എസ്.ഐ.ആർ അടക്കം കത്തി നിന്ന അസമിൽ പ്രതീക്ഷയോടെ കോൺഗ്രസും ബി.ജെ.പിയും
text_fieldsഅസം കോൺഗ്രസ് പ്രസിഡന്റ് ഗൗരവ് ഗൊഗോയ്, അമ്മ ഡോളി ഗൊഗോയ്ക്കൊപ്പം വോട്ട് രേഖപ്പെടുത്താൻ എത്തുന്നു
ഗുവാഹതി: എസ്.ഐ.ആർ അടക്കം നിരവധി വിഷയങ്ങൾ പ്രചാരണത്തിൽ കത്തിനിന്ന വടക്കുകിഴക്കൻ സംസ്ഥാനമായ അസമിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ പോളിങ്. 126 നിയമസഭാ മണ്ഡലങ്ങളിലും വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് വോട്ടെടുപ്പ് അവസാനിച്ചപ്പോൾ 85.21 ശതമാനം പോളിങ് രേഖപ്പെടുത്തി. ഇത് 2021ൽ 82.04 ശതമാനമായിരുന്നു. ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ അസമിൽ തുടർച്ചയായി മൂന്നാം തവണയും അധികാരത്തിൽ വരാൻ ശ്രമിക്കുകയാണ്. കോൺഗ്രസാവട്ടെ, ഒരു ദശാബ്ദം മുമ്പ് നഷ്ടപ്പെട്ട സംസ്ഥാനം തിരിച്ചുപിടിക്കാനും ശ്രമിക്കുന്നു.
ഡൽഗാവിലാണ് എറ്റവും കൂടുതൽ (94.57 ശതമാനം) വോട്ട് രേഖപ്പെടുത്തിയത്. ഏറ്റവും കുറഞ്ഞ പോളിങ് അംരിയിലാണ്. 70.40 ശതമാനം. ബി.ജെ.പി നേതൃത്വത്തിലുള്ള ഭരണസഖ്യവും കോൺഗ്രസ് നയിക്കുന്ന പ്രതിപക്ഷ സഖ്യവും തമ്മിലുള്ള നേരിട്ടുള്ള മത്സരത്തിന് സാക്ഷ്യം വഹിക്കുന്ന ഒറ്റഘട്ട തെരഞ്ഞെടുപ്പിൽ ആകെ 722 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 35 ജില്ലകളിലായി 31,490 പോളിങ് സ്റ്റേഷനുകളിലായി വോട്ടെടുപ്പ് നടന്നു.
വോട്ടെടുപ്പുമായി ബന്ധപ്പെട്ട അക്രമങ്ങളിൽ 30ഓളം പേർക്ക് പരിക്കേറ്റു. ഏഴുപേർ അറസ്റ്റിലായി. ശ്രീഭൂമി ജില്ലയിലെ പഥർകണ്ടി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി കാർത്തിക് സേന സിൻഹ, വ്യാജ വോട്ടർമാർ യഥാർഥ വോട്ടുകൾ രേഖപ്പെടുത്തിയെന്ന് ആരോപിച്ച് രംഗത്തെത്തി. അസം മന്ത്രിയും ബി.ജെ.പി സ്ഥാനാർഥിയുമായ കൃഷ്ണേന്ദു പോളുമായി നേരിട്ടുള്ള മത്സരത്തിലാണ് സിൻഹ. ഇതേത്തുടർന്ന് കോൺഗ്രസ്- ബി.ജെ.പി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയെന്നും സംഘർഷത്തിൽ 25 ഓളം പേർക്ക് പരിക്കേറ്റുവെന്നും പൊലീസ് പറഞ്ഞു. സംഘർഷത്തെ തുടർന്ന് മൂന്നുമണിക്കൂറോളം വോട്ടെടുപ്പ് നിർത്തിവെച്ചു. ഇ.വി.എം മാറ്റിസ്ഥാപിച്ചതിന് ശേഷമാണ് പുനരാരംഭിച്ചത്.
പോളിങ് ചരിത്രപരമെന്ന് ഹിമന്ത; മാറ്റത്തിനു വേണ്ടിയെന്ന് ഗൊഗോയ്
ഉയർന്ന പോളിങ്ങിനെ ‘ചരിത്രപരം’ എന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വിശേഷിപ്പിച്ചു. ഇത് അസാധാരണമാണെന്നും, ഫലം ജനങ്ങളുടെ മുഖത്തെ പ്രതീക്ഷയിലും അഭിമാനത്തിലും സന്തോഷത്തിലും ഇതിനകം തന്നെ ദൃശ്യമാണെന്നും ശർമ ‘എക്സി’ലെ പോസ്റ്റിൽ പറഞ്ഞു.
തെരഞ്ഞെടുപ്പിലെ അഭൂതപൂർവമായ പോളിങ് മാറ്റത്തിനുവേണ്ടിയുള്ളതാണെന്ന് അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഗൗരവ് ഗൊഗോയ് പ്രതികരിച്ചു. സംസ്ഥാനത്ത് മാറ്റത്തിനായി വോട്ട് ചെയ്യാൻ വൻതോതിൽ എത്തിയതിന് അദ്ദേഹം ജനങ്ങളോട് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

