെന്ന് കോടതി പറയുന്ന 10 അപകീർത്തിക്കേസുകളുടെ നിജഃസ്ഥിതി എന്തെന്ന് കോടതി വിശദീകരിച്ചിട്ടില്ല. അവ വിചാരണ ഘട്ടത്തിലാണെന്ന് കരുതിയാൽ പോലും, വിധി പറയാത്ത അപകീർത്തിക്കേസുകളിൽ രാഹുലിനെതിരെ കേസ് നൽകിയവരുടെ വാദഗതികൾക്ക് സ്വീകാര്യത നൽകുന്ന വിധത്തിലാണ് ഹൈകോടതി വിധിന്യായം.
രാഹുലിനെ ശിക്ഷിച്ച കേസുകൾക്ക് പിന്നാലെ വന്നതാണ് രാഹുൽ നേരിടുന്ന മറ്റ് അപകീർത്തിക്കേസുകൾ. സവർക്കറുടെ ചെറുമകൻ നൽകി യ ഹരജിയും ഇതിൽ ഉൾപ്പെടുന്നു. അതിൽ ന്യായം ആരുടെ പക്ഷത്താണെന്ന് ഹൈകോടതിക്ക് മുൻകൂട്ടി കാണാനാവില്ല. എത്ര കേസുകൾ ഒരാൾക്കെതിരെ പൊലീസ് സ്റ്റേഷനിലോ കോടതിയിലോ ഉണ്ട് എന്നതല്ല, ഹൈകോടതിയുടെ മുമ്പാകെയുള്ള കേസിന്റെ ന്യായയുക്തതയാണ് പരിഗണിക്കേണ്ടത്. ഈ കേസുകൾ രാഷ്ട്രീയ പ്രേരിതമായി ഒരേ പാർട്ടിക്കാരോ അവരുടെ അനുഭാവികളോ നൽകിയതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഇങ്ങനെ പല കേസുകളിൽ ഒരാളെ തളച്ചിട്ടപ്പോൾ, അപകീർത്തിപ്പെടുത്തൽ പതിവാക്കിയ ആളാണ് രാഹുലെന്ന് വിധിക്കുകയാണ് കോടതി ചെയ്തത്.
അപകീർത്തിക്കേസിലൂടെ രാജ്യത്ത് ഒരു ലോക്സഭ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നേക്കാമെന്ന സാഹചര്യം ഈ കേസിലുണ്ട്. ക്രിമിനൽ അപകീർത്തിക്കേസിലെ പരമാവധി ശിക്ഷയായ രണ്ടു വർഷതടവ് വിചാരണ കോടതി വിധിച്ചതു വഴിയാണ് രാഹുലിന്റെ എം.പി സ്ഥാനത്തിന് അയോഗ്യത കൽപിക്കപ്പെട്ടത്. രാഷ്ട്രീയ വിമർശനം അപകീർത്തിയുടെ സ്വഭാവത്തിലേക്ക് കടന്നിട്ടുണ്ടെന്നു കണ്ടെത്തിയാൽപോലും പരമാവധി ശിക്ഷ ഒഴിവാക്കപ്പെടേണ്ടതാണെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ കേസ് ഹൈകോടതിക്ക് മുന്നിലെത്തിയപ്പോഴും ഇക്കാര്യം പരിഗണിക്കപ്പെട്ടില്ല.
അപകീർത്തിക്കേസ് വ്യക്തികളുമായി ബന്ധപ്പെട്ടതാണ്. 13 കോടി വരുന്ന ‘മോദി’ വിഭാഗത്തെ മൊത്തമായി പ്രതിനിധീകരിക്കുവെന്ന് പറയുന്ന ഒരാൾക്ക് ആ വിഭാഗത്തിനു വേണ്ടി അപകീർത്തിക്കേസ് നൽകാനാവുമോ എന്ന ചോദ്യത്തെ വിചാരണ കോടതിയേക്കാൾ ശക്തമായി തള്ളിക്കളയുകയാണ് ഹൈകോടതി ചെയ്തത്. ഒരു സമൂഹം തന്നെ അപമാനിക്കപ്പെട്ടുവെന്നാണ് കോടതി പറയുന്നത്. പരാതിക്കാരന് വ്യക്തിപരമായി ഈ കേസിൽ ഉണ്ടായ നഷ്ടവും അപകീർത്തിയും എന്താണെന്ന ചോദ്യം ബാക്കി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മറ്റൊരു കാര്യം കൂടി ചൂണ്ടിക്കാട്ടുന്നു. ലളിത് മോദി, നീരവ് മോദി, മെഹുൽ ചോക്സി, വിജയ് മല്യ, ജതിൻ മേത്ത തുടങ്ങിയവർ വൻതുകയുടെ പൊതുപ്പണ വെട്ടിപ്പു നടത്തി രാജ്യം വിട്ടു. അതിന് മോദി സർക്കാർ മേൽനോട്ടം വഹിച്ചു. അതേക്കുറിച്ച് പറഞ്ഞ രാഹുൽ ഗാന്ധിയെ വേട്ടയാടുന്നു. അഴിമതിക്കെതിരെ പട നയിക്കുന്നുവെന്ന് പറയുന്ന ബി.ജെ.പിയുടെ ഇരട്ടത്താപ്പാണിത്.
രാഹുൽ ഗാന്ധിയെ പാർലമെന്റിൽ നിന്ന് പുറത്താക്കാനുള്ള ഗൂഢാലോചന ഇതിനു പിന്നിലുണ്ടെന്നും ഖാർഗെ ആരോപിച്ചു. ജനതാൽപര്യം മുൻനിർത്തിയുള്ള പോരാട്ടമാണ് രാഹുൽ ഗാന്ധി നടത്തുന്നതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. രാഹുലിനെതിരെ അഹന്ത നിറഞ്ഞ ഭരണകൂടം പല വിദ്യകളും പ്രയോഗിക്കുന്നുണ്ട്. പോരാട്ടം അവസാനിച്ചിട്ടില്ല. ജനകീയ വിഷയങ്ങൾ ഉയർന്നു വരരുതെന്നാണ് സർക്കാറിന്റെ താൽപര്യം. പിന്തിരിയുകയോ ഒളിച്ചോടുകയോ ഇല്ലെന്ന് പ്രിയങ്ക കൂട്ടിച്ചേർത്തു. യഥാർഥ വിഷയങ്ങളിൽനിന്ന് ജനശ്രദ്ധ തിരിക്കാൻ ഒരു ഉപകാരവുമില്ലാത്ത രാഷ്ട്രീയവേല നടത്തുകയാണ് ബി.ജെ.പിയെന്ന് ആം ആദ്മി പാർട്ടി കുറ്റപ്പെടുത്തി. രാഹുലിന് നൽകിയ ശിക്ഷ അന്യായമാണെന്ന് ആപ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

