കുമ്പസാരം: ദേശീയ വനിത കമീഷെൻറ ശിപാർശ ന്യൂനപക്ഷ കമീഷൻ തള്ളി
text_fieldsന്യൂഡൽഹി: ലൈംഗിക പീഡനം ഉണ്ടാകുന്ന സാഹചര്യത്തിൽ ക്രൈസ്തവ ദേവാലയങ്ങളിലെ കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിത കമീഷെൻറ ശിപാർശയെ ശക്തമായി എതിർത്ത് ദേശീയ ന്യൂനപക്ഷ കമീഷൻ (എൻ.സി.എം). ക്രിസ്തുമതത്തിൽ കുമ്പസാരം ഒഴിച്ചുകൂടാനാവാത്ത ആചാരമായതിനാൽ അതിൽ ഇടപെടാൻ കഴിയിെല്ലന്ന് കമീഷൻ വ്യക്തമാക്കി.
വനിതകളെ ബ്ലാക്മെയിൽ ചെയ്യുന്നതിന് കുമ്പസാരം ഇടയാക്കുന്ന സാഹചര്യത്തിൽ നിരോധിക്കണമെന്ന ശിപാർശയാണ് വനിത കമീഷൻ അധ്യക്ഷ രേഖ ശർമ കേന്ദ്രസർക്കാറിന് നൽകിയത്. കേരളത്തിൽ ഒാർത്തഡോക്സ് വിഭാഗത്തിലെ നാല് പുരോഹിതന്മാർക്കെതിരെ ഭർതൃമതിയുടെ പരാതി പരിഗണിച്ചാണ് വനിത കമീഷൻ ശിപാർശയുമായി കേന്ദ്രത്തെ സമീപിച്ചത്. ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി.
ദേശീയ വനിത കമീഷൻ അധ്യക്ഷയുടെ ശിപാർശ തള്ളുക മാത്രമല്ല ശക്തിയുക്തം എതിർക്കുകയും ചെയ്യുന്നതായി ന്യൂനപക്ഷ കമീഷൻ ചെയർമാൻ സയ്യിദ് ഖൈറുൽ ഹസൻ റിസ്വി പറഞ്ഞു. മതവിശ്വാസത്തിെൻറ ഭാഗമായതിനാൽ കുമ്പസാരം നിരോധിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ക്രൈസ്തവ ദേവാലയങ്ങളിൽ വനിതകൾക്കെതിരായ ലൈംഗിക പീഡനങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ന്യൂനപക്ഷ കമീഷൻ സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ റിപ്പോർട്ട് പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി, വനിത ശിശുക്ഷേമ മന്ത്രി, കേരള, പഞ്ചാബ് ഡി.ജി.പിമാർ എന്നിവർക്ക് കൈമാറിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
