ഉത്തരാഖണ്ഡ് പ്രതിപക്ഷ നേതാവ് ഇന്ദിര ഹൃദയേഷ് അന്തരിച്ചു
text_fieldsന്യൂഡൽഹി: ഉത്തരാഖണ്ഡിലെ മുതിർന്ന കോൺഗ്രസ് നേതാവും നിയമസഭാ പ്രതിപക്ഷ നേതാവുമായ ഡോ. ഇന്ദിര ഹൃദയേഷ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഡൽഹിയിലെ ഉത്തരാഖണ്ഡ് സദനിൽവെച്ചായിരുന്നു അന്ത്യം.
പാർട്ടി ചുമതലയുള്ള ദേവേന്ദർ യാദവാണ് മരണവാർത്ത പുറത്തുവിട്ടത്. ഒരു യോഗത്തിൽ പങ്കെടുക്കാനാണ് ഇന്ദിര ഹൃദയേഷ് ഡൽഹിയിലെത്തിയത്.
1941 ഏപ്രിൽ ഏഴിന് ജനിച്ച ഇന്ദിര ഹൃദയേഷ്, 2012 നിയമസഭ തെരഞ്ഞെടുപ്പിൽ ഹൽദ് വാനി മണ്ഡലത്തിൽ നിന്ന് എം.എൽ.എയായി വിജയിച്ചു. വിജയ് ബഹുഗുണ, ഹരീഷ് റാവത്ത് സർക്കാരിൽ മന്ത്രിയായിരുന്നു.
റാവത്ത് സർക്കാറിൽ ധനകാര്യ മന്ത്രിയായിരുന്നു. കൂടാതെ, പാർലമെന്‍ററികാര്യം, ഉന്നത വിദ്യാഭ്യാസം, പ്ലാനിങ് എന്നീ വകുപ്പുകളുടെ ചുമതലയും വഹിച്ചിട്ടുണ്ട്.
2017ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടതോടെ ഇന്ദിര പ്രതിപക്ഷ നേതാവായി. വരാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടിയെ അധികാരത്തിലേറ്റാനുള്ള തയാറെടുപ്പിനിടെയാണ് മരണം സംഭവിച്ചത്.
'ഉത്തരാഖണ്ഡിലെ കോൺഗ്രസ് പാർട്ടിയുടെ ശക്തമായ കണ്ണിയായിരുന്നു ഡോ. ഇന്ദിര ഹൃദയേഷ് എന്ന് രാഹുൽ ഗാന്ധി എം.പി അനുശോചിച്ചു. പൊതുസേവനത്തിനും കോൺഗ്രസ് കുടുംബത്തിനും വേണ്ടി അവർ അവസാനം വരെ പ്രവർത്തിച്ചു. ഇന്ദിരയുടെ സാമൂഹികവും രാഷ്ട്രീയവുമായ സംഭാവനകൾ ഒരു പ്രചോദനമാണ്. അവരുടെ പ്രിയപ്പെട്ടവരെ അനുശോചനം അറിയിക്കുവെന്നും' രാഹുൽ ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

