ഹനുമാനെ അവഹേളിച്ച നരേന്ദ്രമോദി മാപ്പ് പറയണം -കോൺഗ്രസ്
text_fieldsന്യൂഡൽഹി: ഹനുമാനെ ബജ്‌റംഗ്ദളുമായി താരതമ്യപ്പെടുത്തി അവഹേളിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി മാപ്പുപറയണമെന്ന് കോൺഗ്രസ്. വിധ്വംസക പ്രവർത്തനങ്ങൾ നടത്തുന്ന ഗുണ്ടകളായ ബജ്‌റംഗ്ദളിനെ ഹനുമാനുമായി താരതമ്യം ചെയ്ത മോദി, താനടക്കമുള്ള കോടിക്കണക്കിന് ഹനുമാൻ ഭക്തരുടെ മതവികാരം വ്രണപ്പെടുത്തിയതായി കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു. ബജ്റംഗ്ദളിനെ നിരോധിക്കുമെന്ന കോൺഗ്രസ് പ്രകടനപത്രികയെ വിമർശിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി വിവാദ പ്രസ്താവന നടത്തിയത്.
‘ഹനുമാനിലുള്ള ഞങ്ങളുടെ വിശ്വാസത്തെ പ്രധാനമന്ത്രി അപമാനിക്കുകയാണ്. മതവികാരം വ്രണപ്പെടുത്തിയതിന് അദ്ദേഹം രാജ്യത്തോട് മാപ്പ് പറയണം. ബജ്‌റംഗബലിയെ (ഹനുമാൻ) അപമാനിക്കാൻ ആരും പ്രധാനമന്ത്രിക്ക് അവകാശം നൽകിയിട്ടില്ല” -ഹനുമാൻ ചാലിസയുടെ പകർപ്പ് കീശയിൽനിന്ന് എടുത്തുയർത്തി പവൻ ഖേര മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മധ്യപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിൽ ബജ്‌റംഗ്ദൾ നടത്തുന്ന വിധ്വംസക പ്രവർത്തനങ്ങളെ കുറിച്ച് പ്രധാനമന്ത്രിക്ക് അറിയില്ലെങ്കിൽ, അദ്ദേഹം ബി.ജെ.പി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയെ കണ്ട് അന്വേഷിക്കണമെന്നും ഖേര പറഞ്ഞു. “പാക് ചാരസംഘടനയായ ഐഎസ്‌ഐയുമായി ബന്ധമുള്ള പാർട്ടിയാണ് ബജ്രംഗ്ദൾ എന്ന് 2017ൽ സിന്ധ്യ പറഞ്ഞിരുന്നു. ബജ്‌റംഗ്ദളിനെ കുറിച്ചുള്ള വീക്ഷണങ്ങളെക്കുറിച്ച് അറിയാൻ ഫോൺ എടുത്ത് ജ്യോതിരാദിത്യ സിന്ധ്യയെ വിളിച്ചുനോക്കൂ...’ ഖേര പറഞ്ഞു.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച മാതൃകയിൽ ബജ്‌റംഗ്ദളിനെയും നിരോധിക്കുമെന്നാണ് കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ കോൺഗ്രസ് വാഗ്ദാനം ചെയ്തത്. വിദ്വേഷപ്രചാരണത്തിന് നേതൃത്വംനൽകുന്ന വ്യക്തികൾക്കും വർഗീയ സംഘടനകൾക്കുമെതിരെ ശക്തമായ നടപടിയെടുക്കും. ബജ്റംഗ് ദളിനെയും പോപുലർ ഫ്രണ്ടിനെയും പോലുള്ള ഭൂരിപക്ഷ സമുദായത്തിലെയോ ന്യൂനപക്ഷ സമുദായത്തിലെയോ സംഘടനകളെ നിയമപ്രകാരം നിരോധിക്കുന്നതടക്കമുള്ള നടപടി സ്വീകരിക്കുമെന്നും നാലു വർഷത്തിനിടെ ബി.ജെ.പി സർക്കാർ കൊണ്ടുവന്ന എല്ലാ ജനദ്രോഹ നിയമങ്ങളും ഒരു വർഷത്തിനകം പിൻവലിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കിയിരുന്നു.
ഇതിനുപിന്നാലെ, ‘ജയ് ബജ്‌റംഗ്ബലി’ എന്ന് വിളിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരെയും പൂട്ടാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് മോദി ആരോപിച്ചു. ബജ്റംഗ് ദളിനെതിരായ നീക്കം ഹനുമാൻ ദേവനും ഹനുമാൻ ഭക്തർക്കുമെതിരായ നീക്കമായാണ് ബി.ജെ.പി ചിത്രീകരിക്കുന്നത്. കർണാടകയിൽ പ്രചാരണ രംഗത്തുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി അധ്യക്ഷൻ ജെ.പി. നദ്ദ, യുവ എം.പി തേജസ്വി സൂര്യ തുടങ്ങിയവർ വിഷയം ഏറ്റുപിടിച്ചു.
ചൊവ്വാഴ്ച രാവിലെ കോൺഗ്രസ് പ്രകടനപത്രിക പുറത്തിറങ്ങിയതിന് പിന്നാലെ വടക്കൻ കർണാടകയിലെ വിജയനഗരയിൽ ബി.ജെ.പി റാലിയിൽ നരേന്ദ്ര മോദി ‘ഹനുമാന്റെ നാടായ കർണാടകയെ അഭിവാദ്യം ചെയ്യുന്നു’ എന്നുപറഞ്ഞാണ് പ്രസംഗം തുടങ്ങിയത്. വിജയനഗരയിലെ ഹംപിക്ക് സമീപത്തെ ആഞ്ജനാദ്രി കുന്നിലാണ് ഹനുമാൻ പിറന്നതെന്നാണ് ഐതിഹ്യം.
കോൺഗ്രസ് ആദ്യം രാമദേവനെ പൂട്ടി. ഇപ്പോൾ ഹനുമാൻ ഭക്തരെ ജയിലിലടക്കാൻ ആഗ്രഹിക്കുന്നു -മോദി പറഞ്ഞു. താനുമൊരു ബജ്റംഗിയാണെന്ന് വ്യക്തമാക്കിയ യുവമോർച്ച ദേശീയ അധ്യക്ഷനും ബംഗളൂരു സൗത്ത് എം.പിയുമായ തേജസ്വി സൂര്യ, ബജ്റംഗ് ദളിനെ നിരോധിക്കാൻ കോൺഗ്രസിനെ വെല്ലുവിളിച്ചു.
കോൺഗ്രസിന്റെ വെല്ലുവിളി ഏറ്റെടുക്കുന്നതായും ജനാധിപത്യപരമായി മറുപടി നൽകുമെന്നും പ്രതികരിച്ച വി.എച്ച്.പി ജോയന്റ് ജനറൽ സെക്രട്ടറി സുരേന്ദ്ര കുമാർ ജെയിൻ, പോപുലർ ഫ്രണ്ടുമായി താരതമ്യം ചെയ്തതിലൂടെ ദേശീയവാദം ഉയർത്തിപ്പിടിക്കുന്ന പാർട്ടിയെയാണ് കോൺഗ്രസ് അപമാനിച്ചതെന്ന് കുറ്റപ്പെടുത്തി.ഡൽഹിയിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ വസതിയിലേക്ക് ഹിന്ദുത്വ പ്രവർത്തകർ മാർച്ച് നടത്തി. രാജ്യത്ത് പലയിടങ്ങളിലും വി.എച്ച്.പി-ബജ്റംഗ് ദൾ പ്രതിഷേധം അരങ്ങേറി.