Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പോരാട്ടം ശക്തമാക്കാന്‍ പ്രതിപക്ഷം; ഇന്ന് കൂടുതൽ എം.പിമാർ തെരുവിലേക്ക്, രാഷ്ട്രപതിയെ കാണാന്‍ നീക്കം

text_fields
bookmark_border
പോരാട്ടം ശക്തമാക്കാന്‍ പ്രതിപക്ഷം; ഇന്ന് കൂടുതൽ എം.പിമാർ തെരുവിലേക്ക്, രാഷ്ട്രപതിയെ കാണാന്‍ നീക്കം
cancel
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ തുടരുന്ന പ്രതിഷേധം ശക്തമാക്കാൻ ഇൻഡ്യ സഖ്യം. ജന്തർ മന്തറിലേക്കുള്ള പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞതിനു പിന്നാലെ, കൂടുതൽ എം.പിമാരെ അണിനിരത്തി സമരം ശക്തമാക്കുന്നതിനൊപ്പം രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കാണാനും പ്രതിപക്ഷം ശ്രമം തുടങ്ങിയിട്ടുണ്ട്.

ബുധനാഴ്ച ജന്തർ മന്തറിലേക്ക് പ്രതിഷേധിച്ച പ്രതിപക്ഷ നേതാക്കളെ പൊലീസ് തടഞ്ഞിരുന്നു. തുടർന്ന് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ വണ്ടിയിൽ നിന്ന് പുറത്തിറങ്ങി റോഡിൽ ഇരുന്ന് പ്രതിഷേധിച്ചു. പിന്നാലെ നിരവധി പ്രതിപക്ഷ നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

അതേസമയം, പ്രതിഷേധത്തിനൊപ്പം രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കാണാനും ഇൻഡ്യ സഖ്യം നീക്കം നടത്തുന്നുണ്ട്. 15 പ്രതിപക്ഷ നേതാക്കൾ ഉൾപ്പെടുന്ന സംഘത്തിന് കൂടിക്കാഴ്ചയ്ക്ക് സമയം ആവശ്യപ്പെട്ടിരുന്നെങ്കിലും 10 പേർക്കാണ് അനുമതി ലഭിച്ചതെന്നാണ് റിപ്പോർട്ട്. തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി സംഘത്തിൽ ഉണ്ടാകുമെന്നാണ് വിവരം. രാഷ്ട്രപതി ഭവന്‍റെ നിർദേശം ഇന്ന് ചർച്ച ചെയ്യുമെന്നും കോൺഗ്രസ് നേതാക്കൾ അറിയിച്ചു.

അസാധാരണ പ്രക്ഷോഭത്തിനാണ് ബുധനാഴ്ച രാജ്യതലസ്ഥാനം സാക്ഷ്യം വഹിച്ചത്. കൊണാട്ട് പ്ലേസിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇൻഡ്യ മുന്നണി എം.പിമാർക്ക് നടത്തിയ ഉച്ചഭക്ഷണ വിരുന്നിന് പിന്നാലെ അപ്രതീക്ഷിത സമരത്തിലേക്ക് കടക്കുകയായിരുന്നു.

പ്രതിഷേധം ഉണ്ടാകുമെന്ന് എം.പിമാർക്ക് നേരത്തെ അറിയാമായിരുന്നെങ്കിലും എവിടെയെന്നത് രാഹുലും ഖാർഗെയും സസ്പെൻസ് ആക്കിവെച്ചു. ഭക്ഷണത്തിനു ശേഷം ജന്തർമന്തറിലേക്ക് പോകാൻ രാഹുൽ ആവശ്യപ്പെട്ടു. ഇതിനായി പ്രത്യേകം ബസുകളും തയാറാക്കി. ജന്തർമന്തറിലേക്കുള്ള സൻസദ് മാർഗ് പൊലീസ് അടച്ചതോടെ മറ്റൊരു റോഡിലൂടെ എം.പിമാർ അവിടേക്ക് നീങ്ങി.

പൊലീസ് ആ വഴിയും അടച്ചതോടെ ബസിൽ നിന്നിറങ്ങി പ്രവർത്തകർക്കൊപ്പം രാഹുൽ പൊലീസ് തടസ്സം ഭേദിക്കാൻ ശ്രമം നടത്തി. പ്രിയങ്കയും വനിതാ എം.പിമാരും റോഡിൽ കിടന്ന് പ്രതിഷേധിച്ചു. ഇതോടെ പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കാൻ തുടങ്ങി. രാഹുലിനെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ ഷാഫി പറമ്പിൽ എം.പിക്ക് പരിക്കേറ്റു.

സമരത്തെ അതിക്രൂരമായാണ് പൊലീസ് നേരിട്ടത്. രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും എം.പിമാരെയും പൊലീസ് റോഡിലൂടെ വലിച്ചിഴച്ച് ബസിൽ കയറ്റി കസ്റ്റഡിയിലെടുത്തു. രാഹുലിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയ വാഹനം പ്രവർത്തകർ അടിച്ചു തകർത്തു. കെ.സി വേണുഗോപാൽ, സന്തോഷ് കുമാർ, എ.എ റഹീം എന്നിവരും ഈ വാഹനത്തിൽ ഉണ്ടായിരുന്നു. ഇവിടേക്ക് ഓടിയെത്തിയ പ്രവർത്തകർ ചില്ല് അടിച്ചു തകർക്കുകയും കാറ്റഴിച്ചുവിടുകയും ചെയ്തു. കൂടുതൽ പൊലീസെത്തി വകഞ്ഞുമാറ്റി കുറച്ചുദൂരം മുന്നോട്ട് എത്തിച്ചു.

മറ്റൊരു വാഹനം എത്തിച്ചാണ് പൊലീസ് രാഹുലിനെ പാർലമെന്റ് സ്ട്രീറ്റ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. ഇവിടേക്ക് എത്തിയ വി.ഡി. സതീശനെ അകത്തേക്ക് കയറ്റിവിട്ടില്ല. എം.പിമാർ പ്രതിഷേധിക്കുകയും അറസ്റ്റ് ചെയ്യാൻ മുഖ്യമന്ത്രി വെല്ലുവിളിക്കുകയും ചെയ്തതോടെയാണ് കയറ്റിവിട്ടത്. പുറത്ത് പ്രവർത്തകർ തടിച്ചുകൂടുകയും സംഘർഷം കനക്കുകയും ചെയ്തതോടെ എട്ടുമണിക്ക് രാഹുലിനെ വിട്ടയക്കുകയായിരുന്നു. നേതാക്കളുടെ കസ്റ്റഡിക്ക് പിന്നാലെ പൊലീസുമായി കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി. രാത്രി എട്ടുമണിയോടെ രാഹുൽ ഗാന്ധിയെ വിട്ടയച്ചതോടെയാണ് സംഘർഷത്തിന് അയവുവന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Best Digital Marketing Strategies Today
Next Story