രാഹുൽ-വിജയ് സൗഹൃദചിത്രം ഇൻസ്റ്റഗ്രാം 'മുക്കി'; പിന്നിൽ കേന്ദ്രമെന്ന് കോൺഗ്രസ്, സാങ്കേതിക പിഴവെന്ന് ഐ.ടി മന്ത്രാലയം
text_fieldsചെന്നൈ: തമിഴ്നാട്ടിൽ മുഖ്യമന്ത്രിയായി ചുമതലയേറ്റ വിജയിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഒന്നിച്ചുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ അപ്രത്യക്ഷമായതിനെ ചൊല്ലി പാർട്ടികൾക്കിടയിൽ രാഷ്ട്രീയ പോര്. ചെന്നൈയിൽ നടന്ന വിജയിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് പിന്നാലെ രാഹുൽ ഗാന്ധി പങ്കുവെച്ച ഇൻസ്റ്റഗ്രാം റീലും ചിത്രങ്ങളുമാണ് ബ്ലോക്ക് ചെയ്യപ്പെട്ടത്. എന്നാൽ നിമിഷങ്ങൾക്കകം കോടിക്കണക്കിന് ആളുകളിലേക്ക് എത്തിയ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം നീക്കം ചെയ്തത് കേന്ദ്ര ഐ.ടി മന്ത്രാലയത്തിന്റെ സമ്മർദം മൂലമാണെന്ന് കോൺഗ്രസ് ആരോപിച്ചു.
കേവലം ഒരു മണിക്കൂറിനുള്ളിൽ 12 ദശലക്ഷം കാഴ്ചക്കാരെ നേടിയ റീലും 46 ദശലക്ഷം പേരിലേക്ക് എത്തിയ ചിത്രവുമാണ് സമൂഹമാധ്യമത്തിൽ നിന്ന് അപ്രത്യക്ഷമായതെന്ന് രാഹുൽ ഗാന്ധിയുടെ സഹായിയും കോൺഗ്രസ് നേതാവുമായ ശ്രീവത്സ എക്സിലൂടെ വെളിപ്പെടുത്തി. പ്രതിപക്ഷ നേതാവിന്റെ ശബ്ദം ഇല്ലാതാക്കാൻ കേന്ദ്ര ഐ.ടി മന്ത്രാലയത്തിന്റെ നിയമങ്ങൾ ഉപയോഗിച്ച് പ്ലാറ്റ്‌ഫോമുകൾക്ക് മേൽ സമ്മർദം ചെലുത്തുകയാണെന്നും രാഹുലിന്റെ എക്സ്, യൂട്യൂബ് റീച്ചുകൾ ദീർഘകാലമായി അടിച്ചമർത്തപ്പെടുകയാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.
എന്നാൽ, ഈ ആരോപണങ്ങൾ കേന്ദ്ര സർക്കാർ തള്ളി. സംഭവത്തിൽ ഐ.ടി മന്ത്രാലയത്തിന് പങ്കില്ലെന്നും ഇൻസ്റ്റഗ്രാമിന്റെ ആഭ്യന്തര സുരക്ഷാ സംവിധാനം അബദ്ധവശാൽ പോസ്റ്റ് ഫ്ലാഗ് ചെയ്തതാണ് പ്രശ്നമായതെന്നും മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. പ്ലാറ്റ്‌ഫോമിന്റെ ഭാഗത്തുനിന്നുണ്ടായ ഒരു 'ഗ്ലിച്ച്' മാത്രമാണിതെന്നും, നിലവിൽ രാഹുൽ ഗാന്ധിയുടെ പോസ്റ്റുകൾ പുനസ്ഥാപിച്ചിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. ഇൻസ്റ്റഗ്രാമിന്റെ സാങ്കേതിക പിഴവിനെ രാഷ്ട്രീയവൽക്കരിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും മന്ത്രാലയം പരിഹസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

