രാജ്യസഭാ തെരഞ്ഞെടുപ്പ്: ഏഴ് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്; കർണാടകയിൽ നിന്ന് മല്ലികാർജുൻ ഖാർഗെയും പവൻ ഖേരയും
text_fieldsന്യൂഡൽഹി: ജൂൺ 18-ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ഏഴ് സ്ഥാനാർഥികളുടെ പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചു. പാർട്ടിയുടെ ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കർണാടകയിൽ നിന്ന് വീണ്ടും രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തു. ഖാർഗെക്ക് പുറമെ പവൻ ഖേര, മൻസൂർ അലി ഖാൻ എന്നിവരെയും കർണാടകയിൽ നിന്ന് പാർട്ടി സ്ഥാനാർഥികളായി പ്രഖ്യാപിച്ചു. വിവിധ സംസ്ഥാനങ്ങളിലായി 24 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുക.
കോൺഗ്രസ് സ്ഥാനാർഥി പട്ടിക
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പുറത്തിറക്കിയ വാർത്താക്കുറിപ്പ് പ്രകാരം, മധ്യപ്രദേശിലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ മുൻ എം.പിയായ മീനാക്ഷി നടരാജനെ കോൺഗ്രസ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്.
തമിഴ്‌നാട്ടിൽ നിന്ന് പാർട്ടി ഡാറ്റാ അനലിറ്റിക്സ് ആൻഡ് പ്രഫഷണൽസ് വിങ് തലവൻ പ്രവീൺ ചക്രവർത്തിയെയും, രാജസ്ഥാനിൽ നിന്ന് നീരജ് ഡാംഗിയെയും വീണ്ടും സ്ഥാനാർഥിയായി നിശ്ചയിച്ചു. ജാർഖണ്ഡിൽ നിന്ന് കോൺഗ്രസ് അധ്യക്ഷന്റെ ഓഫിസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പ്രണവ് ഝായെയാണ് നാമനിർദേശം ചെയ്തിരിക്കുന്നത്.
രാജ്യസഭാ തെരഞ്ഞെടുപ്പ് 2026
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ, മല്ലികാർജുൻ ഖാർഗെ, ദിഗ്‌വിജയ് സിങ് തുടങ്ങി നിലവിലെ അംഗങ്ങളുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് 24 സീറ്റുകളിലേക്ക് ജൂൺ 18-ന് തെരഞ്ഞെടുപ്പ് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചിരിക്കുന്നത്. ജൂൺ 21 മുതൽ ജൂലൈ 19 വരെയുള്ള തീയതികളിൽ കാലാവധി അവസാനിക്കുന്ന 10 സംസ്ഥാനങ്ങളിലെ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്.
ആന്ധ്രാപ്രദേശ്, ഗുജറാത്ത്, കർണാടക എന്നിവിടങ്ങളിൽ നാല് വീതം സീറ്റുകളിലും, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ മൂന്ന് വീതം സീറ്റുകളിലും, ജാർഖണ്ഡിൽ രണ്ട് സീറ്റുകളിലും, മണിപ്പൂർ, മേഘാലയ, അരുണാചൽ പ്രദേശ്, മിസോറാം എന്നിവിടങ്ങളിൽ ഓരോ സീറ്റിലും തെരഞ്ഞെടുപ്പ് നടക്കും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 8 ആണ്.
എച്ച്.ഡി. ദേവഗൗഡ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കേന്ദ്രമന്ത്രിമാരായ രവ്‌നീത് സിങ് (രാജസ്ഥാൻ), ജോർജ് കുര്യൻ (മധ്യപ്രദേശ്), മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ് സിങ്, കോൺഗ്രസ് നേതാവ് ശക്തിസിൻഹ് ഗോഹിൽ തുടങ്ങിയവർ വിരമിക്കുന്നവരിൽ ഉൾപ്പെടുന്നു. രവ്‌നീത് സിങിന് പുറമെ, രാജസ്ഥാനിൽ കാലാവധി അവസാനിക്കുന്ന മറ്റ് അംഗങ്ങൾ കോൺഗ്രസിന്റെ നീരജ് ഡാംഗിയും ബി.ജെ.പിയുടെ രാജേന്ദ്ര ഗെഹ്‌ലോട്ടുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

