Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോൺഗ്രസിന് വൻ തിരിച്ചടി; സംഭാവന 400 കോടി കുറഞ്ഞു, ആകെ കിട്ടിയത് 25%; ബി.ജെ.പിക്ക് 12 ഇരട്ടി അധികം

text_fields
bookmark_border
കോൺഗ്രസിന് വൻ തിരിച്ചടി; സംഭാവന 400 കോടി കുറഞ്ഞു, ആകെ കിട്ടിയത് 25%; ബി.ജെ.പിക്ക് 12 ഇരട്ടി അധികം
cancel

ന്യൂഡൽഹി: കോൺഗ്രസിന് ലഭിക്കുന്ന സംഭാവനകളിൽ വൻ കുറവുണ്ടായതായി കണക്കുകൾ. തെരഞ്ഞെടുപ്പ് കമീഷന് കോൺഗ്രസ് സമർപ്പിച്ച റിപ്പോർട്ട് പ്രകാരം 2025-26 സാമ്പത്തിക വർഷത്തിൽ 20,000 രൂപക്ക് മുകളിലുള്ള സംഭാവനകളിൽ 75 ശതമാനത്തോളം കുറവാണുണ്ടായത്.

2024-25 സാമ്പത്തിക വർഷത്തിൽ 517.39 കോടി രൂപ ലഭിച്ച സ്ഥാനത്ത് 2025-26ൽ 130.69 കോടിയായി കുറഞ്ഞു. 2023-24 വർഷത്തിൽ 281.48 കോടി ലഭിച്ചത് 2024-25ൽ 517.39 കോടിയായി ഉയർന്നിരുന്നു. പത്തുവർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വാർഷിക ഇടിവാണിത്. 2015-16 കാലയളവിലാണ് സമാന കുറവുണ്ടായത്.

അതേസമയം, 2024-25 സാമ്പത്തിക വർഷത്തിൽ ബി.ജെ.പിക്ക് ലഭിച്ചത് 6,074.02 കോടിയുടെ സംഭാവനയാണ്. കോൺഗ്രസിന് ലഭിച്ചതിനേക്കാൾ 12 മടങ്ങോളം അധികം. 2025-26 വർഷത്തെ സംഭാവന റിപ്പോർട്ട് തെരഞ്ഞെടുപ്പ് കമീഷൻ പുറത്തുവിട്ടിട്ടില്ല.

കോൺഗ്രസിന് പ്രുഡന്റ് ഇലക്ടറൽ ട്രസ്റ്റിന്റെ സംഭാവന കുറഞ്ഞതാണ് ഇടിവിന് പ്രധാന കാരണങ്ങളിലൊന്ന്. മുൻ വർഷങ്ങളേക്കാൾ ഏകദേശം 88 ശതമാനത്തിന്റെ കുറവുണ്ടായി. കോൺഗ്രസിന്റെ ഏറ്റവും പുതിയ സംഭാവന റിപ്പോർട്ടിൽ ഇടംപിടിച്ച ഏക ഇലക്ടറൽ ട്രസ്റ്റും പ്രുഡന്റാണ്. സ്റ്റാർ സിമന്റ് അഞ്ചു കോടി രൂപയും സജ്ജൻ ഭജൻക നാല് കോടിയും പ്രേം കുമാർ ഭജൻക രണ്ടുകോടിയും കോൺഗ്രസിന് നൽകിയിട്ടുണ്ട്.

കോൺഗ്രസിന് 2020-21ൽ 74.52 കോടിയും 2021-22ൽ 95.46 കോടിയും 2022-23ൽ 79.92 കോടിയുമാണ് സംഭാവനയിനത്തിൽ ലഭിച്ചത്. എന്നാൽ, ഈ കണക്കുകളിൽ ഇലക്ടറൽ ബോണ്ടുകൾ വഴിയുള്ള വരുമാനം ഉൾപ്പെടുന്നില്ല.

2024-25ൽ സംഭാവന കൂപ്പണുകളുടെ വിൽപനയിലൂടെ 350 കോടി രൂപ കോൺഗ്രസ് സമാഹരിച്ചിരുന്നു. 2025-26 സാമ്പത്തിക വർഷത്തെ കോൺഗ്രസിന്റെ ഓഡിറ്റ് ചെയ്ത കണക്കുകൾ ഇതുവരെ ലഭ്യമായിട്ടില്ല. ഇവ പുറത്തുവരുന്നതോടെ മാത്രമേ പാർട്ടിയുടെ മൊത്തത്തിലുള്ള സാമ്പത്തിക സ്ഥിതി വ്യക്തമാകൂ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Congress donations drop by Rs 400 crore, BJP gets 12x more
Next Story