Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘വെറുപ്പിന്‍റെ...

‘വെറുപ്പിന്‍റെ അജണ്ടക്ക് അൽപായുസ്സ് മാത്രം’; ഗ്രാമങ്ങളിലേക്ക് രാഹുലിന്‍റെ കത്ത്

text_fields
bookmark_border
‘വെറുപ്പിന്‍റെ അജണ്ടക്ക് അൽപായുസ്സ് മാത്രം’; ഗ്രാമങ്ങളിലേക്ക് രാഹുലിന്‍റെ കത്ത്
cancel

ന്യൂഡൽഹി: ഭാരത് ജോഡോ യാത്ര സമാപിക്കുന്നതിനു പിന്നാലെ രാഹുൽ ഗാന്ധിയുടെ കത്ത് ജനങ്ങളിലെത്തിക്കാൻ കോൺഗ്രസ് തീരുമാനിച്ചു. പദയാത്രയുടെ തുടർപ്രവർത്തനമായി മോദിസർക്കാറിനെതിരായ കുറ്റപത്രവും തയാറാക്കി വിതരണംചെയ്യും. ബ്ലോക്ക്, ജില്ല, സംസ്ഥാന തലങ്ങളിൽ ജനുവരി 26 മുതൽ മാർച്ച് 26 വരെ ഹാഥ് സേ ഹാഥ് ജോഡോ അഭിയാൻ സംഘടിപ്പിക്കും.

രണ്ടരലക്ഷം ഗ്രാമപഞ്ചായത്തുകൾ, ആറു ലക്ഷം ഗ്രാമങ്ങൾ, 10 ലക്ഷത്തോളം തെരഞ്ഞെടുപ്പു ബൂത്തുകൾ എന്നിവിടങ്ങളിലായി വിപുല പ്രചാരണത്തിനാണ് കോൺഗ്രസ് ഒരുങ്ങുന്നതെന്ന് പാർട്ടി വക്താവ് ജയറാം രമേശ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. എല്ലാ സംസ്ഥാനതല സ്ഥാപനങ്ങളിലും മഹിള യാത്ര, ബ്ലോക്ക്തല പദയാത്ര, ജില്ല തലത്തിൽ സംസ്ഥാന-ദേശീയ നേതാക്കൾ പങ്കെടുക്കുന്ന കൺവെൻഷൻ എന്നിവ നടത്തും.

3,500 കിലോമീറ്റർ പിന്നിട്ട് ചരിത്രമായ ഭാരത് ജോഡോ യാത്രക്കു ശേഷം വീടുവീടാന്തരം എത്തിക്കാൻ ഉദ്ദേശിക്കുന്ന രാഹുൽ ഗാന്ധിയുടെ കത്ത് കോൺഗ്രസ് വെള്ളിയാഴ്ച പുറത്തിറക്കി. രാജ്യത്തിന്‍റെ സമ്പന്നമായ ബഹുസ്വരതയെ നമുക്കെതിരെ തന്നെ തിരിക്കാൻ വിഭാഗീയ ശക്തികൾ ശ്രമിക്കുകയാണെങ്കിലും വിദ്വേഷ അജണ്ടക്ക് അൽപായുസ്സ് മാത്രമാണെന്നും ജനം തള്ളിക്കളയുമെന്നും കത്തിൽ രാഹുൽ പറഞ്ഞു. കന്യാകുമാരി മുതൽ കശ്മീർ വരെ ദശലക്ഷക്കണക്കിന് ആളുകൾ പദയാത്രയിൽ പങ്കുചേർന്നു. തന്‍റെ ജീവിതത്തെ അങ്ങേയറ്റം സമ്പുഷ്ടമാക്കിയ യാത്രയായിരുന്നു ഇത്. ഓരോരുത്തരും നൽകിയത് അങ്ങേയറ്റത്തെ സ്നേഹവായ്പാണ്.

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി കടുക്കുകയാണ്. യുവാക്കൾക്കിടയിൽ തൊഴിലില്ലായ്മ വർധിക്കുന്നു. വിലക്കയറ്റം അസഹനീയമായി. കർഷകർ കടുത്ത നിരാശയിൽ. രാജ്യത്തിന്‍റെ സമ്പത്ത് കോർപറേറ്റുകൾ കൈയടക്കി. രാജ്യത്തിന്‍റെ ബഹുസ്വരതയും ഭീഷണി നേരിടുന്നു. അരക്ഷിത ബോധവും ഭയപ്പാടും ജനങ്ങൾക്ക് തോന്നിയാൽ മാത്രമേ അപരവത്കരണത്തിന്‍റെയും വിദ്വേഷത്തിന്‍റെയും വിത്തു വിതക്കാൻ കഴിയൂ എന്ന് ബഹുസ്വരത തകർക്കാൻ ശ്രമിക്കുന്ന ശക്തികൾക്ക് അറിയാം. എന്നാൽ, ഇക്കൂട്ടരുടെ അജണ്ടകൾക്ക് പരിമിതിയുണ്ടെന്നാണ് യാത്രയിലൂടെ തനിക്ക് ബോധ്യപ്പെട്ടത്. ഇത് അനന്തകാലം തുടരില്ല.

ഓരോരുത്തർക്കും സാമ്പത്തിക പുരോഗതി സാധ്യമാക്കണമെന്നാണ് തന്‍റെ നിശ്ചയദാർഢ്യം. നമ്മുടെ ബഹുസ്വരതയെ മുറുകെപ്പുണർന്ന് തോളോടുതോൾ ചേർന്ന് പ്രവർത്തിച്ചാൽ മാത്രമാണ് നമ്മുടെ പൂർണശേഷി കൈവരിക്കാൻ കഴിയുക. വെറുപ്പിന്‍റെ അജണ്ട സമൂഹം തള്ളിക്കളയുമെന്നാണ് തന്‍റെ ബോധ്യം. ഭയപ്പാടില്ലാതെ മുന്നോട്ടുപോകണം. ശബ്ദമില്ലാത്തവരുടെ ശബ്ദമാവുകയാണ് തന്‍റെ വ്യക്തിപരവും രാഷ്ട്രീയവുമായ യാത്രയുടെ ലക്ഷ്യമെന്നും കത്തിൽ രാഹുൽ പറഞ്ഞു.

Show Full Article
TAGS:Rahul's letter Bharat Jodo Yatra 
News Summary - Cong to deliver Rahul's letter to each house
Next Story