ആദായ നികുതി റെയ്ഡിനിടെ കോൺഫിഡന്‍റ് ഗ്രൂപ്പ് ഉടമ സി.ജെ റോയ് ജീവനൊടുക്കി
text_fieldsസി.ജെ റോയ്
ബംഗളൂരു: പ്രമുഖ റിയൽഎസ്റ്റേറ്റ് കമ്പനിയായ കോൺഫിഡന്‍റ് ഗ്രൂപ്പിന്റെ ഉടമ സി.ജെ. റോയ് (57) സ്വയം വെടിവെച്ചു മരിച്ചു. മൂന്നു ദിവസമായി റോയിയുടെ ബംഗളൂരുവിലെ ഓഫിസിലും കഫെയിലും ആദായനികുതി (ഐ.ടി) ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയിരുന്നു. ഐ.ടി ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരം വെള്ളിയാഴ്ച ഉച്ചക്കുശേഷമാണ് റോയ് ഓഫിസിലെത്തിയത്.
ഒന്നര മണിക്കൂറോളം ഐ.ടി ഉദ്യോഗസ്ഥർ റോയിയെ ചോദ്യം ചെയ്തതിനു പിന്നാലെ റോയി കൈവശമുണ്ടായിരുന്ന പിസ്റ്റൾ ഉപയോഗിച്ച് തലയില്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ എച്ച്.എസ്.ആർ ലേ ഔട്ടിലെ നാരായണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 2.45ഓടെ മരണം സ്ഥിരീകരിച്ചു. ഭാര്യ: ലിനി റോയ് (കോൺഫിഡന്‍റ് ഗ്രൂപ്പ് ഡയറക്ടര്‍). മക്കള്‍: രോഹിത്ത്, റിയ. സഹോദരങ്ങള്‍: സി.ജെ. ജോഷി, സി.ജെ. സാബു (വൈറ്റ് ഗോള്‍ഡ് ഗ്രൂപ്പ് എം.ഡി).
ബംഗളൂരു അശോക് നഗറിലെ ഹൊസൂർ റോഡിലെ ഓഫിസിലാണ് സംഭവം. ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം സംഭവ സ്ഥലത്തെത്തി. ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ടാണ് ഐ.ടി റെയ്ഡ് നടന്നത് എന്നാണ് സൂചന. റോയ് ചിരിയങ്കണ്ടത്ത് ജോസഫ് എന്ന സി.ജെ. റോയ് ബംഗളൂരുവിലാണ് ജനിച്ചു വളര്‍ന്നത്.
ഔദ്യോഗിക ജീവിതത്തിന്‍റെ തുടക്കത്തിൽ ആഗോള സാങ്കേതിക രംഗത്തെ പ്രമുഖരായ ഹ്യൂലറ്റ്-പാക്കാർഡിനൊപ്പം റോയ് ജോലിചെയ്തിരുന്നു. 2006ലാണ് കോൺഫിഡന്‍റ് ഗ്രൂപ് സ്ഥാപിക്കുന്നത്. ക്രമേണ കമ്പനി ബംഗളൂരു, കൊച്ചി, മറ്റ് ഇന്ത്യൻ നഗരങ്ങൾ, ദുബൈ എന്നിവിടങ്ങളിൽ പ്രധാന റിയൽ എസ്റ്റേറ്റ് ഡെവലപറായി വളർന്നു. തുടര്‍ന്ന് അദ്ദേഹം തന്‍റെ ബിസിനസ് ശൃംഖല ഹോട്ടലുകൾ, റിസോർട്ടുകൾ, വിദ്യാഭ്യാസം, വിനോദം എന്നിവയിലേക്ക് വ്യാപിപ്പിച്ചു.
റിയാലിറ്റി ഷോ ആയ സ്റ്റാര്‍ സിങ്ങറിലൂടെയാണ് കോൺഫിഡന്‍റ് ഗ്രൂപ് മലയാളികള്‍ക്ക് സുപരിചിതമാകുന്നത്. കോൺഫിഡന്‍റ് ഗ്രൂപ് ബിഗ് ബോസ് കന്നടയുടെ പതിവ് പ്രധാന സ്പോൺസറായിരുന്നു. അദ്ദേഹത്തിന്‍റെ ഇടപെടലുകളിലൂടെ ബിഗ് ബോസ് മലയാളത്തിലുമെത്തി. സിനിമ നിർമാണരംഗത്തും റോയ് പ്രവർത്തിച്ചിരുന്നു. നാല് സിനിമകൾ സി.ജെ. റോയ് നിർമിച്ചിട്ടുണ്ട്. കാസനോവ, മരക്കാര്‍ എന്നിവ ഇതിൽപെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

