ദക്ഷിണേന്ത്യയിൽ ലോക്സഭ സീറ്റുകൾ കുറയുമോ? മണ്ഡല പുനർനിർണയത്തിൽ വിവാദച്ചൂട്
text_fieldsന്യൂഡൽഹി: ഉത്തരേന്ത്യയിൽ ലോക്സഭ സീറ്റുകളുടെ എണ്ണത്തിൽ വൻ വർധനയും ദക്ഷിണേന്ത്യയിൽ ക്രമാതീതമായ കുറവുമുണ്ടാക്കുമെന്ന ആശങ്ക കൂടുതൽ സംസ്ഥാനങ്ങൾ ഏറ്റുപിടിച്ചതോടെ മണ്ഡല പുനർനിർണയ വിവാദം കത്തിപ്പടരുന്നു. വിഷയം ചർച്ച ചെയ്യാൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സർവകക്ഷി യോഗം വിളിച്ചതിന് പിന്നാലെയാണ് തെലങ്കാനയും കർണാടകയും ഇക്കാര്യം ഏറ്റുപിടിച്ചത്.ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് നിലവിലെ മണ്ഡലങ്ങളിൽ ഒരു കുറവുമുണ്ടാകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് ഇതിനെ തുടർന്ന് വ്യക്തമാക്കേണ്ടി വന്നിരിക്കുകയാണ്.
അടുത്ത സെൻസസിനുശേഷം മണ്ഡല പുനർനിർണയം നടത്തിയാലും ഒരു ദക്ഷിണേന്ത്യൻ സംസ്ഥാനത്തിന്റെയും ലോക്സഭ സീറ്റുകളിൽ കുറവ് വരില്ലെന്ന് പ്രധാനമന്ത്രി വ്യക്തത വരുത്തിയിട്ടുണ്ടെന്നാണ് അമിത് ഷാ പറഞ്ഞത്. അതേസമയം, ജനസംഖ്യ കൂടുതലുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ ലോക്സഭ മണ്ഡലങ്ങൾ വർധിപ്പിക്കില്ലെന്ന് പറഞ്ഞിട്ടില്ല.
പുതിയ വിദ്യാഭ്യാസ നയത്തിൽ ത്രിഭാഷ പദ്ധതിയിലൂടെ ഹിന്ദി അടിച്ചേൽപിക്കുകയാണെന്ന പ്രചാരണം തമിഴ്നാട്ടിൽ ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയതിന് പിന്നാലെയാണ് മണ്ഡല പുനർനിർണയ വിഷയവും ഡി.എം.കെ സജീവ ചർച്ചയാക്കിയത്. 2026 തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ കണ്ണുവെച്ചാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നീക്കം. ഇതിനായി മാർച്ച് അഞ്ചിന് സർവകക്ഷിയോഗം വിളിക്കുകയും ചെയ്തു. മണ്ഡല പുനർനിർണയത്തിന്റെ പ്രത്യാഘാതങ്ങൾ പഠിക്കാനാണ് സർവകക്ഷി യോഗം.
പിന്തുണ പ്രഖ്യാപിച്ച് തെലങ്കാന ഭരിക്കുന്ന കോൺഗ്രസും പ്രതിപക്ഷമായ ബി.ആർ.എസും രംഗത്തുവന്നു. അതോടെ, തമിഴ്നാട്ടിൽനിന്ന് വിവാദം തെലങ്കാനയിലേക്ക് കത്തിപ്പടർന്നു. കുടുംബാസൂത്രണത്തിൽ സഹകരിച്ച് ജനന നിരക്ക് നിയന്ത്രണത്തിലാക്കിയതിന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ വിലയൊടുക്കേണ്ടിവരുന്നത് അനുവദിക്കില്ലെന്നുപറഞ്ഞ് ബി.ആർ.എസ് കോൺഗ്രസിനേക്കാൾ വർധിത വീര്യത്തിലാണ്. ഓരോ സംസ്ഥാനവും കേന്ദ്രത്തിന് നൽകുന്ന ധനവിഹിതത്തിന് ആനുപാതികമായിരിക്കണം മണ്ഡല പുനർനിർണയമെന്ന നിർദേശവും മുന്നോട്ടുവെച്ചിട്ടുണ്ട്. കർണാടകയിലെ കോൺഗ്രസ് സർക്കാറും വിഷയം ഏറ്റെടുത്തു.
മാനദണ്ഡം എന്തെന്ന് പറയാതെ ബി.ജെ.പി
ലോക്സഭ മണ്ഡല പുനർനിർണയം ആനുപാതികമാകും (പ്രോറേറ്റ) എന്നാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആശങ്കക്ക് ബി.ജെ.പി ആകെ നൽകുന്ന മറുപടി. എന്നാൽ, ഏതൊക്കെയാണ് മാനദണ്ഡമാക്കുന്ന ആ ഘടകങ്ങൾ എന്ന് പറയുന്നുമില്ല. ജനസംഖ്യ മാത്രമായിരിക്കില്ല ഘടകമെന്ന് പറയുമ്പോൾ അതും ഒരു ഘടകമായിരിക്കുമെന്നും മറ്റു ചിലതുകൂടിയുണ്ടാകുമെന്നുമാണ് അർഥം. ഇത് എന്തൊക്കെയാണെന്ന് വ്യക്തമാക്കുന്നതു വരെ പ്രതിഷേധം ശക്തിപ്പെടാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

