ലോക്പാൽ യോഗം കോൺഗ്രസ് ബഹിഷ്കരിച്ചു
text_fieldsന്യൂഡൽഹി: ലോക്പാലിനെ നിയമിക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് സമിതി യോഗം കോൺഗ്രസ് ബഹിഷ്കരിച്ചു. ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയുടെ നേതാവിന് പാനലിൽ സമ്പൂർണ പദവി അനുവദിക്കുന്നതുവരെ സമിതി യോഗത്തിൽ പങ്കെടുക്കാനാവില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ് ലോക്സഭ നേതാവ് മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നൽകി.
വ്യാഴാഴ്ച വൈകിട്ടാണ് യോഗം നിശ്ചയിച്ചിരുന്നത്. ഇതേ കാരണത്താൽ ഖാർഗെ നേരെത്തയും പാനൽ യോഗം ബഹിഷ്കരിച്ചിരുന്നു. ഇതുസംബന്ധിച്ച് നേരത്തേ അയച്ച കത്തുകൾക്ക് മറുപടി ലഭിച്ചില്ലെന്ന് ഖാർഗെ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ ലോക്പാൽ നിയമം 2013ൽ വിഭാവനം ചെയ്തതുപോലെ സമ്പൂർണ അംഗത്വ പദവി നൽകുന്നതുവരെ യോഗത്തിൽ പങ്കെടുക്കാനാവില്ലെന്ന് അറിയിക്കുന്നു.
പാനൽ യോഗത്തിലേക്ക് പ്രത്യേക ക്ഷണിതാവായി തന്നെ ക്ഷണിച്ചതിനെ എതിർത്ത അദ്ദേഹം നിയമത്തിലെ നാലാം വകുപ്പ് പ്രകാരം അത്തരം ഒരു വ്യവസ്ഥ ഇല്ലെന്ന് സർക്കാറിന് അറിവുള്ളതാണെന്നും കത്തിൽ ചൂണ്ടിക്കാട്ടി. ബി.ജെ.പി സർക്കാർ നിലവിൽ വന്നിട്ട് നാല് വർഷമായി. പ്രതിപക്ഷ ശബ്ദം ലോക്പാൽ നിയമനപ്രക്രിയയിൽ ഉണ്ടാകണമെന്ന് സർക്കാർ ആത്മാർഥമായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് ഉറപ്പുവരുത്തുന്നതിനാവശ്യമായ ഭേദഗതി കൊണ്ടുവരാൻ കഴിയുമായിരുന്നു ഖാർഗെ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
