യു.പി.ഐ ഇടപാടുകൾക്ക് ഫീസ്: 'മോദി കീഴടങ്ങിയത് ട്രംപിന്റെ അമേരിക്കൻ സമ്മർദ്ദത്തിന്'; വിമർശനവുമായി കോൺഗ്രസ്
text_fieldsജയറാം രമേശ്, നരേന്ദ്ര മോദി
ന്യൂഡൽഹി: യു.പി.ഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താനും സീറോ എം.ഡി.ആർ നിർത്തലാക്കാനുമുള്ള കേന്ദ്ര സർക്കാർ തീരുമാനം യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും അമേരിക്കൻ കമ്പനികളുടെയും സമ്മർദ്ദത്തിന് വഴങ്ങിയാണെന്ന് ആരോപിച്ച് കോൺഗ്രസ്. പ്രമുഖ അമേരിക്കൻ ഡിജിറ്റൽ പേയ്‌മെന്റ് കമ്പനികളായ 'വിസ'യ്ക്കും മാസ്റ്റർകാർഡിനും യു.പി.ഐ വെല്ലുവിളിയായതോടെയാണ് ഈ ഒത്തുകളിയെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദി 'നോട്ട'യെ 'നരേന്ദ്രാസ് ഓൺഗോയിങ് ട്രംപ് ആപ്പീസ്‌മെന്റ്' (എൻ.ഓ.ടി.എ) എന്ന് പുനർനിർവചിച്ചിരിക്കുകയാണെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പരിഹസിച്ചു.
2,000 രൂപയ്ക്ക് മുകളിലുള്ള വ്യാപാരി ഇടപാടുകൾക്ക് ഒക്ടോബർ 15 മുതൽ 0.4 ശതമാനം ഫീസ് ഏർപ്പെടുത്താനുള്ള കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ വിജ്ഞാപനം പുറത്തുവന്നതിന് പിന്നാലെയാണ് കോൺഗ്രസ് രൂക്ഷമായ വിമർശനവുമായി രംഗത്തെത്തിയത്.
യു.പി.ഐ സൗജന്യമായതിലൂടെ അമേരിക്കൻ കമ്പനികൾക്ക് വലിയ വിപണി നഷ്ടം നേരിടുന്നുവെന്ന് യു.എസ് ട്രേഡ് റെപ്രസെന്റേറ്റീവ് നേരത്തെ തുറന്നടിച്ചിരുന്നു. ഡെബിറ്റ് കാർഡ് എം.ഡി.ആർ നിരക്കായ 0.4 ശതമാനം തന്നെ യു.പി.ഐക്കും നിശ്ചയിച്ചത് അമേരിക്കൻ കമ്പനികൾക്ക് ഇന്ത്യൻ വിപണിയിൽ തുല്യ മത്സരം ഉറപ്പാക്കാനാണോ എന്ന് ജയറാം രമേശ് ചോദിച്ചു. യു.എസ് ജനപ്രതിനിധി സഭ ഇന്ത്യയ്ക്കെതിരെ 100% താരിഫ് ചുമത്താനുള്ള ബിൽ പാസാക്കാൻ ഒരുങ്ങുകയും, എച്ച്-1ബി വിസ ഫീസ് കുത്തനെ കൂട്ടി ഇന്ത്യൻ ഐ.ടി ജീവനക്കാരെ നാടുകടത്താൻ ട്രംപ് ഭരണകൂടം ശ്രമിക്കുകയും ചെയ്യുമ്പോൾ മോദി സർക്കാർ അമേരിക്കൻ താല്പര്യങ്ങൾക്ക് മുന്നിൽ അടിയറവ് പറയുകയാണെന്ന് അദ്ദേഹം 'എക്സിൽ' കുറിച്ചു.
അതേസമയം, അമേരിക്കൻ സമ്മർദ്ദത്തിന് മുന്നിൽ പ്രധാനമന്ത്രി സമ്പൂർണമായി കീഴടങ്ങിയെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തിനെതിരെ ബി.ജെ.പി രംഗത്തെത്തി. പ്രതിപക്ഷം വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയാണെന്നും, വ്യക്തികൾ തമ്മിലുള്ള ഇടപാടുകൾക്കും ചെറുകിട കച്ചവട ഇടപാടുകൾക്കും സാധാരണ ഉപഭോക്താക്കൾക്കും യു.പി.ഐ തുടർന്നും പൂർണമായും സൗജന്യമായിരിക്കുമെന്നും ധനമന്ത്രാലയം വ്യക്തമാക്കി. വലിയ വ്യാപാരികൾക്കുള്ള ഇക്കോസിസ്റ്റം ചാർജ് മാത്രമാണ് ഇതെന്നും സാധാരണക്കാർക്ക് പ്രതിമാസ പരിധികളില്ലാതെ അൺലിമിറ്റഡ് സൗജന്യ സേവനം തുടരുമെന്നും സർക്കാർ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

