നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടിയില്ല; കർണാടകയിൽ കോൺഗ്രസ് നേതാവ് ബി.ജെ.പിയിൽ ചേർന്നു
text_fieldsബംഗളൂരു: ഇക്കഴിഞ്ഞ കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാവ് ബി.ജെ.പിയിൽ ചേർന്നു. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ ജൻമനാടായ കൽബുർഗിയിലാണ് സംഭവം. ഖാർഗെയുടെ വിശ്വസ്തനായ ആർ. രുദ്രയ്യ ആണ് മറുപക്ഷത്തേക്ക് മാറിയത്.
റിട്ട. കർണാടക അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഉദ്യോഗസ്ഥനാണ് രുദ്രയ്യ. പ്രതിപക്ഷ നേതാക്കളായ ആർ. അശോക, എം.പി.എസ്. മുനിസ്വാമി, എം.എൽ.എ ശിവരാജ് പാട്ടീൽ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു രുദ്രയുടെ ബി.ജെ.പി പ്രവേശനം. ദലിത് സമുദായത്തിൽ നിന്നുള്ള രുദ്രയ്യ ജലസേചനവകുപ്പിലെ സീനിയർ ഉദ്യോഗസ്ഥനായാണ് സർവീസിൽ നിന്ന് വിരമിച്ചത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ലിങ്ക്സുഗർ മണ്ഡലത്തിൽനിന്ന് കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കാനായിരുന്നു ഇദ്ദേഹത്തിന്റെ ആഗ്രഹം. എന്നാൽ ടിക്കറ്റ് കിട്ടാതായപ്പോൾ രുദ്രയ്യ കല്യാണരാജ്യ പ്രഗതിപക്ഷ മണ്ഡലത്തിൽ നിന്ന് സ്വതന്ത്രനായി മത്സരിച്ച് 13,764 വോട്ടുകൾ നേടി. തനിക്ക് ലിങ്ക്സുഗർ മണ്ഡലത്തിൽ ടിക്കറ്റ് നിഷേധിച്ചതിന് പിന്നിൽ ഖാർഗെയുടെ കൈകളുമുണ്ടെന്ന് മനസിലാക്കിയതോടെ രുദ്രയ്യ അസ്വസ്ഥനായി.
രുദ്രയ്യ കോൺഗ്രസ് വിടുമെന്ന് നേരത്തേ പ്രചാരണമുണ്ടായിരുന്നു. എന്നാൽ അക്കാര്യം സ്ഥിരീകരിക്കാൻ ആദ്യം അദ്ദേഹം തയാറായില്ല. ദലിത് നേതാവ് തങ്ങൾക്കൊപ്പമെത്തിയതോടെ കൽബുർഗി മേഖലയിൽ സ്വാധീനം വർധിപ്പിക്കാൻ സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി. ഇവിടെ ഖാർഗെയുടെ കുടുംബത്തിനാണ് ആധിപത്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

