തൊഴിലുറപ്പ് പദ്ധതി; രാജ്യവ്യാപക പ്രതിഷേധത്തിന് കോൺഗ്രസ്
text_fieldsന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജനുവരി പത്തു മുതൽ ഫെബ്രുവരി 25 വരെ 45 ദിവസത്തെ രാജ്യവ്യാപക തൊഴിലുറപ്പ് പദ്ധതി സംരക്ഷണ കാമ്പയിൻ പ്രഖ്യാപിച്ച് കോൺഗ്രസ്. ജനുവരി പത്തിന് ജില്ലതല വാർത്താ സമ്മേളനങ്ങളോടെ കാമ്പയിന് തുടക്കം കുറിക്കും. 11ന് മഹാത്മാഗാന്ധിയുടെയോ അംബേദ്കറിന്റെയോ പ്രതിമകൾക്ക് സമീപം ഒരു ദിവസത്തെ നിരാഹാര സമരം.
ജനുവരി 12 മുതൽ 29 വരെ പഞ്ചായത്ത് തല പ്രതിഷേധ പരപാടികൾ സംഘടിപ്പിക്കും. 30 ന് വാർഡ്, ബ്ലോക്ക് തലങ്ങളിൽ സമരങ്ങളും ജനുവരി 31 മുതൽ ഫെബ്രുവരി ആറു വരെ ജില്ലതല ധർണകൾ നടത്തും. ഫെബ്രുവരി ഏഴു മുതൽ 15 വരെ നിയമസഭകൾ, രാജ് ഭവനുകൾക്കു മുന്നിൽ സംസ്ഥാനതല ഉപരോധ സമരവും ഫെബ്രുവരി 16 മുതൽ 25 വരെ കാലയളവിൽ നാല് മേഖലതല മഹാറാലികളും സംഘടിപ്പിക്കും.
സർക്കാർ കൊണ്ടുവന്ന വിബി ജി റാം ജി നിയമം പിൻവലിക്കണമെന്നും മഹാത്മഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അതിന്റെ യഥാർഥ രൂപത്തിൽ പുനഃസ്ഥാപിക്കണമെന്നും പ്രതിഷേധ പരിപാടികൾ പ്രഖ്യാപിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. നിയമപരമായ തൊഴിൽ അവകാശത്തെ പുതിയ നിയമത്തിൽ വിവേചനാധികാരമാക്കി മാറ്റി. കേന്ദ്രം അറിയിക്കുന്ന പഞ്ചായത്തുകളിൽ മാത്രം തൊഴിൽ ലഭ്യമാകുകയുള്ളൂ. ലക്ഷക്കണക്കിന് ഗ്രാമീണ കുടുംബങ്ങൾക്ക് തൊഴിലിനുള്ള നിയമപരമായ അവകാശം നഷ്ടമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പുതിയ നിയമത്തിൽ തൊഴിലിന്റെ ഗാരന്റിയോ സംസ്ഥാനങ്ങൾക്കുള്ള സാമ്പത്തിക സഹായത്തിന്റെ ഗാരന്റിയോ ഇല്ലെന്ന് ജയ്റാം രമേശ് പറഞ്ഞു. മൂന്ന് കാർഷിക നിയമങ്ങളുടെ അതേ വിധി പുതിയ നിയമത്തിനും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

