ബാബരി മസ്ജിദ് തകർത്തത് കോൺഗ്രസ്- വിനയ് കത്യാർ
text_fieldsഅയോധ്യ: ബാബരി മസ്ജിദ് തകർത്തത് കോൺഗ്രസാണെന്ന് ബജ് രംഗ്ദൾ നേതാവും മുൻ എം.പിയുമായ വിനയ് കത്യാർ. ഉത്തർപ്രദേശിലെ ബി.ജെ.പി സർക്കാറിനെ താഴെയിറക്കാനായി കോൺഗ്രസ് ആസൂത്രണം ചെയ്ത് നടപ്പാക്കിയ തന്ത്രമായിരുന്നു ഇത്. പക്ഷെ കുറ്റക്കാരായത് ഞങ്ങളാണ്. വിനയ് കത്യാർ പറഞ്ഞു.
പളളി പൊളിക്കണമെന്ന് ഞങ്ങൾക്ക് ഒരു ഉദ്ദേശവും ഉണ്ടായിരുന്നില്ല- ദേശീയ പത്രത്തിന് നൽകിയ അഭിമുഖത്തിൽ വിനയ് കത്യാർ പറഞ്ഞു. കാശിയിലും മഥുരയിലും ഇപ്പോൾ ക്ഷേത്രങ്ങൾ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും വിനയ് കത്യാർ പറഞ്ഞു.
ബാബരി പളളി പൊളിച്ചതിൽ ഗൂഡാലോചനയില്ലെന്നും ബി.ജെ.പി നേതാക്കൾക്ക് പങ്കില്ലെന്നുമുള്ള കോടതി വിധിയിൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ അതൃപ്തി രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് വിനയ് കത്യാറിന്റെ വിശദീകരണം. കേസിൽ പ്രതിസ്ഥാനത്തുണ്ടായിരുന്ന ഇദ്ദേഹത്തെ അദ്വാനി അടക്കമുള്ള ബി.ജെ.പി നേതാക്കൾക്കൊപ്പം പ്രത്യേക കോടതി കുറ്റവിമുക്തനാക്കിയിരുന്നു.

