രണ്ടാം സ്വാതന്ത്ര്യ സമരത്തിന് കോൺഗ്രസ് ആഹ്വാനം
text_fieldsവാർധ (മഹാരാഷ്ട്ര): ഗാന്ധിജയന്തി ദിനത്തിൽ പുതിയ സ്വാതന്ത്ര്യ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് കോൺഗ്രസ്. മോദിസർക്കാറിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ പുതിയ മുന്നേറ്റം വേണമെന്ന് വാർധ സേവാഗ്രാമിൽ നടന്ന പ്രതീകാത്മക പ്രവർത്തക സമിതി യോഗം ആഹ്വാനം ചെയ്തു. മോദിസർക്കാർ വിഭാഗീയതയുടെ രാഷ്ട്രീയം കളിക്കുകയാണ്. ഭീഷണിയും പീഡനവും ആവർത്തിക്കപ്പെടുന്നു.
ജനാധിപത്യപരമായ ചർച്ചകളും വിയോജിപ്പുകളൂം ഞെരിച്ച് അമർത്താനാണ് മോദി ഭരണകൂടം ശ്രമിക്കുന്നത്. സവിശേഷമായ വൈവിധ്യം നിലനിൽക്കുന്ന രാജ്യത്ത് കൃത്രിമമായ ഏകത അടിച്ചേൽപിക്കുകയാണ്. ഇൗ സാഹചര്യത്തിൽ ക്വിറ്റിന്ത്യ പ്രക്ഷോഭത്തിന് സമാനമായ ജനമുന്നേറ്റം ആവശ്യമാണെന്ന് പ്രവർത്തക സമിതി പ്രമേയത്തിൽ പറഞ്ഞു.
മഹാത്മാഗാന്ധിയുടെ പൈതൃകം വോട്ടുതട്ടാനുള്ള അവസരവാദത്തിന് ദുരുപയോഗിക്കുകയാണ് ആർ.എസ്.എസും ബി.ജെ.പിയും ചെയ്യുന്നതെന്ന് പ്രമേയത്തിൽ കുറ്റപ്പെടുത്തി. ഗാന്ധിവധത്തിലേക്ക് നയിച്ച അന്തരീക്ഷം ആർ.എസ്.എസ് രാജ്യത്ത് സൃഷ്ടിക്കുകയാണ്.
മഹാത്മാഗാന്ധിയെ ജീവിതകാലം മുഴുവൻ തള്ളിപ്പറഞ്ഞ സംഘ്പരിവാർ ഇന്ന് ഗാന്ധിയൻ ആദർശങ്ങളുടെ കപട വക്താക്കളായി മാറി. മൗലികമായ ഇൗ സന്ദേശം രാജ്യമെങ്ങും പ്രചരിപ്പിക്കാൻ പ്രവർത്തക സമിതി തീരുമാനിച്ചു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അധ്യക്ഷത വഹിച്ച യോഗത്തിൽ യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻസിങ് തുടങ്ങിയവർ സംസാരിച്ചു. എ.കെ. ആൻറണി അടക്കം കേരളത്തിൽ നിന്നുള്ള പ്രവർത്തക സമിതി അംഗങ്ങളും പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
