തെലങ്കാന: കോത്തഗുഡം കോർപറേഷനിൽ മിന്നും ജയവുമായി സി.പി.ഐ; 25 സീറ്റുമായി മേയർ പദത്തിലേക്ക്; കോൺഗ്രസ് പിന്തുണ; സി.പി.എമ്മിന് ഒന്ന് മാത്രം
text_fieldsഹൈദരാബാദ്: സംസ്ഥാന ഭരണകക്ഷിയായ കോൺഗ്രസിന്റെ മിന്നും വിജയത്തിന് സാക്ഷിയായ തെലങ്കാന തദ്ദേശ തിരഞ്ഞെടുപ്പിൽ ശ്രദ്ധേയ നേട്ടവുമായി സി.പി.ഐ. ഇടതു പാർട്ടികൾക്ക് വേരോട്ടമുള്ള കോത്തഗുഡം കോർപ്പറേഷനിൽ 25 സീറ്റുകളാണ് തനിച്ച് മത്സരിച്ച സി.പി.ഐ നേടിയത്. ആകെ 60 സീറ്റുകളുള്ള കോർപറേഷനിൽ കോൺഗ്രസും 21 സീറ്റ് നേടി. സി.പി.ഐ ആണ് ഏറ്റവും വലിയ ഒറ്റകക്ഷി. ബി.ആർ.എസിന് എട്ടും, സി.പി.എമ്മിനും ബി.ജെ.പിക്കും ഓരോ സീറ്റും ലഭിച്ചു. മൂന്ന് സ്വതന്ത്രരും വിജയിച്ചു.
ഇതോടെ കോൺഗ്രസും, സി.പി.ഐയും ചേർന്ന് നഗര ഭരണം സ്വന്തമാക്കും. സ്വതന്ത്രരും സി.പി.എം പ്രതിനിധിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇൻഡ്യ മുന്നണിയിൽ അംഗങ്ങളായ കോൺഗ്രസും ഇടതുപാർട്ടികളും ഇവിടെ തനിച്ചാണ് മത്സരിച്ചത്. കൽക്കരി കമ്പനിയായ സിൻഗരേനിയിലേതുൾപ്പെടെ തൊഴിലാളി കുടുംബങ്ങളിലെ ശക്തമായ സ്വാധീനവുമായാണ് സി.പി.ഐ സീറ്റുകൾ വാരികൂട്ടിയത്.
കഴിഞ്ഞ വർഷമാണ് കോത്തഗുഡം കോർപറേഷനായി ഉയർത്തിയത്. സി.പി.ഐക്ക് പിന്തുണ നൽകാൻ സന്നദ്ധരാണെന്ന് ബി.ആർ.എസ് നേതാവ് കെ.ടി രാമറാവു അറിയിച്ചു. 31 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. എന്നാൽ, നേരത്തെയുള്ള സഖ്യം പുനസ്ഥാപിക്കാനുള്ള താൽപര്യവുമായി മുഖ്യമന്ത്രി സി.പി.ഐ നേതാക്കളുമായി ബന്ധപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സ്വതന്ത്രരുടെ കൂടി പിന്തുണയുള്ളതിനാൽ മേയർ പദത്തിൽ സി.പി.ഐ അവകാശവാദമുന്നയിക്കും. കോൺഗ്രസ് വിട്ടുനൽകുമോയെന്നറിയാനുള്ള കാത്തിരിപ്പാണിനി.
തെലങ്കാന നിയസഭയിൽ ഒരേയൊരു സി.പി.ഐ അംഗം കോത്തഗുഡത്തു നിന്നാണ്. കെ സാംബശിവ റാവു ആണ് നിയമസഭാംഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

