രാംദേവിനെതിരായ പരാതികൾ ‘സ്പോൺസർ’ ചെയ്തതെന്ന്; കേസിൽ അന്തിമ റിപ്പോർട്ട് സമർപിച്ചതായി കേന്ദ്രം സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: കോവിഡ് മഹാമാരിയുടെ സമയത്ത് അലോപ്പതി മരുന്നുകളുടെ ഉപയോഗത്തിനെതിരെ ബാബാ രാംദേവ് നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ പൊലീസ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചതായി കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.
ജസ്റ്റിസ് എം.എം.സുന്ദരേഷ്, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിലെത്തിയ കേസിൽ, സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഇക്കാര്യം അറിയിച്ചത്. രാംദേവിനെതിരായ പരാതികൾ ചില തൽപര ഗ്രൂപ്പുകൾ ‘സ്പോൺസർ’ ചെയ്തതായി തോന്നുന്നുവെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബെഞ്ചിനോട് പറഞ്ഞു.
പകർച്ചവ്യാധി സമയത്ത് അലോപ്പതി മരുന്നുകളുടെ ഉപയോഗത്തിനെതിരായ രാംദേവിന്റെ പരാമർശങ്ങൾക്കെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ 2021ൽ ബിഹാറിലും ഛത്തീസ്ഗഢിലും പരാതികൾ നൽകിയിരുന്നു. രാംദേവിന്റെ പരാമർശങ്ങൾ കോവിഡ് നിയന്ത്രണ സംവിധാനത്തിന് ദോഷം വരുത്തുമെന്നും ശരിയായ ചികിത്സ ലഭിക്കുന്നതിൽ നിന്ന് ആളുകളെ പിന്തിരിപ്പിക്കുന്നുവെന്നും ഐ.എം.എ ആരോപിച്ചു. ഐ.പി.സിയിലെ വിവിധ വ്യവസ്ഥകളും 2005ലെ ദുരന്തനിവാരണ നിയമവും പ്രകാരമാണ് രാംദേവിനെതിരെ കേസെടുത്തത്. കേസിൽ കേന്ദ്രസർക്കാർ, ബിഹാർ, ഛത്തിസ്ഗഢ്, ഐ.എം.എ എന്നിവയെ കക്ഷിചേർത്തു.
രാംദേവ് അലോപ്പതിയെ അപമാനിച്ചുവെന്നും വാക്സിനുകളും ചികിത്സാ പ്രോട്ടോക്കോളുകളും അവഗണിക്കാൻ ആളുകളെ പ്രേരിപ്പിച്ചുവെന്നും ആരോപിച്ച് ഡൽഹി മെഡിക്കൽ അസോസിയേഷനും കേസിൽ കക്ഷിയാകാൻ അനുമതി തേടി. രാംദേവിന്റെ പതഞ്ജലി, യോഗ്യതയുള്ള അതോറിറ്റി അംഗീകരിക്കാത്ത ‘കൊറോണിൽ’ കിറ്റുകൾ വിറ്റ് 1,000 കോടി രൂപയിലധികം സമ്പാദിച്ചുവെന്നും അസോസിയേഷൻ അവകാശപ്പെട്ടു.
കോവിഡ് പാൻഡെമിക് സമയത്ത്, ഡോക്ടർമാർ സ്വീകരിച്ച ചികിത്സാ രീതികളെ രാംദേവ് വിമർശിക്കുന്ന ഒരു വിഡിയോ വൈറലായിരുന്നു. അലോപ്പതി മരുന്നുകൾ കഴിച്ചതിനു ശേഷം ലക്ഷക്കണക്കിന് ആളുകൾ മരിച്ചുവെന്ന് അവകാശപ്പെടുന്നത് ക്ലിപ്പിൽ കേൾക്കാമായിരുന്നു.
പിന്നീട് രാംദേവ് തന്റെ പ്രസ്താവന പിൻവലിച്ചതായി റിപ്പോർട്ടുണ്ടെങ്കിലും വിവാദ പരാമർശങ്ങൾ നിരവധി ക്രിമിനൽ നടപടികൾ ആരംഭിക്കുന്നതിലേക്ക് നയിച്ചു. വ്യക്തിപരവും രാഷ്ട്രീയവുമായ താൽപര്യങ്ങളാണ് ഇതിന്റെയെല്ലാം പിന്നിലെന്ന് ആരോപിച്ച് എഫ്.ഐ.ആറുകൾ റദ്ദാക്കാൻ രാംദേവ് സുപ്രീംകോടതിയെ സമീപിച്ചു.
എന്നാൽ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സമർപ്പിച്ച ഹരജി പരിഗണിക്കുന്നതിനിടെ ആധുനിക വൈദ്യശാസ്ത്ര സംവിധാനങ്ങളെ അവഹേളിക്കുന്ന പരാമർശങ്ങൾക്ക് സുപ്രീംകോടതി രാംദേവിനെ രൂക്ഷമായി വിമർശിച്ചു. അലോപ്പതിയെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾ ഉന്നയിക്കുന്നതിൽ നിന്ന് ‘യോഗ ഗുരു’ വിട്ടുനിൽക്കണമെന്ന് ഡൽഹി ഹൈകോടതിയും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

