മുംബൈ: 2019ലെ ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ സമാന ചിന്താഗതിക്കാരായ പാർട്ടികളുമായി മഹാസഖ്യത്തിന് മഹാരാഷ്ട്ര കോൺഗ്രസ് തയാറാണെന്ന് പി.സി.സി അധ്യക്ഷൻ അശോക് ചവാൻ. ശനിയാഴ്ച മുംബൈയിൽ നടന്ന യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല, പ്രാദേശിക കമ്മിറ്റികൾ നൽകിയ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
സഖ്യ സാധ്യതകൾ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി ചർച്ചചെയ്യും. പാൽഗർ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഭിന്നിച്ചതാണ് ബി.ജെ.പി ജയിച്ചത്. ഇനിയത് ആവർത്തിക്കില്ല. സി.പി.എം, സമാജ്വാദി പാർട്ടി, ആർ.പി.െഎ, ബി.എസ്.പി തുടങ്ങിയ പാർട്ടികളെ എങ്ങനെ ഉൾക്കൊള്ളാമെന്ന ചർച്ചയും യോഗത്തിൽ നടന്നതായി ചവാൻ പറഞ്ഞു. അേതസമയം, ആശയപരമായി ഭിന്നതയുള്ള ശിവസേന, എം.എൻ.എസ് എന്നിവരുമായി കോൺഗ്രസിന് സഖ്യമാകാൻ കഴിയില്ലെന്ന് മാധ്യമപ്രവർത്തകരുടെ േചാദ്യത്തിന് മറുപടിയായി ചവാൻ പറഞ്ഞു. ഇപ്പോൾ ബി.ജെ.പിയോട് ചായ്വുള്ള തങ്ങളുടെ പഴയ സഖ്യകക്ഷി ബഹുജൻ വികാസ് അഗാഡിയെയും ഒപ്പംകൂട്ടാൻ തയാറാണെന്ന് ചവാൻ പറഞ്ഞു.