'കോണ്‍ഗ്രസ് ക്ഷേത്രത്തില്‍വരെ നമസ്‌കരിക്കാന്‍ അനുമതി നല്‍കി’; രാമക്ഷേത്രക്കൊള്ള ന്യായീകരിക്കാൻ വർഗീയ പരാമർശവുമായി യോഗി ആദിത്യനാഥ്
text_fieldsയോഗി ആദിത്യനാഥ്
അയോധ്യ: വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി കോൺഗ്രസ് അയോധ്യയിലെ ഹനുമാൻഗഢി ക്ഷേത്രത്തിന്റെ പടികളിൽ വരെ നമസ്കരിക്കാൻ അനുവാദം നൽകിയിരുന്നുവെന്ന വർഗീയ ആരോപണവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാമക്ഷേത്രകൊള്ള സമൂഹത്തിൽ വലിയ ചർച്ചയായതിനിടെ അയോധ്യ സന്ദർശനത്തിലാണ് യോഗി വിവാദ പരാമർശങ്ങൾ നടത്തിയത്.
'ജുമാ മസ്ജിദിനുള്ളിൽ കയറി ഹനുമാൻ ചാലിസ ചൊല്ലാൻ പ്രതിപക്ഷ പാർട്ടികൾ സമ്മതിക്കുമോ?" എന്നും അദ്ദേഹം ചോദിച്ചു. മുൻകാലങ്ങളിൽ അധികാരത്തിലിരുന്ന സർക്കാരുകൾ വിശ്വാസത്തെ വോട്ടായി കണ്ടു മാത്രമേ സമീപിച്ചിട്ടുള്ളൂവെന്നും ഇത് വലിയ പാപമാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസും സമാജ്‌വാദി പാർട്ടിയും വിശ്വാസത്തെക്കുറിച്ച് ഇപ്പോൾ സംസാരിക്കുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയാണെന്നും യോഗി കൂട്ടിച്ചേർത്തു.
മുൻ സർക്കാരുകളുടെ കാലത്ത് അയോധ്യ പൂർണമായും അവഗണിക്കപ്പെട്ടുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. സരയൂ നദിയുടെ സാമീപ്യം ഉണ്ടായിരുന്നിട്ടും കുടിവെള്ളമോ, റോഡോ, വൈദ്യുതിയോ പോലും ലഭ്യമാക്കാതെ അഴുക്കുചാലുകൾ നിറഞ്ഞ പ്രദേശമായി അയോധ്യ മാറിയെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാതിരുന്ന കാലഘട്ടമായിരുന്നു അതെന്നും യോഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടി. അതേസമയം, ബി.ജെ.പി അധികാരത്തിൽ വന്നതിനുശേഷം അയോധ്യയിൽ 432 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾ നടപ്പിലാക്കിയെന്നും അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം, മുഖ്യമന്ത്രിയുടെ പ്രസ്താവനകൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ വൻ വിമർശനമാണ് ഉയരുന്നത്. അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകൾ മറച്ചുവെക്കാനും ശ്രദ്ധ തിരിക്കാനുമാണ് സർക്കാർ ഇത്തരത്തിൽ വിവാദ പ്രസ്താവനകൾ നടത്തുന്നതെന്ന് നെറ്റിസൺസ് വിമർശിക്കുന്നു. വിശ്വാസത്തെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് പലരും രംഗത്തെത്തിയിട്ടുണ്ട്.
രാമക്ഷേത്ര ട്രസ്റ്റിലെ ക്രമക്കേടുകളും അത് സംബന്ധിച്ച് നടക്കുന്ന അന്വേഷണങ്ങളും വാർത്തകളിൽ നിറയുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പുതിയ പ്രസ്താവനകൾ എന്നതാണ് ശ്രദ്ധേയം. എങ്കിലും, തന്റെ സർക്കാരിന്റെ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടാനും പ്രതിപക്ഷത്തെ കടന്നാക്രമിക്കാനും ഈ അവസരം അദ്ദേഹം നന്നായി ഉപയോഗിച്ചു. അയോധ്യയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ പ്രസ്താവനകൾ കൂടുതൽ ചർച്ചകൾക്കും രാഷ്ട്രീയ തർക്കങ്ങൾക്കും വഴിവെക്കുമെന്നുറപ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

