സിദ്ധാരാമയ്യയെ കൊല്ലുമെന്ന ഭീഷണിയും അപകീർത്തിയും: ബി.ജെ.പി എം.എൽ.എമാർക്കെതിരെ പൊലീസ്
text_fieldsകെ.പി.സി.സി കോർഡിനേറ്റർ പ്രതിഭ കുളൈയുടെ നേതൃത്വത്തിൽ മംഗളൂരുവിൽ വെസ്റ്റേൺ റേഞ്ച് ഐ.ജി ഡോ.ചന്ദ്ര ഗുപ്തക്ക് നിവേദനം നൽകുന്നു
മംഗളൂരു: മുഖ്യമന്ത്രി സിദ്ധാരാമയ്യയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, അദ്ദേഹത്തെ കൊലയാളിയായി അവതരിപ്പിച്ചു എന്നീ പരാതികളിൽ രണ്ട് ബി.ജെ.പി എം.എൽ.എമാർക്കെതിരെ നടപടിക്കൊരുങ്ങി പൊലീസ്. മുൻ മന്ത്രി ഡോ.സി.എൻ.അശ്വന്ത് നാരായണനെതിരെ ദേവരാജ പൊലീസ് കേസെടുത്തതിന് പിന്നാലെ ദക്ഷിണ കന്നട ജില്ലയിൽ ബെൽത്തങ്ങാടി എം.എൽ.എ ഹരീഷ് പൂഞ്ചക്കെതിരെ നടപടി ആവശ്യം ശക്തമായി.
ടിപ്പുസുൽത്താനെ ഉറിഗൗഡയും നഞ്ചെ ഗൗഡയും ചേർന്ന് കൊലപ്പെടുത്തിയ പോലെ സിദ്ധാരാമയ്യയേയും വധിക്കണമെന്ന് നേരത്തെ മാണ്ട്യയിൽ നടത്തിയ പ്രസംഗമാണ് അശ്വന്ത് നാരായണന് എതിരായ കേസിന് ആധാരം. ഭീഷണി ഇപ്പോഴും നിലനിൽക്കുന്നതായി കെ.പി.സി.സി വക്താവ് എം.ലക്ഷ്മണ പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.
മുഖ്യമന്ത്രി സിദ്ധാരാമയ്യ 24 ഹിന്ദു പ്രവർത്തകരുടെ കൊലയാളിയാണെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നടത്തിയ പ്രസംഗമാണ് പൂഞ്ചക്കെതിരായ പരാതിക്ക് അടിസ്ഥാനം"നിങ്ങൾ സിദ്ധാരാമയ്യക്കാണ് വോട്ട് നൽകുന്നതെങ്കിൽ അത് 24 ഹിന്ദു പ്രവർത്തകരുടെ കൊലയാളിക്കാണെന്നോർക്കണം.നിങ്ങളുടെ വോട്ട് കോൺഗ്രസിനാണെങ്കിൽ ബജ്റംഗ്ദൾ നിരോധത്തിനുമാവും"-എന്നായിരുന്നു പൂഞ്ചയുടെ പ്രസംഗം. രണ്ട് എം.എൽ.എമാർക്കും എതിരെ സ്പീക്കറുടെ അനുമതിയോടെ നടപടിയുണ്ടാകുമെന്ന് ഡി.ജി.പി അലോക് മോഹൻ വ്യാഴാഴ്ച കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു. ഹരീഷ് പൂഞ്ചക്ക് എതിരെ നടപടി ആവശ്യപ്പെട്ട് കെ.പി.സി.സി കോർഡിനേറ്റർ പ്രതിഭ കുളൈയുടെ നേതൃത്വത്തിൽ വ്യഴാഴ്ച മംഗളൂരുവിൽ വെസ്റ്റേൺ റേഞ്ച് ഐ.ജി ഡോ.ചന്ദ്ര ഗുപ്തക്ക് നിവേദനം നൽകി.