കർണാടകയിലെ വോട്ടു മോഷണ കേസിൽ നിർണായക വിവരങ്ങൾ തെരഞ്ഞെടുപ്പ് കമീഷൻ മറച്ചുവെച്ചതായി കോൺഗ്രസ്
text_fieldsന്യൂഡൽഹി: ‘വോട്ട് ചോരി’ എന്ന ആരോപണത്തിന് പിന്നിലുള്ളവരെ സംരക്ഷിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ നിർണായക വിവരങ്ങൾ മറച്ചുവെച്ചതായി കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ.
2023ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വ്യാജ ഫോം 7 ഉപയോഗിച്ച് വോട്ടർമാരെ നീക്കം ചെയ്യാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസ് തണുത്തുറഞ്ഞതായി ഖാർഗെ ‘എക്‌സി’ൽ പ്രതികരിച്ചു. പ്രതികളെ പിടികൂടാൻ ആവശ്യമായ നിർണായക വിവരങ്ങൾ തെരഞ്ഞെടുപ്പ് കമീഷൻ ഇതുവരെ പങ്കുവെച്ചിട്ടില്ല. ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷൻ ഇപ്പോൾ ബി.ജെ.പിയുടെ പിൻഗാമിയാണോ എന്നും ഖാർഗെ ചോദിച്ചു.
‘2023 മെയ് മാസത്തിൽ കർണാടക തെരഞ്ഞെടുപ്പിനു മുമ്പ്, അലന്ദ് മണ്ഡലത്തിൽ വൻതോതിൽ വോട്ടർമാരെ ഇല്ലാതാക്കിയതായി കോൺഗ്രസ് വെളിപ്പെടുത്തിയിരുന്നു. ഫോം 7 അപേക്ഷകൾ വ്യാജമായി നിർമിച്ച് ആയിരക്കണക്കിന് വോട്ടർമാരുടെ അവകാശങ്ങൾ നഷ്ടപ്പെടുത്തിയെന്ന് ആരോപിച്ച് 2023 ഫെബ്രുവരിയിൽ ഒരു കേസ് ഫയൽ ചെയ്തു. അന്വേഷണത്തിൽ 5,994 വ്യാജ അപേക്ഷകൾ കണ്ടെത്തി. വോട്ടർ തട്ടിപ്പിന് വൻതോതിൽ ശ്രമിച്ചതിന്റെ വ്യക്തമായ തെളിവ്. കുറ്റവാളികളെ പിടികൂടാൻ കോൺഗ്രസ് സർക്കാർ സി.ഐ.ഡി അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാൽ ട്വിസ്റ്റ് ഇതാണ്: വ്യാജരേഖ കണ്ടെത്താൻ ആവശ്യമായ രേഖകളുടെ ഒരു ഭാഗം ഇ.സി.ഐ നേരത്തെ പങ്കിട്ടിരുന്നു. എന്നാൽ, നിർണായക വിവരങ്ങളായ അവയിപ്പോൾ തടഞ്ഞിരിക്കുന്നു. എന്നിട്ട് വോട്ട് ചോരിക്ക് പിന്നിലുള്ളവരെ ഫലപ്രദമായി സംരക്ഷിക്കുന്നു!’ -ഖാർഗെ ആരോപിച്ചു.
എന്തുകൊണ്ടാണ് കമീഷൻ പെട്ടെന്ന് സുപ്രധാന തെളിവുകൾ തടഞ്ഞതെന്നും അദ്ദേഹം ചോദിച്ചു. ആരെയാണ് ഇത് സംരക്ഷിക്കുന്നത്? ബി.ജെ.പിയുടെ വോട്ട് ചോരി വകുപ്പ്? സി.ഐ.ഡി അന്വേഷണം അട്ടിമറിക്കാൻ ബി.ജെ.പിയുടെ സമ്മർദത്തിന് കമീഷൻ വഴങ്ങുകയാണോയെന്നും കോൺഗ്രസ് മേധാവി ചോദിച്ചു. വ്യക്തിയുടെ വോട്ടവകാശം സംരക്ഷിക്കേണ്ടതുണ്ടെന്നും അതിലൂടെ ഇന്ത്യൻ ജനാധിപത്യം സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, ബിഹാർ എസ്.ഐ.ആറിനു പുറമെയുള്ള പുതിയ ആരോപണങ്ങളെക്കുറിച്ച് കമീഷനിൽ നിന്ന് പ്രതികരണമൊന്നും വന്നിട്ടില്ല. കോൺഗ്രസിന്റെ അവകാശവാദങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് നേരത്തെയും കമീഷൻ തള്ളിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

