രാഹുൽ ഗാന്ധിക്കെതിരെ വിമർശനം: ദിഗ്വിജയ് സിങ്ങിന്റെ സഹോദരനെ കോൺഗ്രസ് പുറത്താക്കി
text_fieldsന്യൂഡൽഹി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വിമർശനം നടത്തിയ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയുമായ ദിഗ് വിജയ് സിങ്ങിന്റെ സഹോദരനും മധ്യപ്രദേശിലെ മുതിർന്ന നേതാവുമായ ലക്ഷ്മണ് സിങ്ങിനെ കോണ്‍ഗ്രസ് പുറത്താക്കി.
മുൻ നിയമസഭാംഗവും അഞ്ച് തവണ എം.പിയുമായിരുന്നു ലക്ഷ്മൺ സിങ്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ലക്ഷ്മണ് സിങ്ങിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ആറുവര്‍ഷത്തേക്ക് പുറത്താക്കിയതായി കോണ്‍ഗ്രസ് അച്ചടക്ക സമിതി മെംബര്‍ സെക്രട്ടറി താരിഖ് അന്‍വര്‍ അറിയിച്ചു.
പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട പ്രതികരണത്തില്‍, രാഹുല്‍ ഗാന്ധിയും സഹോദരീ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയും പക്വതയില്ലാത്തവരാണെന്ന് ലക്ഷ്മണ് സിങ് പ്രസ്താവന നടത്തിയിരുന്നു. ബുദ്ധിപൂർവം പ്രതികരണങ്ങള്‍ നടത്താന്‍ അദ്ദേഹം രാഹുലിനെ ഉപദേശിക്കുകയും ചെയ്തു. ഇതിന് പിന്നാലെ കോണ്‍ഗ്രസ് സംസ്ഥാന ഘടകം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര നേതൃത്വം അച്ചടക്ക നടപടി സ്വീകരിച്ചത്.
നേരത്തെയും രാഹുൽ ഗാന്ധിക്കെതിരെ ലക്ഷ്മൺ വിമർശനം നടത്തിയിട്ടുണ്ട്. പാര്‍ട്ടിയുടെ പ്രതിച്ഛായ നശിപ്പിക്കുന്ന തരത്തില്‍ തുടർച്ചയായി നടത്തുന്ന പ്രസ്താവനകൾക്കെതിരെ ഇദ്ദേഹത്തിനെതിരെ പാർട്ടിക്കുള്ളിൽ പ്രതിഷേധം ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

