കാർഗിൽ യുദ്ധം അവസാനിച്ചപ്പോൾ വാജ്‌പേയി സർക്കാർ യുദ്ധ അവലോകന സമിതി രൂപീകരിച്ചു; മോദി സർക്കാർ അങ്ങനെ ചെയ്യുമോ എന്ന് ജയറാം രമേശ്
text_fieldsന്യൂഡൽഹി: കാർഗിൽ യുദ്ധം അവസാനിച്ചപ്പോൾ വാജ്‌പേയി സർക്കാർ കാർഗിൽ അവലോകന സമിതി രൂപീകരിച്ചിരുന്നുവെന്നും സമാനമായ ഒരു അവലോകനം നടത്താൻ മോദി സർക്കാർ തായാറാവുമോ എന്നും കോൺഗ്രസ്. ഇന്ത്യാ പാക് പ്രശ്നം പരിഹരിച്ചുവെന്ന യു.എസ് പ്രസിഡന്റിന്റെ അവകാശ വാദം വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് കോൺഗ്രസ് ഈ ചോദ്യം ഉന്നയിക്കുന്നത്.
‘കാർഗിൽ യുദ്ധം അവസാനിച്ച് മൂന്നു ദിവസത്തിന് ശേഷം 1999 ജൂലൈ 29ന് വാജ്‌പേയി സർക്കാർ കാർഗിൽ അവലോകന സമിതി രൂപീകരിച്ചു. അതിന്റെ റിപ്പോർട്ട് 2000 ഫെബ്രുവരി 23ന് പാർലമെന്റിൽ സമർപ്പിച്ചു. എന്നിരുന്നാലും, അതിന്റെ ചില ഭാഗങ്ങൾ രഹസ്യമായി തുടരുന്നു. തീർച്ചയായും അവ അങ്ങനെ തന്നെ തുടരണം -കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ‘എക്സി’ലെ പോസ്റ്റിൽ പറഞ്ഞു.
വാഷിംങ്ടൺ ഡി.സിയിൽ നിന്നുള്ള പ്രസ്താവനകൾ കണക്കിലെത്താൽ, വിഷയം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നേരിട്ട് സർവകക്ഷി യോഗം വിളിക്കണമെന്നും രണ്ടര മാസത്തിനുശേഷം മാത്രം യോഗം ചേരാൻ പോകുന്ന പാർലമെന്റിന്റെ പ്രത്യേക അടിയന്തര സമ്മേളനം വേണമെന്നുമുള്ള കോൺഗ്രസിന്റെ ആവർത്തിച്ചുള്ള ആവശ്യങ്ങൾക്ക് കൂടുതൽ അടിയന്തിരതയും പ്രാധാന്യവും കൈവരുന്നുവെന്നും അദ്ദേഹം ‘എക്‌സി’ൽ പറഞ്ഞു.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം തന്റെ ഭരണകൂടം അവസാനിപ്പിച്ചുവെന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദത്തിനെതിരെ പ്രതിപക്ഷം ഒന്നടങ്കം മോദി സർക്കാറിനെതിരെ രംഗത്തുവന്നിരുന്നു. സംഘർഷം അവസാനിപ്പിച്ചാൽ അമേരിക്ക അവരുമായി ധാരാളം വ്യാപാരം നടത്തുമെന്ന് ഇന്ത്യയോടും പാകിസ്താനോടും താൻ പറഞ്ഞതായി യു.എസ് പ്രസിഡന്റ് പറയുകയുണ്ടായി. ട്രംപിന്റെ പ്രസ്താവന ഇന്ത്യയുടെ പരമാധികാരത്തിനു നേർക്കുള്ള ഭീഷണിയാണെന്ന് പ്രതിപക്ഷം നിരീക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

