ഭാരത ഉച്ചകോടിക്ക് ഇന്ന് ഹൈദരാബാദിൽ തുടക്കം; 113 വിദേശ പ്രതിനിധികൾക്ക് ഇന്ത്യയിൽ പ്രവേശനം നിഷേധിച്ചെന്ന് കോൺഗ്രസ്
text_fieldsഹൈദരാബാദ്: ആഗോള തലത്തിലുള പുരോഗമന രാഷ്ട്രീയ ശക്തികളെയും ചിന്താഗതിക്കാരെയും ഒരു പ്ലാറ്റ്ഫോമിൽ അണിനിരത്തുന്നതിന് ഹൈദരാബാദിൽ തെലങ്കാന സർക്കാറും കോൺഗ്രസിന്റെ വിദേശ കാര്യ വിഭാഗവും ചേർന്ന് സംഘടിപ്പിക്കുന്ന രണ്ടാം ഭാരത ഉച്ചകോടിക്ക് ഇന്ന് ഔപചാരിക തുടക്കം.
നോർവീജിയൻ മാധ്യമ പ്രവർത്തക അടക്കം പങ്കെടുക്കേണ്ടിയിരുന്ന 45 രാജ്യങ്ങളിൽ നിന്നുള്ള 113 വിദേശ പ്രതിനിധികൾക്ക് കേന്ദ്ര സർക്കാർ ഇന്ത്യയിലേക്കുള്ള പ്രവേശനം നിഷേധിച്ചുവെന്ന കോൺഗ്രസിന്റെ ഗുരുതര ആരോപണത്തിനിടയിലാണ് ഹൈദരാബാദിലെ ഹൈടെക് ഇൻറർനാഷനൽ കൺവെൻഷൻ സെന്റററിൽ ഉച്ചകോടി തുടങ്ങുന്നത്.
70 രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തോളം പ്രതിനിധികൾ ഉച്ചകോടിയിൽ സംബന്ധിക്കും. 202 വിദേശ പ്രതിനിധികൾ ഇതിനകം ഹൈദരാബാദിൽ എത്തിച്ചേർന്നിട്ടുണ്ട്. പ്രതിനിധികളിൽ പലരുടെയും വിസ അപേക്ഷകൾ അംഗീകരിക്കപ്പെടാതെ പോയതായും ചിലർക്ക് ഇതിനുമുമ്പ് അനുവദിച്ചിരുന്ന വിസകൾ തന്നെ പിന്നീട് റദ്ദാക്കിയതായും റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയിലെത്തിയ ചില വിദേശ അതിഥികളെ വിമാനത്താവളങ്ങളിൽ മണിക്കൂറുകളോളം തടഞ്ഞുവെച്ചശേഷം തിരിച്ചയച്ചതായും കോൺഗ്രസ് ആരോപിച്ചു. ലോകമെമ്പാടുമുള്ള പുരോഗമന രാഷ്ട്രീയ പാർട്ടികളുടെയും സാമൂഹിക നീതി പ്രസ്ഥാനങ്ങളുടെയും പ്രതിനിധികളെ ഒരുമിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഭാരത ഉച്ചകോടി സംഘടിപ്പിക്കുന്നതെന്ന് കോൺഗ്രസ് വിദേശ കാര്യ വിഭാഗം മേധാവി സൽമാൻ ഖുർശിദ് വ്യക്തമാക്കി.
ജനാധിപത്യം, സാമൂഹിക നീതി, സമത്വം, സാമ്പത്തിക വികസനം, കാലാവസ്ഥാ പ്രതിസന്ധി എന്നിവയാണ് സമ്മേളനത്തിലെ പ്രധാന ചർച്ചാവിഷയങ്ങൾ.
ഹിന്ദുത്വം ഹിന്ദുമതത്തിന് വിരുദ്ധമെന്ന് കാണിക്കുന്ന നടപടി- ഫാബിയാൻ
ഹൈദരാബാദ്: ദീപാവലിയുടെ ചൈതന്യത്തിന് നിരക്കുന്ന നടപടിയല്ല കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുണ്ടായതെന്നും ഹിന്ദുത്വമെന്നത് ഹിന്ദുമതത്തിന് വിരുദ്ധമാണെന്നാണ് ഇതിലൂടെ കാണിക്കുന്നതെന്നും നോർവീജിയൻ മാധ്യമപ്രവർത്തക ഹെല്ലെ ലിങ്ങിന്റെ ഇന്ത്യയിലേക്കുള്ള യാത്ര അവസാന നിമിഷം തടഞ്ഞതിനോട് പ്രമുഖ നയതന്ത്ര വിദഗ്ധൻ കെ.പി ഫാബിയാൻ പ്രതികരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംവാദത്തിന്റെ രീതി ആദി ശങ്കരാചാര്യയിൽ നിന്ന് പഠിക്കണമെന്നും ആദി ശങ്കരാചാര്യ കേരളത്തിൽ നിന്ന് ശ്രീനഗർ വരെ പോയത് നിരവധി തർക്കങ്ങളും സംവാദങ്ങളും അഭിമുഖീകരിച്ചാണെന്നും അവക്കെല്ലാം ഉത്തരം നൽകിയാണെന്നും ഫാബിയാൻ പറഞ്ഞു. അതെല്ലാം ക്ഷമയോടെ നേരിടുകയാണ് ആദി ശങ്കരാചാര്യ ചെയ്തത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം അവരെ കരിമ്പട്ടികയിൽപ്പെടുത്താതിരുന്നതിനാൽ ഇ-വിസ അനുവദിച്ചതാകാമെന്നും പിന്നീട് അവരെ തടയണമെന്ന് തോന്നി ഉണർന്നു പ്രവർത്തിച്ചതാകാമെന്നും ഫാബിയാൻ കൂട്ടിച്ചേർത്തു.

