ബാഘേലിനെതിരായ ഇ.ഡി നടപടിയിൽ കോൺഗ്രസ്-ബി.ജെ.പി പോര്
text_fieldsഭൂപേഷ്
ബാഘേൽ
ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിനിടയിൽ ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേലിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പുറത്തുവിട്ട കോഴ ആരോപണത്തെച്ചൊല്ലി കോൺഗ്രസും ബി.ജെ.പിയുമായി തുറന്ന പോര്.
മഹാദേവ് എന്ന വാതുവെപ്പ് മൊബൈൽ ആപ്ലിക്കേഷൻ നടത്തിപ്പുകാർ ബാഘേലിന് 508 കോടി നൽകിയെന്ന മൊഴി അസിംദാസ് എന്നയാളിൽനിന്ന് ലഭിച്ച കാര്യം പ്രസ്താവന രൂപത്തിൽ ഇ.ഡി പുറത്തറിയിക്കുകയായിരുന്നു. ബാഘേലിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയോ അന്വേഷണം നടത്തുകയോ ചെയ്യാതെ തെരഞ്ഞെടുപ്പു ഘട്ടത്തിൽ അന്വേഷണ ഏജൻസി ഇത്തരത്തിൽ പക്ഷപാതപരമായി പെരുമാറിയതിനെ കോൺഗ്രസ് രൂക്ഷമായി വിമർശിച്ചു.
മഹാദേവ് പ്രമോട്ടർമാർക്കെതിരെ കേന്ദ്രം നടപടി എടുക്കാത്തത് എന്താണെന്ന് ബാഘേൽ ചോദിച്ചു. അവർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതാണെങ്കിലും അറസ്റ്റ് ഉണ്ടായിട്ടില്ല. തനിക്കെതിരെ ഇ.ഡി ഇറക്കിയ പ്രസ്താവന ബി.ജെ.പിയുടെ രണ്ടാമത്തെ തെരഞ്ഞെടുപ്പു പ്രകടന പത്രികയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം, മഹാദേവന്റെ പേരിൽ പോലും കോൺഗ്രസ് അഴിമതി നടത്തുന്നുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ഛത്തിസ്ഗഢിൽ പ്രസംഗിച്ചത്.
തോൽവിപ്പേടിയാണ് ബി.ജെ.പി കേന്ദ്ര അന്വേഷണ ഏജൻസിയെ ഇറക്കിയതിനു പിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു. കോൺഗ്രസ് നേതാക്കളുടെ പ്രതിച്ഛായ ജനമധ്യത്തിൽ തെരഞ്ഞെടുപ്പു സമയത്ത് ഇടിച്ചു കാണിക്കാൻ ഇ.ഡി ചട്ടുകമായി. പക്ഷേ, ജനം തിരിച്ചടി നൽകുമെന്ന് പാർട്ടി നേതാക്കളായ കെ.സി. വേണുഗോപാൽ, ജയ്റാം രമേശ്, അഭിഷേക് സിങ്വി എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
മഹാദേവ് ആപ്ലിക്കേഷൻ ഉൾപ്പെട്ട കുംഭകോണത്തിൽ ഛത്തിസ്ഗഢ് സർക്കാർ 70 എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് 450 പേരെ അറസ്റ്റു ചെയ്തതാണ്. 16 കോടി രൂപയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. എന്നാൽ, ദുബൈയിൽനിന്ന് പ്രവർത്തനം നടത്തുന്ന ഇക്കൂട്ടർക്കെതിരെ ബി.ജെ.പി നയിക്കുന്ന കേന്ദ്രസർക്കാർ ഒന്നും ചെയ്തില്ല. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ഉപദേഷ്ടാവ് വിനോദ് വർമയുടെയും രണ്ട് കീഴുദ്യോഗസ്ഥരുടെയും വീടുകളിൽ റെയ്ഡ് നടത്തുകയാണ് ഇ.ഡി ചെയ്തത്. പക്ഷേ, ഒരു ബന്ധവും കണ്ടെത്താനായിട്ടില്ല. ഇ.ഡി നടപടിക്കെതിരെ തെരഞ്ഞെടുപ്പു കമീഷനെ സമീപിക്കുമെന്നും കോൺഗ്രസ് പറഞ്ഞു.
വാതുവെയ്പുകാരുടെ പണമാണ് കോൺഗ്രസ് ഛത്തിസ്ഗഢിൽ തെരഞ്ഞെടുപ്പു ചെലവിന് മുടക്കുന്നതെന്ന് മന്ത്രി സ്മൃതി ഇറാനി ആരോപിച്ചു. ദുബൈയിൽനിന്ന് ഹവാല വഴി പണമെത്തുകയാണെന്നും അവർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

