ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെയും ഹൈകോടതികളിലെയും ജഡ്ജിമാര്‍ക്കെതിരെ കഴിഞ്ഞ രണ്ടര വര്‍ഷത്തിനുള്ളിൽ 500ലേറെ പരാതി ലഭിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതില്‍ 122 പരാതികളും സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് എതിരെയായിരുന്നു. പരാതികളിൽ എന്തെങ്കിലും നടപടി സ്വീകരിച്ചതായി ചീഫ് ജസ്റ്റിസുമാർ അറിയിച്ചിട്ടില്ലെന്നും കേന്ദ്ര നിയമ മന്ത്രാലയം വ്യക്തമാക്കി.
സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെയും മുന്‍ ചീഫ് ജസ്റ്റിസുമാരെയും വിമര്‍ശിച്ചതിന് മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന് പ്രശാന്ത് ഭൂഷണ് കോടതിയലക്ഷ്യത്തിന് കുറ്റക്കാരനാണെന്ന വിവാദ വിധിക്ക് പിറകെയാണ് കേന്ദ്രത്തിെൻറ വെളിപ്പെടുത്തല്‍.
2018 ജനുവരി മുതല്‍ ഇതുവരെ സുപ്രീംകോടതിയിലെയും ഹൈകോടതിയിലെയും 543 ജഡ്ജിമാര്‍ക്കെതിരെ വിവിധ തരത്തിലുള്ള പരാതികള്‍ ലഭിച്ചുവെന്ന് കേന്ദ്ര നിയമ മന്ത്രാലയം അറിയിച്ചു. അതില്‍ 122 പരാതികള്‍ സുപ്രീംകോടതി ജഡ്ജിമാര്‍ക്കും 412 എണ്ണം വിവിധ ഹൈകോടതി ജഡ്ജിമാര്‍ക്കും എതിരായിരുന്നു.