മോദി കുടുംബത്തിൽ വിജയ് മല്യയും ബ്രിജ് ഭൂഷണുമുണ്ടോ; 'പരിവാർ' വിവാദം വിടാതെ കോൺഗ്രസ്
text_fieldsന്യൂഡൽഹി: മോദിക്ക് കുടുംബമില്ലെന്ന ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ പരാമർശത്തിന് പിന്നാലെ ബി.ജെ.പിയാരംഭിച്ച മോദി കാ പരിവാർ കാമ്പയിനിനെതിരെ വീണ്ടും പരിഹാസവുമായി കോൺഗ്രസ്. ഒളിവിൽ കഴിയുന്ന വ്യവസായികളായ വിജയ് മല്യയും, നീരവ് മോദിയും ലൈംഗികാരോപണവിധേയനായ ബ്രിജ്ഭൂഷണും പവൻ സിങ്ങുമെല്ലാം മോദി കാ പരിവാറിലെ അംഗങ്ങളാണോ എന്നാണ് കോൺഗ്രസ് നേതാവ് പവൻ ഖേരയുടെ ചോദ്യം. വിഷയത്തിൽ ബന്ധപ്പെട്ടവർ വ്യക്തത വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്താ സമ്മേളനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
നരേന്ദ്ര മോദി അധികാരത്തിലെത്തിയിട്ട് പത്തുവർഷം പിന്നിട്ടു. ഒഡീഷയിലെ ഖനന അഴിമതിയിലും ചിട്ടി ഫണ്ട് അഴിമതിയിലും സർക്കാർ എന്താണ് ചെയ്തതെന്ന് വ്യക്തമാക്കണമെന്നും ഖേര പറഞ്ഞു. ശുപാർശ നൽകിയിട്ടും ഖനന അഴിമതിയിൽ സിബിഐ അന്വേഷണം നടന്നിട്ടില്ല. ആരെയും അറസ്റ്റും ചെയ്തിട്ടില്ല. സംസ്ഥാനത്ത് അഴിമതി നടക്കുമ്പോഴെല്ലാം ബി.ജെ.ഡിക്ക് രക്ഷകനായെത്തുന്നത് ബി.ജെ.പിയാണ്. ഇരുവരും തമ്മിലുള്ള ബന്ധമെന്താണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ ഗുസ്തി ഫെഡറേഷൻ മേധാവിയായിരുന്ന ബ്രിജ്ഭൂഷൺ ശരൺ സിങ് ഗുസ്തി താരങ്ങളെ ലൈംഗികമായ പീഡിപ്പിച്ചെന്ന കേസിൽ ആരോപണവിധേയനാണ്. പശ്ചിമ ബംഗാളിലെ അസൻസോൾ മണ്ഡലത്തിൽ നിന്നും ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് പിന്നീട് സ്ഥാനാർത്ഥിത്വം പിൻവലിച്ച വ്യക്തിയാണ് പവൻ സിങ്. ബോജ്പൂരി ഗായകനായ പവൻ സിങ്ങിന്റെ ഗാനങ്ങൾ സ്ത്രീകളെ അശ്ലീലമായി ചിത്രീകരിക്കുന്നതാണെന്ന് പശ്ചിമബംഗാൾ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

